ചില്ലി പനീറും പനീർ മസാലയും ഓണ്‍ലൈനായി ഓർഡർ ചെയ്തു; ലഭിച്ചത് പ്ലാസ്റ്റിക്
Sunday, January 20, 2019 12:11 PM IST
ഓണ്‍ലൈനിൽ ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്നും ലഭിച്ചത് പ്ലാസ്റ്റിക്ക്. മഹാരാഷ്ട്രയിലെ ഒൗറംഗാബാദ് സ്വദേശിയായ സച്ചിൻ ജംദേർ എന്നയാളാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ മുഖേന ഭക്ഷണം ഓർഡർ ചെയ്തത്.
ചില്ലി പനീർ, പനീർ മസാല എന്നിവയാണ് ഇദ്ദേഹം ഓർഡർ ചെയ്തത്. എന്നാൽ കഴിച്ചു തുടങ്ങിയപ്പോഴാണ് ഭക്ഷണം കഴിക്കുവാൻ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മകൻ പറഞ്ഞത്. തുടർന്ന് സച്ചിൻ ഭക്ഷണം പരിശോധിച്ചപ്പോഴാണ് അത് പ്ലാസ്റ്റിക്കാണെന്ന് മനസിലായത്.
പിന്നീട് ഭക്ഷണം കൊണ്ടു വന്ന റസ്റ്റൊറന്റിലെത്തി കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പരാതി കേൾക്കുവാൻ റസ്റ്റൊറന്റ് അധികൃതർ തയാറായില്ല. മാത്രമല്ല ഭക്ഷണം എത്തിച്ചു നൽകിയ സൊമാറ്റോയിലെ ജീവനക്കാരൻ എന്തെങ്കിലും ചെയ്തതായിരിക്കുമെന്നാണ് സച്ചിന് ലഭിച്ച മറുപടി.
എന്നാൽ പിന്തിരിഞ്ഞു പോകുവാൻ തയാറാകാതിരുന്ന സച്ചിൻ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയെപ്പറ്റി ബോധ്യപ്പെട്ടുവെന്നും. അവർക്ക് ലഭിച്ച ഭക്ഷണം കഴിക്കുവാൻ സാധ്യമല്ലെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഖേദം പ്രകടിപ്പിച്ച് സൊമാറ്റോ കമ്പനി അധികൃതർ രംഗത്തെത്തിയിരുന്നു. മാത്രമല്ല തങ്ങൾ ഭക്ഷണം സ്വീകരിക്കുന്ന റസ്റ്റൊറന്റുകളുടെ പട്ടികയിൽ നിന്നും ഈ റസ്റ്റൊറന്റിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അവർ അറിയിച്ചു.