സൗത്ത് ഇന്ത്യൻ ബാങ്ക് റീട്ടെയിൽ തന്ത്രം കരുത്താകുന്നു
തന്ത്രം വിജയിക്കുകയാണ്!
സാധാരണക്കാരായ ആളുകൾക്കു ബാങ്കിംഗ് സേവനം നൽകുകയെന്ന സ്‌ഥാപിത ലക്ഷ്യത്തിലേക്കുള്ള തിരിച്ചുപോക്കും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള തീരുമാനവും നവതിയിലേക്കു നീങ്ങുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന് വളർച്ചയുടെ പുതിയ പന്ഥാവ് നൽകുകയാണ്. ഏറ്റവുമൊടുവിലത്തെ ബാങ്കിന്റെ ക്വാർട്ടർ പ്രവർത്തനഫലം സൂചന നൽകുന്നതും ഈ തിരിച്ചുവരവാണ്.

പെരുകുന്ന കിട്ടാക്കടം, രാജ്യത്തെ മോശമാകുന്ന ബാങ്കിംഗ് അന്തരീക്ഷം... ഈ സാഹചര്യത്തിലാണ് ഏതാണ്ട് രണ്ടു വർഷം മുമ്പ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ചാർജെടുത്ത വി ജി മാത്യു റീട്ടെയിൽ ബാങ്കിംഗിന് ഊന്നൽ നൽകുകയെന്ന തന്ത്രം ആവിഷ്കരിക്കുന്നത്.

അതു ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. 2015 മാർച്ചിലെ ഏറ്റവും മോശമായ ക്വാർട്ടറിൽനിന്നു ബാങ്ക് ഓരോ ക്വാർട്ടറിലും നില മെച്ചപ്പെടുത്തുകയാണ്. ഏതാനും വർഷത്തിനുള്ളിൽ രാജ്യത്തെ മികച്ച റീട്ടെയിൽ ബാങ്കായി സൗത്ത് ഇന്ത്യൻ ബാങ്കിനെ വളർത്താൻ മാത്യു ലക്ഷ്യമിടുന്നു. ‘ലക്ഷം കോടി ബിസിനസ് ക്ലബ്ബി’ൽ അംഗമാകാൻ പോകുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വളർച്ചാ സാധ്യതകളേയും വെല്ലുവിളികളേയുംപ്പറ്റി മാനേജിംഗ് ഡയറക്ടർ വി ജി മാത്യു ബിസിനസ് ദീപികയോടു സംസാരിക്കുന്നു.

? റീട്ടെയിൽ ബാങ്കിംഗിൽ ഊന്നിയുള്ള തന്ത്രം എത്രമാത്രം ഫലവത്താകുന്നുണ്ട്.

ഏതാനും ക്വാർട്ടറുകളായി ബാങ്കിന്റെ പ്രകടനം മെച്ചപ്പെട്ടു വരുന്നുണ്ട്. തീർച്ചയായും റീട്ടെയിൽ ബാങ്കിംഗിൽ ശ്രദ്ധ ഊന്നാനുള്ള തിരുമാനത്തിന്റെ ഫലമാണെന്നതിൽ സംശയമില്ല. ജൂൺ 30–ന് അവസാനിച്ച നടപ്പുവർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ 95.06 കോടി രൂപ അറ്റാദായം നേടിയിട്ടുണ്ട്. തൊട്ടുമുമ്പുള്ള ക്വാർട്ടറിലിത് 72.97 കോടി രൂപയും മുൻവർഷം ജൂൺ ക്വാർട്ടറിലിത് 65.29 ശതമാനവുമായിരുന്നു.

