"മുടി ചൂടിയ മന്നന്‍'; ഈ സിംഹത്തിന്‍റേത് കൗതുകകരമായ കേശാലങ്കാരം
Wednesday, June 1, 2022 12:27 PM IST
സിംഹത്തിന്‍റെ അഴകുതന്നെ അതിന്‍റെ സടയാണല്ലൊ. എന്നാല്‍ അതിലൊരു വ്യത്യസ്തയുണ്ടായാല്‍ വലിയ കൗതുകമായി തീരും എന്നാണ് ചൈനയിലെ ഒരു സിംഹം ഇപ്പോള്‍ തെളിയിക്കുന്നത്.
ഹാംഗ് ഹാംഗ് എന്നു പേരുള്ള ഈ സിംഹം ചൈനയിലെ ഗ്വുവാന്‍ഷു മൃഗശാലയിലാണുള്ളത്. സാധാരണയുള്ള സടയും അതിനോട് ചേര്‍ന്നുള്ള മുള്ളറ്റ് ശൈലിയിലെ തലമുടിയുമാണ് ഹാംഗിനെ വേറിട്ട് നിര്‍ത്തുന്നത്. സ്വര്‍ണ നിറത്തിലുള്ള മിനുസമുള്ള മുടിയോടെ നില്‍ക്കുന്ന ഈ സിംഹം കാഴ്ചക്കാര്‍ക്ക് പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുകയാണിപ്പോള്‍.
എന്നാല്‍ മൃഗശാലയിലെ ജീവനക്കാര്‍ മനഃപൂര്‍വം ഇത്തരത്തില്‍ തലമുടി രൂപമാറ്റം വരുത്തിയതാണെന്നാണ് ചിലര്‍ പറയുന്നത്. പക്ഷെ തങ്ങള്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ഇത് പ്രകൃതിദത്തമായി സംഭവിച്ചതാണെന്നും ജീവനക്കാര്‍ മറുപടി നല്‍കുന്നു. തെക്കന്‍ ചൈനയിലെ കാലാവസ്ഥ മാറ്റവും ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പൂച്ചയെ പോലെ തന്‍റെ മുന്‍കാലുകള്‍ നക്കിയശേഷം ഹാംഗ് തന്നെ തലമുടിയില്‍ മിനുസം വരുത്താറുണ്ടെന്നും അവര്‍ പറയുന്നു.
മേയ് 29നാണ് ഒരു മൃഗശാല ജീവനക്കാരന്‍ ഹാംഗിന്‍റെ കൗതുകകരമായ കേശാലങ്കാര ശൈലി കണ്ടത്. ജീവനക്കാരന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇട്ടതോടെ ഹാംഗിന്‍റെ വാര്‍ത്ത വൈറലായി മാറി. അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ "ടൈഗര്‍ കിംഗ്’ ജോ എക്സോട്ടിക്കിന്‍റെ തലമുടി രീതിയുമായാണ് ഹാംഗിന്‍റെ മുടിയെ കാഴ്ചക്കാരിപ്പോള്‍ താരമത്യം ചെയ്യുന്നത്.