"നല്ലവനായ സമറായൻ'; മയൂര്‍ ഷെല്ക്കിനെ അഭിനന്ദിച്ച് റെയിൽവേ
Monday, April 19, 2021 8:40 PM IST
റെയില്‍വേ പാളത്തിലേക്ക് വീണ കുഞ്ഞിനെ രക്ഷിച്ച ജീവനക്കാരനെ അഭിനന്ദിച്ച് ഇന്ത്യൻ റെയിൽവേ. അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുമ്പോൾ കുഞ്ഞ് അബദ്ധത്തില്‍ റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം ട്രാക്കിലേക്ക് ട്രെയിൻ എത്തുകയായിരുന്നു. സ്റ്റേഷനില സ്റ്റോപ്പില്ലാത്തതിനാൽ ട്രെയിൻ വേഗത്തിലാണ് എത്തിയത്.
ഈ സമയം റെയിൽവേ ജീവനക്കാരനായ ഒരാൾ പാളത്തിലൂടെ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് എടുത്തുകയറ്റിയതും ജീവനക്കാരന് പ്ലാറ്റ്ഫോമിലേക്ക് ചാടികയറിയതും ട്രെയിന്‍ കടന്നുപോയതും ഒരുമിച്ചായിരുന്നു. ഇന്ത്യന്‍ റെയില്‍വേ ആണ് ഏപ്രില്‍ 17ന് നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
നല്ലവനായ സമറായൻ എന്ന തലക്കെട്ടോടെയായിരുന്നു ട്വീറ്റ്. മുംബൈ വാങ്കണി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. റെയില്‍വേ ജീവനക്കാരനായ മയൂര്‍ ഷെല്ക്കാണ് രക്ഷകനായി എത്തിയത്. നിരവധി പേരാണ് മയൂറിനെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തിരിക്കുന്നത്. മയൂറിനെ വാങ്കണി സ്റ്റേഷനിലെ ജീവനക്കാർ ആദരിച്ചു.