കിട്ടാക്കടം വർധിക്കുന്നതിന്റെ നിരക്കും കുറയുകയാണ്. ഈ ജൂൺ ക്വാർട്ടറിലെ ഗ്രോസ് എൻപിഎ 3.96 ശതമാനമാണ്. മാർച്ചിലിത് 3.77 ശതമാനമാണ്. നെറ്റ് എൻപിഎ മാർച്ചിലെ അതേ നിലവാരമായ 2.89 ശതമാനത്തിൽതന്നെ തുടരുകയാണ് ജൂണിലും. വരും ക്വാർട്ടറുകളിൽ എൻപിഎ കുറയാനാണ് സാധ്യത.

ബാങ്ക് രണ്ടുവർഷമായി വൻകിട കോർപറേറ്റ് വായ്പയിൽനിന്ന് ഏതാണ്ട് വിട്ടു നിൽക്കുകയാണ്. കോർപറേറ്റ് മേഖലയിൽനിന്നുള്ള കിട്ടാക്കടത്തിൽ ഇനി വർധനയുണ്ടാകാനുള്ള സാധ്യതയും കുറവാണ്. സമ്പദ്ഘടന മെച്ചമാകുന്ന സാഹചര്യത്തിൽ കടത്തിൽ കുറേഭാഗം തിരിച്ചുപിടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഏതായാലും ബാങ്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായതു കഴിഞ്ഞുവെന്നു തന്നെ പറയാം..? റീട്ടെയിൽ ബാങ്കിംഗിൽ ഊന്നൽ നൽകുന്നത് ഏതൊക്കെ മേഖലയിലാണ്.

് എല്ലാത്തരം റീട്ടെയിൽ ബാങ്കിംഗ് സേവനങ്ങളും ബാങ്ക് ലഭ്യമാക്കുന്നുണ്ട്. എങ്കിലും ആറു മേഖലകളിലാണ് മുൻതൂക്കം. ഭവന വായ്പ, ഓട്ടോ വായ്പ, കാർഷിക വായ്പ, എംഎസ്എംഇ, സ്വർണപ്പണയം, വസ്തു ഈടിന്മേൽ വായ്പ എന്നിവയിലാണ് ഊന്നൽ നൽകിയിട്ടുള്ളത്.

വായ്പ വളർച്ചയിൽ ഓട്ടോ വായ്പയാണ് ഏറ്റവും മുമ്പിൽ, 28 ശതമാനം. എംഎസ്എംഇ, കാർഷിക വായ്പകളുടെ വളർച്ച 22 ശതമാനം വരും. ഭവനവായ്പകളുടെ വളർച്ച 19 ശതമാനം ആയിരുന്നു. എന്നാൽ സ്വർണപ്പണയത്തിന്മേലുള്ള വായ്പ പതിനഞ്ചു ശതമാനം കുറയുകയുണ്ടായി കഴിഞ്ഞവർഷം. സ്വർണവില ഉയരുന്ന സാഹചര്യത്തിൽ ഈ വായ്പകളും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വസ്തു ഈടിന്മേലുള്ള വായ്പ നന്നായി ഉയരുകയാണ്. വസ്തു ഈടിന്മേൽ ഓവർ ഡ്രാഫ്റ്റും നൽകുന്നുണ്ട്. നടപ്പുവർഷം മൊത്തം വായ്പയിൽ 17 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

? കോർപറേറ്റ് വായ്പയിൽനിന്നു പൂർണമായും വിട്ടു നിൽക്കുകയാണോ.

് അങ്ങനെയില്ല. നല്ല പദ്ധതികൾ വന്നാൽ ഈ മേഖലയിലും തീർച്ചയായും വായ്പ നൽകും. മുൻഗണന നൽകുന്നത് 25–100 കോടി വരെയുള്ള വായ്പകൾക്കാണ്.

? ബാങ്കിന്റെ സാമ്പത്തികാരോഗ്യം എങ്ങനെയാണ്.

