കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാരിൽ 15 പേർ 79 വയസുള്ളവർ
Wednesday, April 30, 2025 2:40 AM IST
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ 267-ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനായി മേയ് ഏഴുമുതൽ സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാരിൽ 15 പേർ 79 വയസ് പ്രായമുള്ളവരാണ്.
ഇവരിൽത്തന്നെ സ്പെയിനിലെ മാഡ്രിഡ് ആർച്ച്ബിഷപ്പായി വിരമിച്ച കർദിനാൾ ഒസോറോ സിയെറ, ഗിനിയയിൽനിന്നുള്ള കർദിനാൾ റോബർട്ട് സാറാ, പോളണ്ടിൽനിന്നുള്ള കർദിനാൾ സ്റ്റനിസ്ലാവ് റിൽക്കോ, പാക്കിസ്ഥാനിൽനിന്നുള്ള കർദിനാൾ ജോസഫ് കൂറ്റ്സ് എന്നിവരാണ് മുതിർന്നവർ. ഇതിൽ അടുത്ത മാസം 80 വയസിലേക്ക് കടക്കുന്നവരുമുണ്ട്. 80 വയസ് പൂർത്തിയായ കർദിനാൾമാർക്കു കോൺക്ലേവിൽ പങ്കെടുക്കാനാകില്ല.
കോൺക്ലേവിൽ പങ്കെടുക്കുന്നവരിൽ 15 പേർ 60 വയസിൽ താഴെയുള്ളവരാണ്. മെൽബണിലെ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭാധ്യക്ഷൻ 45 വയസുള്ള കർദിനാൾ മൈക്കോള ബൈചൊക് ആണ് കോൺക്ലേവിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ.
കോൺക്ലേവിൽ പങ്കെടുക്കുന്നവരിൽ കരീബിയൻ രാജ്യമായ ഹെയ്തിയിൽനിന്നുള്ള ആദ്യകർദിനാൾ ചിബ്ലി ലാംഗ്ല്വായുവുമുണ്ട്. ലെ കായെസ് ബിഷപ്പായ ഇദ്ദേഹത്തെ 2014 ഫെബ്രുവരി 22നാണ് ഫ്രാൻസിസ് മാർപാപ്പ കർദിനാൾസ്ഥാനത്തേക്ക് ഉയർത്തിയത്. കരീബിയൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഇദ്ദേഹത്തിനുപുറമെ ക്യൂബയിലെ ഹവാന ആർച്ച്ബിഷപ് കർദിനാൾ ജുവാൻ ഗാർസിയ റൊഡ്രിഗസും കോൺക്ലേവിൽ പങ്കെടുക്കും.
അതേസമയം, ആരോഗ്യകാരണങ്ങളാൽ രണ്ട് കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി അറിയിച്ചു.
കോൺക്ലേവിന്റെ സമയക്രമം ഇന്നലെ നടന്ന കർദിനാൾമാരുടെ യോഗം തീരുമാനിച്ചു. മേയ് ഏഴിനു രാവിലെ പത്തിനായിരിക്കും സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാർമികത്വത്തിൽ എല്ലാ കർദിനാൾമാരും പങ്കെടുക്കുന്ന വിശുദ്ധ കുർബാന.
പ്രാദേശികസമയം വൈകുന്നേരം 4.30ന് പോളൈൻ ചാപ്പലിൽ പ്രാർഥനയോടെ കോൺക്ലേവ് ഔദ്യോഗികമായി തുടങ്ങും. തുടർന്ന് സകലവിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി കർദിനാൾമാർ സിസ്റ്റൈൻ ചാപ്പലിലേക്കു നീങ്ങും.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരശുശ്രൂഷയിൽ പങ്കെടുത്ത എല്ലാവർക്കും ഇന്നലെ നടന്ന കർദിനാൾമാരുടെ ആറാം സമ്മേളനം നന്ദി അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്നുള്ള ദുഃഖാചരണത്തിന്റെ നാലാംദിനമായിരുന്ന ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ മൗറോ ഗാംബെത്തി മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധ പത്രോസിന്റെ അടുത്ത പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിൽ പങ്കെടുക്കുന്ന കര്‍ദിനാള്‍ സംഘത്തിനുവേണ്ടി ലോകമെങ്ങും പ്രാർഥനകൾ ഉയരുന്നുണ്ട്.