മരണം തൊട്ടരികെ... ഒടുവിൽ അവർ സ്രാവിനെ വെടിവച്ചു
Saturday, August 29, 2020 7:28 PM IST
ജോലിയുടെ തിരക്കിൽനിന്നും പിരിമുറുക്കങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞ് ആനന്ദകരവും ആഹ്ലാദകരവുമായ ഒരു വിശ്രമവേളയിലാണ് നിങ്ങൾ എന്നു കരുതുക. പെട്ടെന്ന് അത്രയും നേരത്തെ സന്തോഷത്തെ തല്ലിക്കെടുത്തിക്കൊണ്ട് ക്ഷണിക്കപ്പെടാത്തൊരു അതിഥി കടന്നു വന്നാലോ. അതും ഒരു ഭീകരൻ? പിന്നെ എന്താണ് സംഭവിക്കുകയെന്നു പറയേണ്ടതില്ലല്ലോ.
യുഎസ് കോസ്റ്റ് ഗാർഡ് ആയ കട്ടർ കിംബാൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചതും ഇത്തരം ഒരതിഥിയുടെ വിശേഷങ്ങളാണ്. വെള്ളത്തിലെ ഭീകരനിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതാണ് ഈ പോസ്റ്റിലൂടെ വിവരിക്കുന്നത്. ഒരു ഹോളിവുഡ് ചിത്രം കാണുന്ന ആവേശത്തോടെ മാത്രമേ ആ ദിവസത്തെക്കുറിച്ച് ഓർക്കാൻ സാധിക്കുകയുള്ളൂ എന്നു കിംബാൾ പോസ്റ്റിൽ പറയുന്നു.
വളരെ ഉത്സാഹഭരിതമായ ഒരു വിശ്രമവേളയിലായിരുന്നു യുഎസ് നാവിക സേനയിലെ നാൽപതോളം ഉദ്യോഗസ്ഥർ. പസഫിക് സമുദ്രത്തിൽ തന്റെ സുഹൃത്തുക്കൾ നീന്തിത്തുടിക്കുന്നതിനിടയിലാണ് അവർക്കു നേരെ പാഞ്ഞു വന്ന ഭീമൻ സ്രാവ് കട്ടർ കിംബാളിന്റെ കണ്ണിൽപ്പെട്ടത്. എട്ടടിയോളം നീളം വരുന്ന സ്രാവാണ്. മറ്റുള്ളവർ സ്രാവിനെ കണ്ടിട്ടുമില്ല.
വലിയൊരു അപകടം മുന്നിൽക്കണ്ട കിംബാൾ പെട്ടെന്നുതന്നെ തോക്കെടുത്തു സ്രാവിനെ ലക്ഷ്യമിട്ട് സമുദ്രത്തിലേക്ക് വെടിയുതിർത്തു. എന്താണ് സംഭവിക്കുന്നതെന്നു മനസിലാകാതെ നീന്തുകയായിരുന്നവർ ആശങ്കപ്പെട്ടു. എന്നാൽ, അവർ കിംബാളിന്റെ നിർദേശങ്ങൾ അനുസരിച്ചു. ഓരോ വെടി പൊട്ടുന്പോഴും സ്രാവ് ദൂരേക്കു മാറിയെങ്കിലും ജലം ശാന്തമാകുന്നുവെന്നു തോന്നുന്പോൾ നീന്തിക്കൊണ്ടിരുന്നവരെ ലക്ഷ്യമിട്ട് അതു പാഞ്ഞടുത്തു.
കിംബാൾ വീണ്ടും പലതവണ വെടിയുതുർക്കുകയും സ്രാവ് നീന്തി അകലുകയും ചെയ്തു. ഇതു കുറച്ചു നേരം ആവർത്തിച്ചുകൊണ്ടേയിരുന്നു. അതേസമയം, അപകടം മണത്ത് മറ്റ് ഉദ്യോഗസ്ഥർ ഉടൻ കടലിലായിരുന്ന സഹപ്രവർത്തകരെ ഉടൻ ഒരു ബോട്ട് എത്തിച്ച് അതിലേക്കു വലിച്ചുകയറ്റി രക്ഷപ്പെടുത്തി.
ബോട്ടിലേക്കു വലിച്ചുകയറ്റുന്നതിനിടയിൽ ഉദ്യോഗസ്ഥരിൽ ഒരാളായ ബെർക്കിന്റെ കാലിൽ ചെറിയ മുറിവേറ്റു. ഏറ്റവും രസകരമായ സംഗതിയെന്തെന്നാൽ ബെർക്കിന്റെ കാലിൽ വാ തുറന്നിരിക്കുന്ന സ്രാവിന്റെ രൂപം ടാറ്റൂ ചെയ്തിരുന്നു. ഇതിനു കൃത്യം നടുവിലായാണ് മുറിവേറ്റത്.
തലനാരിഴയ്ക്ക് വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസം പങ്കുവച്ചുകൊണ്ടാണ് കിംബാൾ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.