* ബാങ്കിന്റെ മൂലധന പര്യാപ്ത അനുപാതം ബേസൽ മൂന്ന് അനുസരിച്ച് 11.68 ശതമാനമാണ്. മാർച്ചിലിത് 11.82 ശതമാനവും കഴിഞ്ഞ വർഷം ജൂണിൽ 11.46 ശതമാനവുമായിരുന്നു. താമസിയാതെ 500 കോടി രൂപയുടെ ടയർ ടൂ മൂലധനം സ്വരൂപിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്. പ്രൈവറ്റ് പ്ലേസ്മെന്റ് വഴിയാണ് തുക സമാഹരിക്കുക.

കൂടാതെ ബാങ്കിലെ എഫ്ഐഐ നിക്ഷേപ പരിധി ഇപ്പോഴത്തെ 49 ശതമാനത്തിൽനിന്ന് 59 ശതമാനത്തിലേക്ക് ഉയർത്താനും ഉദ്ദേശിക്കുന്നു.

ബാങ്കിന്റെ പ്രവർത്തനലാഭം ഓരോ ക്വാർട്ടറിലും മെച്ചപ്പെടുന്നുണ്ട്. നടപ്പുവർഷത്തിന്റെ ആദ്യക്വാർട്ടറിലെ പ്രവർത്തനലാഭം 259 കോടി രൂപയാണ്. കഴിഞ്ഞ വർഷം നാലാം ക്വാർട്ടറിലിത് 222 കോടി രൂപയായിരുന്നു. ജൂണിലവസാനിച്ച ക്വാർട്ടറിൽ നെറ്റ് ഇന്ററസ്റ്റ് മാർജിൻ 2.74 ശതമാനമാണ്. മുൻവർഷമിതേ കാലയളവിൽ 2.54 ശതമാനമായിരുന്നു. നടപ്പുവർഷം കുറഞ്ഞത് 2.74 ശതമാനം നെറ്റ് ഇന്ററസ്റ്റ് മാർജിൻ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ലക്ഷ്യം 2.8–2.85 ശതമാനമാണ്.

? ബാങ്കിന്റെ നടപ്പുവർഷത്തെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? പുതിയ ശാഖകൾ തുറക്കുമോ.

് ലക്ഷം കോടി ബിസിനസ് ക്ലബ്ബിൽ ഈ വർഷം ബാങ്കിനെ എത്തിക്കുകയാണ് ലക്ഷ്യം. രണ്ടാം ക്വാർട്ടറിൽതന്നെ ഈ ലക്ഷ്യം നേടാൻ സാധിക്കുമെന്നാണ് കരുതുന്നത്. ജൂൺ 30–ന് അവസാനിച്ച ക്വാർട്ടറിൽ ബാങ്കിന്റെ മൊത്തം ബിസിനസ് 99,913 കോടി രൂപയായിട്ടുണ്ട്. ഡിപ്പോസിറ്റ് 57,889 കോടി രൂപയും വായ്പ 42,024 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്.


ഡിപ്പോസിറ്റിൽ വിദേശ ഇന്ത്യക്കാരുടെ പങ്ക് 26 ശതമാനമായി ഉയർന്നിട്ടുണ്ട്. കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് മൊത്തം ഡിപ്പോസിറ്റിന്റെ 23.24 ശതമാനമായിട്ടുണ്ട്. മാർച്ചിലിത് 22.3 ശതമാനമായിരുന്നു.

ബാങ്കിന്റെ റീട്ടെയിൽ വായ്പ വർധിപ്പിക്കാനുള്ള നടപടികൾ ശക്‌തിപ്പെടുത്തിയിട്ടുണ്ട്. എല്ലാ ശാഖകളിലും ബിസിനസ് വർധിപ്പിക്കും. എല്ലാ ശാഖയിലും വായ്പ നൽകാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഓരോ ശാഖയും നല്ല പ്രകടനം കാഴ്ചവയ്ക്കണം. ഓരോ ശാഖയും ലാഭമുണ്ടാക്കണം.

