ഇറ്റലിയില്‍ 3000 വര്‍ഷം പഴക്കമുള്ള വെങ്കല കാലത്തെ പ്രതിമകള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പ്രതിമകള്‍ ബിസി 850 750 കാലഘട്ടത്തിലുള്ളതെന്നാണ് വിദഗ്ധരുടെ നിഗമനം.

ഇറ്റലിയിലെ ദ്വീപുകളില്‍ ഒന്നായ സര്‍ദീനിയയിലെ കാബ്രാസ് എന്ന ചെറുപട്ടണത്തിലുള്ള ഒരു ശ്മശാനത്തില്‍ നടത്തിയ ഖനനത്തില്‍ നിന്നാണ് പ്രതിമകള്‍ ലഭിച്ചത്.

മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍നിന്ന് ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കമുള്ള മനുഷ്യരൂപങ്ങളാണിത്. മുന്‍പ് ഗ്രീക്കില്‍ നിന്നു കണ്ടെത്തിയ കൗറോ പ്രതിമയിലും പഴക്കമുണ്ടിതിന്. എന്നാല്‍ ഈജിപ്ത്തില്‍ നിന്നു കണ്ടെത്തിയിട്ടുള്ള പ്രതിമകളുടെ അത്രയും പഴക്കമില്ല.



മെഡിറ്ററേനിയന്‍ സമീപ പ്രദേശങ്ങളില്‍ നടത്തിയ ഖനനത്തിലൂടെ 2014ല്‍ ലഭിച്ച ബോക്സര്‍ എന്ന പ്രതിമയുമായി പുതിയതായി കണ്ടെത്തിയ ശില്‍പങ്ങള്‍ക്ക് നല്ല സാമ്യം ഉള്ളതായി പുരാവസ്തു ഗവേഷക മോണിക്ക സ്റ്റോച്ചിനൊ പറഞ്ഞു.

ഇതിനോടകം നിരവധി അവശിഷ്ടങ്ങളാണ് ഈ പ്രദേശത്തുനിന്ന് ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞത്. ബിസി പതിനെട്ടാം നൂറ്റാണ്ടുമുതല്‍ സര്‍ദീനിയില്‍ നിലനിന്നിരുന്ന ന്യുറാജിക് സംസ്കാരത്തിന്‍റെ ബാക്കി പത്രങ്ങളാണ് ഈ ശിലകളെന്ന് കരുതപ്പെടുന്നു.

ബിസി 238ല്‍ റോമാ സാമ്രാജ്യത്തിന്‍റെ അധിനിവേശത്തോടെയാണ് ന്യൂറാജിക് സംസ്കാരം ഇല്ലാതായത്.