Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Print this Page
‘ഹരിതകേരളം’ വിജയിക്കണം
 
 
കേരളത്തിന്റെ ഹരിതാഭയും കാർഷിക പാരമ്പര്യവും ശുചിത്വവും നമ്മുടെ സംസ്കാരത്തിന്റെയും സ്വത്വബോധത്തിന്റെയും ഘടകങ്ങളാണ്. വികസന പദ്ധതികളും സാമ്പത്തിക വളർച്ചയും ഈ അടിസ്‌ഥാന നന്മകളെ പുഷ്‌ടിപ്പെടുത്തുകയാണു വേണ്ടത്. നിർഭാഗ്യവശാൽ കേരളത്തിൽ കാര്യങ്ങൾ മറുവഴിക്കാണു നീങ്ങുന്നത്. വ്യവസായങ്ങളും മണലൂറ്റും വനനശീകരണവും തിരക്കിൻറേതായ ജീവിതശൈലിയും നമ്മുടെ നാടിന്റെ സൗന്ദര്യത്തെയും ശുചിത്വത്തെയും മാത്രമല്ല, ജനങ്ങളുടെ ആരോഗ്യത്തെയും ക്ഷയിപ്പിച്ചുകൊണ്ടിരിക്കുന്നു.

സംസ്‌ഥാനം രൂപംകൊണ്ട് ആറു പതിറ്റാണ്ടു പിന്നിടുമ്പോഴും നമ്മുടെ പ്രകൃതിയുടെയും കാർഷിക സംസ്കാരത്തിന്റെയും സംരക്ഷണത്തിനു കാര്യക്ഷമമായ പദ്ധതികൾ പ്രയോഗത്തിൽ വരുന്നില്ല. ഇനിയെങ്കിലും ഫലപ്രദമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ക്രമേണ കൃഷിയും പച്ചയും ഈ മണ്ണിൽ ഇല്ലാതായെന്നുവരും. സംസ്‌ഥാന വ്യാപകമായി ഇന്നാരംഭിക്കുന്ന ഹരിതകേരളം മിഷന്റെ ലക്ഷ്യം കേരളത്തിന്റെ പച്ചപ്പും അതിൻറെ ഐശ്വര്യവും നഷ്‌ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ്. ‘പച്ചയിലൂടെ വൃത്തിയിലേക്ക്’ എന്നതാണു മിഷന്റെ മുദ്രാവാക്യം.

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ, ജനപങ്കാളിത്തത്തോടെ, സംസ്‌ഥാനത്തെ എല്ലാ വാർഡുകളിലും ആരംഭിക്കുന്ന ’ഹരിതകേരള’ത്തിന്റെ ദൗത്യം ജലസ്രോതസുകൾ സംരക്ഷിക്കുകയും മാലിന്യങ്ങൾ ഇല്ലാതാക്കുകയും കാർഷിക സംസ്കൃതി വീണ്ടെടുക്കുകയുമാണ്. ഓരോ പ്രദേശത്തിനും യോജിച്ച കൃഷിയും ജലസംരക്ഷണ, വികസന, ശുചിത്വ പ്രവർത്തനങ്ങളുമാണ് ഉദ്ദേശിക്കുന്നത്.

ജനപങ്കാളിത്തം എത്രമാത്രം സമാഹരിക്കാനാവും എന്നതാണ് ഇത്തരം പദ്ധതികളുടെ വിജയത്തിന് അടിസ്‌ഥാനം. തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തിലൂടെ ജനപങ്കാളിത്തം വലിയൊരളവുവരെ ഉറപ്പുവരുത്താൻ കഴിയും. പരിസര ശുചിത്വത്തിനും പരിസ്‌ഥിതി സംരക്ഷണത്തിനും വലിയ പദ്ധതികളേക്കാൾ ഫലപ്രദമാകുന്നതു പ്രാദേശികതലത്തിലുള്ള പ്രവർത്തനങ്ങളാണ്. തദ്ദേശ സ്‌ഥാപനങ്ങൾക്ക് ഇതിൽ മുന്തിയ പങ്കു വഹിക്കാനാവും. സംസ്‌ഥാനത്തെ തദ്ദേശസ്‌ഥാപനങ്ങൾ ഈ ദിശയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളതുമാണ്. രാഷ്ട്രീയതാത്പര്യങ്ങൾക്കുപരിയായുള്ള ജനകീയപങ്കാളിത്തം ഉണ്ടാകണം. ഏറ്റവും മികച്ച പഞ്ചായത്തീരാജ് പ്രവർത്തനം കാഴ്ചവച്ച സംസ്‌ഥാനത്തിനുള്ള ദേശീയ പുരസ്കാരം കഴിഞ്ഞവർഷം കേരളത്തിനു ലഭിച്ചിരുന്നു.