നടപ്പുവർഷം 50 ശാഖകൾ തുറക്കാൻ ഉദ്ദേശിക്കുന്നു. ഏറ്റവും കോസ്റ്റ് ഇഫക്ടീവായി ശാഖകൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. നല്ല സാധ്യതകളുള്ള മേഖലകളിലെ ശാഖകൾ തുറക്കുകയുള്ളു. നൂറ്റിയമ്പതു എടിഎമ്മുകളും തുറക്കും.

ഇപ്പോൾ ബാങ്കിന് 838 ശാഖകളും 42 എക്സ്റ്റെൻഷൻ കൗണ്ടറുകളും ഉൾപ്പെടെ 880 ബിസിനസ് പോയിന്റുകളുണ്ട്. പാൻ ഇന്ത്യ തലത്തിൽ ബാങ്കിന്റെ വിസിബിലിറ്റി വർധിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു.

അടുത്ത നാലുവർഷംകൊണ്ട്, അതായത് 2020–ൽ 1000 കോടി രൂപ അറ്റാദായവും രണ്ടു ലക്ഷം കോടി രൂപ ബിസിനസുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അതായത് 20 ശതമാനം വാർഷിക വളർച്ച. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റാദായം 333.27 കോടി രൂപയാണ്.

? എല്ലാ ബാങ്കുകളും ടെക്നോളജി ഒറിയന്റഡ് ബാങ്കിംഗ് ലഭ്യമാക്കുന്നതിൽ മത്സരിക്കുകയാണല്ലോ. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്‌ഥാനം എവിടെയാണ്

ഏറ്റവും നല്ല സേവനങ്ങൾ അല്ലെങ്കിൽ സൗകര്യങ്ങൾഎവിടെ കിട്ടുന്നുവോ അങ്ങോട്ട് ഇടപാടുകാർ പോവുക സ്വഭാവികം. അതുകൊണ്ടുതന്നെ ഏറ്റവും നല്ല സേവനം ലഭ്യമാക്കേണ്ടതുണ്ട്. ടെക്നോളജി അതിനു സഹായിക്കുന്നു.

അതിനാൽ ടെക്നോളജി ഉപയോഗപ്പെടുത്തുന്നതിൽ ബാങ്ക് എപ്പോഴും ശ്രദ്ധിക്കുന്നു. കേരളത്തിൽ കോർബാങ്കിംഗ് സൊലൂഷൻ നടപ്പാക്കിയ ആദ്യ ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. ഇപ്പോൾ ഏറ്റവും നവീകരിച്ച വെർഷനിലേക്ക് മാറിയിട്ടുണ്ട്.

ഡിജിറ്റൽ ബാങ്കിംഗിൽ ശക്‌തമായ വളർച്ച ലക്ഷ്യമിട്ട് പ്രത്യേക വിഭാഗത്തിനു തന്നെ ബാങ്ക് രൂപം നൽകിയിട്ടുണ്ട്.

ടെക്നോളജി ഉപയോഗിക്കുന്നുവെന്നു മാത്രമല്ല ഇടപാടുകാർക്ക് അത് അനുഭവപ്പെടുകയും ചെയ്യണം. അക്കൗണ്ട് തുറക്കുന്നതിനോ വായ്പയ്ക്കോ എത്തിയാൽ ഏറ്റവും കുറഞ്ഞ സമയത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിൽ കേന്ദ്രീകൃത പ്രോസസിംഗ് സെന്റർ കളമശേരിയിൽ ബാങ്കു സ്‌ഥാപിച്ചിട്ടുണ്ട്. പൂർണമായും പേപ്പർ രഹിത സംവിധാനമാണ് ഇവിടെയുള്ളത്.

അക്കൗണ്ട് തുറക്കൽ,വായ്പ തുടങ്ങിയവയുടെ പ്രോസസിംഗ് ഈ കേന്ദ്രത്തിൽനിന്നാണ്. അതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം ഏറ്റവും വേഗം നടപടിക്രമങ്ങൾ പൂർത്തിയാകുന്നുവെന്നു മാത്രമല്ല കെവൈസി നിബന്ധനകൾ ലംഘിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. ഏറ്റവും സുതാര്യമായി നടക്കുന്നതിനാൽ ഓരോ പ്രോസസിംഗും എവിടെവരെയെത്തിയെന്നും അറിയുവാൻ സാധിക്കും.

