കുസാറ്റ് ക്യാറ്റ് 2023: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അഖിലേന്ത്യാതലത്തിൽ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ യുജി, പിജി പ്രോഗ്രാമുകൾക്കായി മേയ് 3, 4, 5, 6 തീയതികളിൽ നടത്തിയ കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ (ക്യാറ്റ് 2023) ഫലം പ്രസിദ്ധീകരിച്ചു.
ബിടെക് പ്രോഗ്രാമിന് കണ്ണൂർ പയ്യന്നൂർ തായിനേരി സഞ്ജയ് പി. മല്ലർ ഒന്നാം റാങ്ക് നേടി. കോട്ടയം നരിയങ്ങാനം ആഷിക് സ്റ്റെന്നി രണ്ടാം റാങ്കും മലപ്പുറം അങ്ങാടിപ്പുറം അസിൽ മൂന്നാം റാങ്കും നേടി.
പട്ടികജാതി വിഭാഗത്തിൽ കോട്ടയം നാട്ടാശേരി എസ്എച്ച് മൗണ്ട് വട്ടക്കുന്നേൽ നിമല്‍ ശ്രീകുമാർ ഒന്നാം റാങ്കും പത്തനംതിട്ട തിരുവല്ല കവിയൂർ എസ്.ജെ. ചേതന രണ്ടാം റാങ്കും നേടി. പട്ടികവർഗ വിഭാഗത്തിൽ പാലക്കാട് കുപ്പിയോട് റോഡ് ആർദ്ര അലെയ്ന വിൻസ്റ്റൺ ഒന്നാം റാങ്കും എറണാകുളം, തേവര കോന്തുരുത്തി ഏദൻ വിനു ജോൺ രണ്ടാം റാങ്കും നേടി.
ബിബിഎ, എൽഎൽബി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് എറണാകുളം കങ്ങരപ്പടി നവനീത് എം. കുമാർ ഒന്നാം റാങ്ക് നേടി. തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിൽ പി.കെ. വിനീത ബികോം എൽഎൽബിക്ക് ഒന്നാം റാങ്കും ബിബിഎ എൽഎൽബിക്ക് രണ്ടാം റാങ്കും കോഴിക്കോട് നടുവന്നൂർ ദീപ്തി ഹൗസിൽ കെ. പവിത്ര ബികോം എൽഎൽബിക്ക് രണ്ടാം റാങ്കും ബിബിഎ എൽഎൽബി ക്ക് മൂന്നാം റാങ്കും പെരുമ്പാവൂർ വാഴക്കുഴയ്ക്കൽ ആർ. ഗൗരി പാർവതി ബികോം എൽഎൽബിക്ക് മൂന്നാം റാങ്കും കരസ്ഥമാക്കി.
ഓപ്ഷന് രജിസ്ട്രേഷൻ
ബിടെക്/ ബിലെറ്റ്/ എംസിഎ പ്രോഗ്രാമുകളുടെ ഓപ്ഷന് രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഇന്റഗ്രേറ്റഡ് എംഎസ്സി/ എംഎസ്സി/ ബിബിഎ/ ബികോം എല്‍എല്‍ബി പ്രോഗ്രാമുകൾക്കുള്ള ഓപ്ഷന് റീ അറേഞ്ചുമെന്റിനുള്ള അവസരം ഇന്നു മുതൽ അഞ്ചു വരെ ആയിരിക്കും.
വിദ്യാർഥികൾ അവരവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ഓപ്ഷന് റീ അറേഞ്ച്മെന്റ് ചെയ്യണം.