അമ്മച്ചി ചില്ലറക്കാരിയല്ല! വെള്ളമടിച്ച് വൃദ്ധയ്ക്കു മുന്നിൽ പരാക്രമം കാട്ടിയയാൾ ഒടുവിൽ ജീവനുംകൊണ്ട് രക്ഷപെട്ടു
Saturday, October 10, 2020 7:59 PM IST
കാക്കക്കുയിൽ എന്ന സിനിമയിൽ രസകരമായ ഒരു മോഷണശ്രമുണ്ട്. കണ്ണു കാണാൻ വയ്യാത്ത, പ്രായമായ വൃദ്ധൻ താമസിക്കുന്ന മുറിയിൽ വളരെ എളുപ്പം മോഷണം നടത്താമെന്ന് കരുതി ചെല്ലുന്ന രണ്ടുപേർ. പക്ഷെ അവരുടെ കണക്കുകൂട്ടൽ തെറ്റുന്നു.
കണ്ണുകാണത്തില്ലെങ്കിലും, പ്രായമായെങ്കിലും ശബ്ദംകേട്ട ഭാഗത്തേക്ക് കൃത്യമായി കത്തിയെറിയുന്ന വൃദ്ധനെയാണ് അവിടെ അവർക്ക് നേരിടേണ്ടി വന്നത്. പണിപാളിയെന്ന് മനസിലായതോടെ ഇരുവരും ഒരുവിധത്തിൽ അവിടെനിന്ന് രക്ഷപ്പെടുന്നു. "കിളവൻ കളരിയാണെന്ന തോന്നുന്നേ ' എന്നൊരു ഡയലോഗും അവിടെ പറയുന്നുണ്ട്. ഏതാണ്ട് സമാനമായ അനുഭവവും ഡയലോഗുമാണ് കലിഫോർണിയക്കാരനായ ഡൊണൾഡ് റോബർട്ടും നേരിട്ടത്.
കളി കാര്യമായി
സംഭവമിങ്ങനെയാണ്- കാലിഫോർണിയയിലെ ഫോണ്ടാന അപ്പാർട്ട്മെന്റിലാണ് 59-കാരനായ ഡൊണൾഡിന്റെ താമസം. അവിടുത്തെ താമസക്കാർക്ക് അത്യാവശ്യം സഹായങ്ങളൊക്കെ ചെയ്താണ് അയാൾ അവിടെ കഴിഞ്ഞിരുന്നത്. പക്ഷെ ഡൊണൾഡിന് ഒരു പ്രശ്നമുണ്ട്. അൽപം മദ്യപിക്കും. അല്പമല്ല, കുറച്ച് അധികം മദ്യപിക്കും.
ഒരു ദിവസം മദ്യപിച്ച് ഫോമിലായ ഡൊണൾഡ് ഒരു അതിക്രമത്തിന് മുതിർന്നു. അപ്പാർട്ട്മെന്റിലെ താമസക്കാരിയായ എൺപത്തിരണ്ടുകാരിയുടെ ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറി. ഇയാളെ കണ്ട് അവർ അലറിവിളിച്ചു. ആ നിലവിളി അതേ അപ്പാർട്ട്മെന്റിലെ താമസക്കാരിയായ 64 വയസുള്ള ലോറെൻസ മരുജോയുടെ ചെവിയിലുമെത്തി.
സുഹൃത്തിന്റെ നിലവിളി കേട്ട് മാരുജോ സംഭവസ്ഥലത്തേക്ക് ഓടി എത്തി.നാലടി പത്തിഞ്ച് മാത്രം ഉയരമുള്ള മാരുജോയെ കണ്ട് അഞ്ചടി ഒമ്പതിഞ്ചുള്ള ഡൊണൾഡിന് പുച്ഛമാണ് തോന്നിയത്. പക്ഷെ ആ ഭാവം അധിക സമയം നീണ്ടുനിന്നില്ല.

ഞെട്ടിക്കുന്ന കാഴ്ച
പോലീസെത്തുന്പോൾ കാണുന്നത് ഡൊണൾഡിന്റെ നെഞ്ചിലാണ് മാരുജോയുടെ ഒരു കാൽ. മറ്റേക്കാൽ അയാളുടെ കഴുത്തിലും. മാരുജോ പഴയ ബ്ലാക്ക് ബെൽറ്റുകാരിയാണെന്ന് ഡൊണൾഡിന് മാത്രമല്ല, ആ അപ്പാർട്ട്മെന്റിലുള്ള ആളുകളിൽ അധികം പേർക്കും അറിയില്ലായിരുന്നു.
45 കിലോഗ്രാം ഭാരവുമുള്ള മാരുജോ 77 കിലോ ഭാരവുമുള്ള ഡൊണൾഡിനെ മലർത്തിയടിച്ചു. വേദനകൊണ്ട് ഡൊണൾഡ് നിലവിളിക്കുകയായിരുന്നെന്നാണ് മാരുജോ പറയുന്നത്.
ഒരു കാലത്ത് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന മരുജോ ആത്മരക്ഷക്കായിട്ടാണ് ആയോധനകല പരിശീലിച്ചത്. "ലേഡി നിൻജ' എന്നാണ് മാരുജോ ഇപ്പോൾ അപ്പാർട്ട്മെന്റിൽ അറിയപ്പെടുന്നത്.