പ്രകടനത്തിലൊതുക്കുന്ന ഭരണകൂട മേയ്ദിനം
Thursday, May 1, 2025 12:00 AM IST
ഷിക്കാഗോ സ്മരണയുടെ മേയ്ദിന പ്രസംഗങ്ങളെല്ലാം മനംപുരട്ടലുണ്ടാക്കുന്നു. കാരണം, 250 രൂപ ദിവസക്കൂലിക്കു പണിയെടുക്കുന്നവരെ തലസ്ഥാനത്തു ദയാവധത്തിനു കിടത്തിയിരിക്കുന്നവരാണ് പ്രസംഗിക്കാൻ വന്നിരിക്കുന്നത്.
പിടയുന്ന തൊഴിലാളികളിൽനിന്നു കാലെടുക്കാതെ ഇൻക്വിലാബിനുവേണ്ടി മുഷ്ടി ചുരുട്ടുന്ന മുതലാളിമാരുടേതല്ല മേയ് ദിനം; അവർ അവരെത്തന്നെ വിളിക്കുന്നത് തൊഴിലാളിവർഗമെന്നാണെങ്കിലും ആർജിച്ചതെല്ലാം തൊഴിലാളിയുടെ പേരിലാണെങ്കിലും.
മേയ്ദിനം സമുചിതമായി ആഘോഷിക്കണമെന്നു പറയുന്നവർ ഷിക്കാഗോയിലെ തൊഴിലാളിസമരമാണ് ഉദ്ദേശിച്ചത്, തിരുവനന്തപുരത്തെ ആശാ സമരമല്ല. അതാണ് വഞ്ചന! അതേ, തൊഴിലാളികളിൽനിന്ന് അപഹരിക്കപ്പെട്ട തൊഴിലാളിദിനം ഇടതുപക്ഷം സമുചിതമായി ആചരിക്കുന്നത് കേവലം മേൽവിലാസത്തിനോ അധികാരലബ്ധിക്കോവേണ്ടി മാത്രമായി. മനുഷ്യത്വമില്ലാത്ത ഒരു മുതലാളിപോലും ഈ സംസ്ഥാനത്ത് 250 രൂപ മാത്രം കൊടുത്ത് ആരെയും പണിയെടുപ്പിക്കില്ല. ഈ ഭരണം യഥാർഥത്തിൽ ആരുടേതാണ്?
തലസ്ഥാനത്ത് ഫെബ്രുവരി 10നാണ് ആശമാർ സമരത്തിനിറങ്ങിയത്. ഓണറേറിയമായി കിട്ടുന്ന 7,000 രൂപ - അതായത്, 250 രൂപ പോലുമില്ലാത്ത ദിവസക്കൂലി ഒന്നിനും തികയുന്നില്ലെന്നു പറഞ്ഞു മടുത്തിട്ടാണ് അവർ സെക്രട്ടേറിയറ്റ് പിടിക്കലേക്കു വന്നത്. രണ്ടര മാസം കഴിഞ്ഞു. ഇതിനിടെ മന്ത്രിമാരും സിപിഎം തൊഴിലാളി സംഘടനകളും നേതാക്കളുമൊക്കെ സമരക്കാരെ അങ്ങേയറ്റം അധിക്ഷേപിച്ചു. ഒടുവിൽ പ്രതിപക്ഷം ഭരിക്കുന്ന ചില തദ്ദേശ സ്ഥാപനങ്ങൾ അവർക്ക് ഓണറേറിയവും മറ്റു സൗകര്യങ്ങളും വർധിപ്പിക്കാൻ തീരുമാനിച്ചു. അപ്പോൾ പാർട്ടിക്കും സർക്കാരിനും വാശിയായി. ഭരണകക്ഷി ഭൂരിപക്ഷമുള്ള ജില്ലാ ആസൂത്രണ സമിതികളെ ഉപയോഗിച്ച് അതു തടയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പാവപ്പെട്ട തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് എൽഡിഎഫിന് ഒരു ചുക്കുമറിയാതായി.
