ദുബായിയില്‍ റോള്‍സ് റോയ്സ് കാര്‍ താക്കോലടക്കം വഴിയിലിട്ടാല്‍ സംഭവിക്കുന്നത്; വീഡിയോ
Thursday, June 8, 2023 4:05 PM IST
ഈ ലോകത്ത് മോഷ്ടാക്കള്‍ ഇല്ലാത്ത ഇടം എവിടെയാണ് കാണാനാകുക. കണ്ണൊന്നു തെറ്റിയാല്‍ നമ്മുടെ വില പിടിച്ച സാധനങ്ങള്‍ ഞൊടിയിട കൊണ്ടാണ് ഈ കള്ളന്മാര് കെെക്കലാക്കുക.
അപ്പോള്‍ ഒരു റോള്‍സ് റോയ്സ് കള്ളിനന് കാര്‍ അതിന്റെ ചാവിയടക്കം വഴിയില്‍ കിടന്നാല്‍ എന്തായിരിക്കും സംഭവിക്കുക? മിക്കയിടങ്ങളിലും കാറ് കിടന്നിടത്ത് ടയറിന്റെ പാട് മാത്രമേ ബാക്കി കാണാന്‍ സാധ്യതയുള്ളു.
എന്നാല്‍ ദുബായി നഗരത്തില്‍ ഇത്തരമൊരു കാര്യം ഉണ്ടായപ്പോള്‍ സംഭവിച്ചത് കുറച്ച് വ്യത്യസ്തമായിരുന്നു. അയ്മാന്‍ അല്‍ യമാന്‍ എന്ന യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.
വീഡിയോയില്‍ ഈ യുവാവ് തന്റെ റോള്‍സ് റോയ്സ് കാര്‍ റോഡിലൊരിടത്ത് പാര്‍ക്ക് ചെയ്യുകയാണ്. കാറിന്റെ താക്കോല്‍ വാഹനത്തിനടുത്തായി വയ്ക്കുന്നു. ശേഷം യുവാവ് ജിമ്മിലേക്ക് പോവുകയാണ്.
മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇദ്ദേഹം തിരികെ എത്തുന്നത്. നിരത്തില്‍ നിരവധിയാളുകളെ കാണാനാകും. എന്നാല്‍ കാറും താക്കോലും അതേ സ്ഥാനത്തുതന്നെ കാണാന്‍ കഴിയും. ഒരാള്‍പോലും അതൊന്നു തൊടുകയോ എടുക്കുകയോ ചെയ്തില്ല.
അയ്മാന്‍ താന്‍ കണ്ട ഏറ്റവും സുരക്ഷിത നഗരമാണിതെന്ന് കുറിക്കുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ വേറിട്ട കമന്റുകള്‍ നെറ്റിസണ് നൽകുന്നുണ്ട്. "റോള്‍സ് റോയ്സ് കാറിനൊപ്പം കാമറാമാനെയും പുറത്തു നിര്ത്തിയിരുന്നില്ലേ?' എന്നാണൊരാള്‍ ചോദിച്ചത്.