പുഷ്അപ്പൊക്കെ പ്രേമിനു പുഷ്പമാണ്! മറയൂർ സ്വദേശി സ്വന്തമാക്കിയത് ഇന്റർനാഷണൽ റിക്കാർഡ്
Friday, October 29, 2021 12:39 PM IST
മറയൂരിനു സമീപം ലക്കം സ്വദേശിയായ പ്രേം ആനന്ദ് (29) മുപ്പതു സെക്കൻഡിൽ 71 പുഷ് അപ്പ് എടുത്തു ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടി. മുൻ റിക്കാർഡ് ഹോൾഡറായ അബ്ദുൾ റഹിമിന്റെ റിക്കാർഡ് ഭേദിച്ചാണ് പ്രേമാനന്ദ് നാടിന് അഭിമാനമായത്. 30 സെക്കൻഡിൽ 36 പുഷ് അപ്പായിരുന്നു മുൻ റിക്കാർഡ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കായിക രംഗത്ത് സജീവമായ പ്രേം ആനന്ദ് തലയാറിലെ തോട്ടം തൊഴിലാളികളായ ഗണേശന്റെയും പളനിയമ്മയുടെയും മകനാണ്. ഗവണ്മെന്റ് എൽപി സ്കൂൾ വാകുവരൈ, ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ വാകുവരൈ, ഐടിഐ സ്കൂൾ മണക്കാട്, ഗവണ്മെന്റ് എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളജ് കോയന്പത്തൂർ എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രേം ആനന്ദ് മേജർ രവിയുടെ നാഷണൽ അക്കാദമി ഓഫ് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് (എൻഎപിടി), ഡൽഹി എയർഫോഴ്സ് എന്നിവിടങ്ങളിൽനിന്ന് പരിശീലനം നേടിയിട്ടുണ്ട്.
ഡൽഹി എയർഫോഴ്സിലെ സുഹൃത്തുക്കൾ, തമിഴ്നാട് തിരിച്ചിയിലെ കോച്ച് മുനിയാണ്ടി, മൂന്നാറിലെ കോച്ച് കണ്ണൻ, മൂന്നാർ സ്പോർട്സ് ക്ലബിലെ സെൽവകുമാർ എന്നിവരാണ് താൻ ഇന്റർനാഷണൽ വേൾഡ് ഓഫ് റിക്കാർഡ്സിൽ ഇടംനേടാൻ കാരണമെന്ന് പ്രേം ആനന്ദ് പറഞ്ഞു.
മറ്റു കായികയിനങ്ങൾക്കൊപ്പംതന്നെ ബോക്സിംഗും മാർഷ്യൽ ആർട്സും അഭ്യസിക്കുന്ന പ്രേം ആനന്ദ്, പരിശീലനങ്ങളും സഹായങ്ങളും ലഭ്യമാകാത്ത തോട്ടം മേഖലയിലെ കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകുന്നുണ്ട്.
ഗിന്നസ് വേൾഡ് ഓഫ് റിക്കാർഡ്സിലെ ഒരു മിനിറ്റിന്റെ നക്ക്ൾ പുഷ് അപ്പിൽ എളുപ്പത്തിൽ ഭേദിക്കാനാവാത്തവിധം റിക്കാർഡ് സൃഷ്ടിക്കുക എന്നതാണ് പ്രേം ആനന്ദിന്റെ അടുത്ത ലക്ഷ്യം.