തൊഴിലാളിവർഗ പാർട്ടിയുടെ പല മന്ത്രിമാരും മക്കളും കൊച്ചുമക്കളുമുൾപ്പെടെയുള്ള കുടുംബാംഗങ്ങളുമൊക്കെ മുതലാളിത്തജീവിതമാണു നയിക്കുന്നത്. താത്വികമായി പറഞ്ഞാൽ, അവരുടെ ധൂർത്തിനുള്ള പണം, ആശമാരും അംഗനവാടി ജീവനക്കാരും ഉൾപ്പെടെ തുച്ഛവേതനത്തിനു പണിയെടുക്കുന്നവർക്കെല്ലാം ന്യായവേതനം നിഷേധിച്ചതിലൂടെ ലഭ്യമായതാണ്. ഈ മിച്ചമൂല്യത്തിൽനിന്നെടുത്താണ്, പിഎസ്സി അംഗങ്ങൾക്ക് ശന്പളം ഇരട്ടിപ്പിച്ച് 2.5 ലക്ഷം രൂപയോളമാക്കിയത്. കഠിനാധ്വാനികളായ ആശമാരുടെ വേദന മനസിലാകാത്തവർക്ക്, അധികാര-ആനുകൂല്യ വീതംവയ്പ് സംവിധാനമെന്നുകൂടി പറയാവുന്ന പിഎസ്സി അംഗങ്ങളുടെ ആർത്തി പെട്ടെന്നു പരിഹരിക്കാൻ തോന്നുകയും ചെയ്യുന്നു. 1859ൽ കാൾ മാർക്സ് രചിച്ച യിലെ മിച്ചമൂല്യ സിദ്ധാന്തങ്ങൾ കാലഹരണപ്പെട്ടിട്ടില്ലെന്നാണു പറയുന്നതെങ്കിൽ ആശമാർക്കു കൊടുക്കേണ്ടിയിരുന്ന കൂലി മറ്റാരുടെയൊക്കെയോ അക്കൗണ്ടിലുണ്ടെന്നു സമ്മതിക്കേണ്ടിവരും. ആ അക്കൗണ്ട് ഉടമകളെ മാർക്സ് വിളിക്കുന്നത് മുതലാളി എന്നാണ്. മുതലാളിത്ത മനോഭാവവും തൊഴിലാളിവർഗ മേൽവിലാസവും ഒന്നിച്ചു കൊണ്ടുപോകുന്നത് രാഷ്ട്രീയമല്ല, രാഷ്ട്രീയ വ്യാപാരമാണ്.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി-മനുഷ്യാവകാശ വിരുദ്ധത ആശമാരുടെ പരിതാപകരമായ ജീവിതത്തിന്റെ കാരണമാകാം. പക്ഷേ, അതറിഞ്ഞുതന്നെയല്ലേ പ്രകടനപത്രികയിൽ ആശമാരുടേതുൾപ്പെടെയുള്ള വേതനം ദിവസം 700 രൂപയാക്കുമെന്ന് എൽഡിഎഫ് വാഗ്ദാനം ചെയ്തത്. “അങ്കണവാടി, ആശാവർക്കർ, റിസോഴ്സ് അധ്യാപകർ, പാചകത്തൊഴിലാളികൾ, കുടുംബശ്രീ ജീവനക്കാർ, പ്രീ പ്രൈമറി അധ്യാപകർ, എൻഎച്ച്എം ജീവനക്കാർ, സ്കൂൾ സോഷ്യൽ കൗൺസിലർമാർ തുടങ്ങി എല്ലാ സ്കീം വർക്കേഴ്സിന്റെയും ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തും. മിനിമം കൂലി 700 രൂപയാക്കും” എന്നു പറഞ്ഞത് കേന്ദ്രം പണം തന്നാൽ എന്ന ഉപാധിയോടെയല്ല. ആ പ്രകടനപത്രികയുടെ തലക്കെട്ട് ‘ഉറപ്പാണ് എൽഡിഎഫ്’ എന്നായിരുന്നു. പക്ഷേ, കാണുന്നതോ, പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകൾ ആശമാർക്കു നൽകാനാഗ്രഹിക്കുന്ന തുച്ഛമായ വർധനപോലും കൊടുപ്പിക്കില്ലെന്ന പ്രതികാരബുദ്ധി.
അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ 1886 മേയ് ഒന്നിന് എട്ടു മണിക്കൂർ തൊഴിൽസമയം ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടി തൊഴിലാളികൾ നടത്തിയ പണിമുടക്കിന്റെ ഓർമയാണ് മേയ്ദിനം. 1890 മുതൽ, മേയ് ഒന്ന് സാര്‍വദേശീയ തൊഴിലാളിദിനമായി ആചരിച്ചുതുടങ്ങി. ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ 1923ൽ മദ്രാസിലെ (ചെന്നൈ) മറീന ബീച്ചിൽ മേയ്ദിനം ആഘോഷിച്ചതോടെയാണ് ഇന്ത്യയിൽ തൊഴിലാളിദിനത്തിനു തുടക്കമിട്ടത്. കേരളത്തിൽ 1936ൽ തൃശൂരിലായിരുന്നു തുടക്കം. ‘ലേബേഴ്സ് ബ്രദര്‍ഹുഡ്’ എന്ന തൊഴിലാളി സംഘടനയുടെ ആഭിമുഖ്യത്തിൽ കെ.കെ. വാര്യര്‍, എം.എ. കാക്കു, കെ.പി. പോള്‍, കടവില്‍ വറീത്, കൊമ്പൻ പോള്‍, ഒ.കെ. ജോര്‍ജ്, കാട്ടൂക്കാരന്‍ തോമസ് എന്നീ ഏഴു പേരുടെ നേതൃത്വത്തിലാണ് മേയ്ദിന റാലി സംഘടിപ്പിച്ചത്.
അവകാശപോരാട്ടങ്ങളുടെ വലിയ ചരിത്രമുള്ള നാടാണ് കേരളം. ചില സമരങ്ങളെങ്കിലും അന്യായവും അക്രമവും നിറഞ്ഞതായിരുന്നെന്നും പറയേണ്ടിവരും. അതിന്റെ മുൻനിര പോരാളികൾ മാത്രമല്ല, ഏറ്റവും വലിയ ഗുണഭോക്താവും സിപിഎമ്മാണ്. പ്രതിപക്ഷത്തിരുന്നു മനുഷ്യാവകാശങ്ങൾ ചൂണ്ടിക്കാണിക്കുന്ന പാർട്ടി അധികാരത്തിലെത്തിയാൽ അതെല്ലാം നിഷേധിക്കുകയാണെന്ന് അവർക്കു മാത്രം മനസിലാകുന്നില്ല. അതിന്റെ ഉദാഹരണമാണ്, ആശമാരുടെ വേതനവർധന മുടക്കാൻ സ്വന്തം പ്രകടനപത്രികപോലും മറന്ന് മറ്റു സംസ്ഥാനങ്ങളിൽ ഓണറേറിയം കുറവാണെന്നു പറയുന്നതും കേന്ദ്രത്തെ പഴിക്കുന്നതും ആശമാരുടെ സമര നേതൃത്വത്തെ സംശയനിഴലിലാക്കുന്നതും വേതനം വർധിപ്പിക്കുന്നതിൽനിന്നു പ്രതിപക്ഷ പഞ്ചായത്തുകളെ തടയാൻ ശ്രമിക്കുന്നതുമൊക്കെ.
സർക്കാർ തീരുമാനിച്ചാൽ, മറ്റു നിവൃത്തിയില്ലാത്തതിനാൽ തുച്ഛമായ വേതനത്തിനു പണിയെടുക്കുന്നവക്കു മേൽപ്പറഞ്ഞ മുടന്തൻ ന്യായങ്ങളൊന്നും പറയാതെ വേതനം കൂട്ടിക്കൊടുക്കാനാകും. രണ്ടാം പിണറായി സർക്കാരിന്റെ ഒടുവിലത്തെ മേയ്ദിനാചരണമാണ് ഇന്ന്. പ്രകടനപത്രികയിലെ ഉറപ്പ് പാലിക്കാൻ മികച്ച അവസരം. ഷിക്കാഗോയുടെ ചരിത്രമല്ല, തിരുവനന്തപുരത്തിന്റെ വർത്തമാനമാണ് മേയ്ദിനത്തിന്റെ കേരളാ സ്റ്റോറി.