തൊഴിലുടമകള്‍ അവരുടെ തൊഴില്‍ പരസ്യങ്ങളിലൂടെ ജീവനക്കാരെ കണ്ടെത്തുക എന്നത് സര്‍വ സാധാരണമായ കാര്യമാണല്ലൊ. ഉദ്യോഗാര്‍ഥികള്‍ ഇത്തരം പരസ്യങ്ങള്‍ക്ക് മറുപടി നല്‍കി അഭിമുഖങ്ങളില്‍ പങ്കെടുക്കുകയാണ് പതിവ് രീതി.

എന്നാല്‍ ഗുജറാത്തിലെ ഒരു സ്കൂള്‍ അവരുടെ ഗണിത അധ്യാപകരെ തേടി നല്‍കിയ പരസ്യം അല്‍പം വ്യത്യസ്തമായിരുന്നു. പരസ്യം വേറിട്ടുനില്‍ക്കുന്നത് അതില്‍ വിളിക്കാനുള്ള നമ്പറൊന്നും ഉള്‍പ്പെടുത്താത്തതിനാലാണ്.

പരസ്യത്തില്‍ കോണ്‍ടാക്റ്റ് നമ്പറിന് പകരം ഒരു സമവാക്യം ആണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ഈ ഗണിത പ്രശ്നം പരിഹരിക്കണം. ഇതില്‍നിന്ന് മാത്രമാണ് അപേക്ഷിക്കേണ്ട മൊബെെല്‍ നമ്പര്‍ കണ്ടെത്താനാകൂ.

രസകരമായ ഈ പരസ്യം ബിസിനസ് വ്യവസായി ഹര്‍ഷ് ഗോയങ്കയാണ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചത്. നെറ്റിസണില്‍ വൈറലായി മാറിയ ഈ ട്വീറ്റിന് നിരവധി കമന്‍റുകള്‍ ലഭിക്കുകയുണ്ടായി. "മിടുക്കനായ റിക്രൂട്ടര്‍ക്ക് ഒരു മിടുക്കനായ ജീവനക്കാരനെ ലഭിക്കുമെന്ന് ഉറപ്പാണ്" എന്നാണൊരു ഉപയോക്താവ് കുറിച്ചിരിക്കുന്നത്.