ഈ സെന്ററിൽ എത്ര അപേക്ഷകൾ വന്നാലും കൈകാര്യം ചെയ്യാൻ സാധിക്കുംവിധം സ്കെയിൽ അപ് ചെയ്യാനും സാധിക്കും. ഏതാണ്ട് 250ഓളം പേർ ഈ സെന്ററിൽ ജോലി ചെയ്യുന്നു.

അക്കൗണ്ട്, വായ്പ തുടങ്ങിയവയിലെല്ലാം ഒരു സ്റ്റാൻഡാർഡൈസേഷൻ വരുന്നതിനാൽ ഇടപാടുകാരന് ഏതു ശാഖയിൽ ചെന്നാലും ഒരേപോലുള്ള അനുഭവമാണ് ലഭിക്കുക.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടപാടുകാർക്ക് ഏറ്റവും മികച്ച ബാങ്കിംഗ് അനുഭവം ലഭ്യമാക്കുവാൻ 7200–ഓളം ജോലിക്കാരാണ് ബാങ്കിനുള്ളത്. ഇതിനു പുറമേ ചില മേഖലകളിൽ പാർട്ട് ടൈം ജോലിക്കാരുമുണ്ട്. സ്റ്റാഫിന്റെ ശരാശരി പ്രായം 34 വയസാണ്. നല്ലൊരു പങ്കും 25–30 പ്രായത്തിൽ വരുന്നവരാണ്. ഇതു ബാങ്കിന് ഒരു മുതൽക്കൂട്ടാണ്. മറ്റു ബാങ്കുകളേക്കാൾ ഒരു മുൻതൂക്കം ഇതു സൗത്ത് ഇന്ത്യൻ ബാങ്കിന് നൽകുന്നു.

? മറ്റു പ്ലാനുകൾ

് എസ്ബിഐ കാർഡുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് ബിസിനസ് ചെയ്യുവാനുള്ള സംവിധാനം പൂർത്തിയാക്കിക്കഴിഞ്ഞു.

മറ്റൊന്ന് റീട്ടെയിൽ മേഖലയ്ക്ക് ആവശ്യമായ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. ജിയോജിത് ബിഎൻപി പാരിബയുമായി ചേർന്ന് ബ്രോക്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. റെലിഗറുമായി ഇതേപോലെ ടൈ അപ് ഉണ്ടാക്കിയിട്ടുണ്ട്. കൂടുതൽ ഇൻഷുറൻസ് കമ്പനികളുമായി ടൈ അപ് ഉണ്ടാക്കുവാൻ ചർച്ചകൾ നടത്തിവരികയാണ്. ഇപ്പോൾ എൽഐസി, ബജാജ് അലയൻസ് എന്നീ ഇൻഷുറൻസ് കമ്പനികളുമായി ടൈ അപ്പ് ഉണ്ട്.

റീട്ടെയിൽ, കൃഷി, എസ്എംഇ ഉൾപ്പെടെയുള്ള വിവിധ ബിസിനസുകളിൽ ബാങ്കിന്റെ സ്ട്രാറ്റജിക് കൺസൾട്ടന്റായി ഇന്റർ നാഷണൽ ഫിനാൻസ് കോർപറേഷനെ ( ഐഎഫ്സി) നിയമിച്ചിട്ടുണ്ട്. ഈ മേഖലകളിലോ പുതിയ മേഖലകളിലോ ബിസിനസ് മെച്ചപ്പെടുത്തുന്നതിനും പുതിയ തന്ത്രങ്ങൾ സ്വീകരിക്കുന്നതിനും ഉപദേശം നൽകുകയാണ് ഐഎഫ്സിയുടെ റോൾ.

ജോയി ഫിലിപ്പ്