പരിസ്‌ഥിതിദിനാചരണത്തോടും മറ്റും അനുബന്ധിച്ചു ഭാവനാത്മകമായ പല പദ്ധതികൾക്കും സംസ്‌ഥാനം തുടക്കം കുറിച്ചിട്ടുണ്ട്. ചിലതൊക്കെ നല്ല ഫലവും നൽകി. എന്നാൽ സ്‌ഥിരതയും തുടർച്ചയുമുള്ള പദ്ധതികൾ നടപ്പാക്കാൻ പലപ്പോഴും സാധിക്കുന്നില്ല. ആരംഭശൂരത്വത്തിൻറെ അപകടം നമ്മുടെ ശുചിത്വപദ്ധതികളെപ്പോലും ബാധിക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളെ ശുചിത്വമേഖലകളാക്കുക എന്ന ലക്ഷ്യത്തോടെ ’കേരള: വേസ്റ്റ്ഫ്രീ ഡെസ്റ്റിനേഷൻ’ എന്ന പദ്ധതി ടൂറിസം വകുപ്പു കൊണ്ടുവന്നിരുന്നു. സന്നദ്ധസംഘടനകളുടെയും തദ്ദേശസ്‌ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കാനുദ്ദേശിച്ച ഈ പദ്ധതി പക്ഷേ ലക്ഷ്യം കണ്ടില്ല. നമ്മുടെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ഇപ്പോഴത്തെ അവസ്‌ഥ ദയനീയമാണ്.

ലക്ഷ്യം കാണാത്ത ഇത്തരം പല പദ്ധതികളുണ്ടെങ്കിലും ശുഭാപ്തിവിശ്വാസത്തോടെയും കൂടുതൽ ഉത്സാഹത്തോടെയും മുന്നോട്ടു പോയേ തീരൂ. ഇല്ലെങ്കിൽ ഭാവി തലമുറകളോടുള്ള അപരാധമാകും അത്. ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം ’ലൗദാത്തൊ സി’ (നിനക്കു സ്തുതിയായിരിക്കട്ടെ) ഈ ഉത്തരവാദിത്വത്തിലേക്കു ശക്‌തമായി വിരൽ ചൂണ്ടുന്നു. നമ്മുടെ കുട്ടികൾക്ക്, നമുക്കുശേഷം വരുന്നവർക്ക്, ഏതു തരത്തിലുള്ള ലോകമാണു നമ്മൾ കൊടുക്കുക എന്ന് അദ്ദേഹം ചോദിക്കുന്നു. ഭൂമിയെന്ന പൊതുഭവനത്തോടു കരുതലുള്ളവരാകാൻ മാർപാപ്പ എല്ലാവരെയും ക്ഷണിക്കുന്നു. ഒ.എൻ.വി. കുറുപ്പ് പറഞ്ഞതുപോലെ ഭൂമിയെ അല്പാല്പമായി തിന്നു തിമിർക്കുകയാണു മനുഷ്യർ. മനുഷ്യരുടെ ആർത്തിയും ആക്രാന്തവുമാണു ഭൂമിയെയും പ്രകൃതിയെയും നശിപ്പിക്കുന്നത്.

ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ദേശീയ തലത്തിലും പ്രാദേശികതലത്തിലും ശക്‌തമാക്കേണ്ടതുണ്ട്. സ്വച്ഛ ഭാരത് മിഷൻ ശുചിത്വത്തിലേക്കുള്ള വലിയൊരു ചുവടുവയ്പായിരുന്നു. ഇന്ത്യയെപ്പോലെ വിസ്തൃതവും വൈവിധ്യപൂർണവുമായ ഒരു രാജ്യത്തിനു സമ്പൂർണ ശുചിത്വത്തിലേക്കുള്ള വളർച്ച വലിയൊരു വെല്ലുവിളിയാണ്. എന്നാൽ, അത് അസാധ്യമായ കാര്യമല്ലതാനും. സംസ്‌ഥാന സർക്കാർ ഈ ദിശയിൽ ഇക്കാലമത്രയും നടത്തിവന്ന ശ്രമങ്ങൾക്കു കൂടുതൽ ഫലപ്രദമായൊരു മുന്നേറ്റമുണ്ടാക്കാൻ ഇന്നാരംഭിക്കുന്ന ഹരിതകേരളം മിഷനു കഴിയണം.

വിദ്യാർഥികളും യുവാക്കളും മുതിർന്നവരുമെല്ലാം ഈ ദൗത്യത്തിൽ അണിനിരക്കട്ടെ. പ്രവർത്തനങ്ങൾക്കു സർക്കാർ സംവിധാനങ്ങളുടെ സമ്പൂർണ സഹകരണം ഉറപ്പാക്കണം. സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ അടിസ്‌ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടിരിക്കുന്ന നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷൻ കാർഷിക, പരിസ്‌ഥിതി, ശുചിത്വ മേഖലകളിൽ പുതിയ അധ്യായങ്ങൾ തുറക്കട്ടെ. ജലസ്രോതസുകളുടെ സംരക്ഷണം, ജൈവകൃഷി പ്രോത്സാഹനം എന്നിവഅടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളാണ്.

പ്രാദേശിക തലത്തിൽ പദ്ധതികൾ നടപ്പാക്കുമ്പോഴും പൊതുവായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. തരിശുനിലങ്ങൾ കൃഷിയുക്‌തമാക്കുന്നതും വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതും സജീവമാക്കിയാൽ അതിൻറെ പ്രയോജനം സംസ്‌ഥാനത്തിനു മൊത്തം ലഭിക്കും. നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ, റെസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ സഹകരണം ഇത്തരം പദ്ധതികൾക്കുണ്ടാവണം. നല്ല ഉദ്ദേശ്യത്തോടെയുള്ള ഒരു പദ്ധതിക്ക് ആത്മാർഥമായ പിന്തുണ നൽകേണ്ടത് എല്ലാവരുടെയും കടമയാണ്.


Copyright @ 2016 , Rashtra Deepika Ltd.