സർക്കാർ/സ്വാശ്രയ കോളജുകളിലെ എംസിഎ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 202425 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ റെഗുലർ (എംസിഎ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ് ഒരുവിഷയമായി 10+2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/ കംപ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്സിറ്റി/കോളജ് തലത്തിൽ നിർദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടേണ്ടതായിവരും. തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. www.lbs centre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി മേയ് മൂന്നു മുതൽ ജൂൺ രണ്ടുവരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷാ സമർപ്പണം 2024 ജൂൺ മൂന്നുവരെ.
പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽക്കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712324396, 2560327, 2560363, 2560364