18 വർഷംമുന്പ് 18 കോടി രൂപ ലോട്ടറിയടിച്ചു; ഇന്ന് കൈയിൽ അഞ്ചിന്റെ പൈസയില്ല!
Sunday, March 28, 2021 2:36 PM IST
ജീവിതത്തിൽ ഒരിക്കലെങ്കിലും വലിയ തുകയുടെ ലോട്ടറി അടിക്കണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മളിൽ ചിലരെങ്കിലും. ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചാൽ ജീവിതം സ്വസ്ഥമാകുമെന്നാണ് മിക്കവരുടെയും വിചാരം. പണം ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുകയാണെങ്കിൽ ഒരു ലോട്ടറിയടിച്ചാൽ ജീവിതം മാറിമറിയുകതന്നെ ചെയ്യും. അല്ലെങ്കിൽ ജീവിതം നേരത്തത്തേക്കാൾ കൂടുതൽ പരിതാപകരമാകും. വലിയ തുക ലോട്ടറിയടിച്ച ശേഷം വലിയ കടക്കാരായവർ നമ്മുടെ നാട്ടിലുമുണ്ട്.
പതിനാറാം വയസിൽ 17 കോടി 98 ലക്ഷം ലോട്ടറിയിലൂടെ നേടിയശേഷം ഇപ്പോൾ സർക്കാർ സഹായത്തോടെ ജീവിക്കുന്ന കാലീ റോജേഴ്സ് എന്ന് കംബ്രിയ സ്വദേശിനിയുടെ കഥയാണ് വാർത്തകളിൽ നിറയുന്നത്. കൊക്കെയ്ൻ ഉപയോഗിച്ച നിലയിൽ വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ട ശേഷം കോടതിയിൽ എത്തിയപ്പോഴാണ് കാലീയുടെ ജീവിതകഥ പുറംലോകമറിയുന്നത്. 2003ലാണ് കാലീക്ക് ലോട്ടറി അടിക്കുന്നത്. 18 വർഷത്തിനു ശേഷം ഇപ്പോൾ കൈയിൽ ഒരു രൂപപോലും എടുക്കാനില്ല.

പണം ലഭിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ നിക്കി ലോസൺ എന്ന വ്യക്തിയുമായി പ്രണയബന്ധത്തിലായ കാലീ ഒന്നേമുക്കാൽ കോടിയിലധികം രൂപ വിലവരുന്ന ബംഗ്ലാവ് വാങ്ങി. മാറിടത്തിന്റെ അഴക് വർധിപ്പിക്കാൻ വേണ്ടി 16 ലക്ഷത്തോളം രൂപ ചെലവഴിച്ചു. രണ്ടരക്കോടിയോളം രൂപ സുഹൃത്തുക്കളുമൊത്തുള്ള പാർട്ടികളിൽ ലഹരി വസ്തുക്കൾ വാങ്ങുന്നതിന് മാത്രമായി ചിലവഴിച്ചതായും മുൻപ് കാലീ വെളിപ്പെടുത്തിയിരുന്നു. മൂന്നു കോടിയോളം രൂപ വസ്ത്രങ്ങൾക്കും മേക്കപ്പിനും ടാറ്റു ചെയ്യുവാനുമായി ചെലവഴിച്ചു.

രണ്ടരക്കോടി രൂപയോളം അവധിയാഘോഷിക്കാൻ യുറോപ്പിലും മെക്സിക്കോയിലും പോകുന്നതിനായി മുടക്കി. ബന്ധുക്കൾക്കും സുഹൃത്തുക്കളുമായി ഒന്പത് കോടിയിലധികം രൂപയാണ് കാലീ നൽകിയത്. ഒരു കോടി രൂപയോളം മുടക്കി രണ്ട് ആഢംബര കാറുകളും വാങ്ങി. 33കാരിയായ കാലീ ഇപ്പോൾ നാല് കുട്ടികളുടെ അമ്മയുമാണ്. തന്റെ പണത്തിൽ മാത്രം കണ്ണുനട്ടായിരുന്നു പലരും സുഹൃത്ത് ബന്ധം സ്ഥാപിച്ചത് എന്ന് അറിയാൻ വൈകിയെന്നും കാലീ പറയുന്നു.