ആർത്തവ വിരാമ കാലത്തെ ഭക്ഷണം
സ്ത്രീകളെ സംബന്ധിച്ചു ഋതുമതിയാകുന്നതുപോലെ തന്നെ പ്രധാനപ്പെട്ട ഘട്ടമാണ് ആർത്തവവും. സാധാരണയായി 51 വയസിനു മുകളിലുള്ള സ്ത്രീകളിൽ ക്രമേണ ആർത്തവം നിലയ്ക്കുന്ന അവസ്‌ഥയാണു ആർത്തവ വിരാമം. ഒരു വർഷം പൂർണമായും ആർത്തവം ഇല്ലാതായാൽ ആർത്തവ വിരാമമായെന്നു കരുതാം.

സാധാരണയായി 50–51 വയസിനിടയിലാണ് ആർത്തവ വിരാമം ഉണ്ടാകുന്നത്. ഇപ്പോൾ ചിലരിൽ 40 വയസിനോടടുക്കുമ്പോൾ തന്നെ ആർത്തവ വിരാമം കാണാറുണ്ട്. ആർത്തവ വിരാമകാലം സ്ത്രീകളിൽ ശാരീരിക മാനസിക വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന കാലം കൂടിയാണ്. ശാരീരികവും മാനസികവുമായി സംതൃപ്തിയും സന്തോഷവും അനുഭവിക്കേണ്ട കാലം കൂടിയാണ്. ഭക്ഷണശീലങ്ങളിലും ജീവിതചര്യകളിലും ചില ചിട്ടകൾ പാലിക്കാനും സ്ത്രീകൾ ഈ ഘട്ടത്തിൽ ശ്രദ്ധിക്കണം.

പൊതുവേ കാണുന്ന മാറ്റങ്ങൾ

ആർത്തവ വിരാമ കാലത്തു പലരിലും ഉണ്ടാകുന്ന ശാരീരിക– മാനസിക അവസ്‌ഥകൾ വ്യത്യസ്തമായിരിക്കും. ശരീരത്തിൽ ചൂടുവർധിക്കുന്നതാണു പൊതുവേ കാണുന്ന അവസ്‌ഥ. ഇതു സ്്ത്രീകളിൽ വളരെയധികം അസ്വസ്‌ഥതകൾക്കു കാരണമാകുന്നു. ഹോർമോൺ വ്യതിയാനം സംഭവിക്കുന്നതുമൂലം ചിലരിൽ മാനസിക പിരിമുറുക്കം ഉണ്ടാകാം.

സ്രവങ്ങൾ ഉൽപാദിപ്പിക്കപ്പെടാത്തതിനാൽ ഈ സമയങ്ങളിൽ യോനിയിൽ വരൾച്ചയുണ്ടാകും. ഇതു ലൈംഗികതയെ ബാധിക്കുന്നതിനാൽ ആർത്തവ വിരാമ കാലഘട്ടത്തിൽ പലരിലും ലൈംഗിക വിരക്‌തിയും ഉണ്ടാകും. ചില സ്ത്രീകളിൽ അമിതരക്‌തസ്രാവം കണ്ടുവരുന്നു. ഇത്തരം സാഹചര്യത്തിൽ പ്രത്യുത്പാദന അവയവങ്ങളായ ഗർഭപാത്രം, അണ്ഡാശയം എന്നിവ മാറ്റേണ്ടതായി വരും. ഇങ്ങനെ ശസ്ത്രക്രിയ നടത്തിയവരിൽ അമിതവണ്ണം ഉണ്ടാകാറുണ്ട്. സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ ഉത്പാദനം കുറയുന്നതിനാൽ ഹൃദ്രോഗസാധ്യത, പ്രമേഹം, രക്‌തസമ്മർദം, ഹൈപ്പോതൈറോയ്ഡിസം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നതിനും ആർത്തവ വിരാമം കാരണമാകും.

അമിത ഊർജം അടങ്ങിയ ഭക്ഷണം വേണ്ട

അമിതമായി ഊർജം അടങ്ങിയ ഭക്ഷണം ആർത്തവ വിരാമകാലത്തു ഒഴിവാക്കുന്നതാണ് നല്ലത്. എണ്ണയിൽ വറുത്ത പലഹാരങ്ങളായ ബോണ്ട, സുഖിയൻ, പഴമ്പൊരി, പൊറോട്ട, അന്നജം കൂടുതൽ അടങ്ങിയ ചോറ്, ഗോതമ്പ് എന്നിവ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇത്തരം സാധനങ്ങളുടെ ഉപയോഗം അമിതവണ്ണത്തിന് ഇടയാക്കും.

മധുരപലഹാരങ്ങളുടെ ഉപയോഗം മിതപ്പെടുത്തണം. കൊഴുപ്പും ഊർജവും കൂടുതൽ അടങ്ങിയ വറുത്തമീൻ, ഇറച്ചി എന്നിവയും കഴിക്കുന്നത് ഒഴിവാക്കുക.

ഭക്ഷണസമയത്തിൽ കൃത്യത പാലിക്കുക

വീട്ടുജോലിയും മറ്റുതിരക്കുമുള്ള സ്ത്രീകളാണ് ഏറെയും. ഈ പ്രവണത ശരിയല്ല. ഭക്ഷണസമയത്തിൽ കൃത്യത പാലിക്കണം. അല്ലെങ്കിൽ ശരീരത്തിലെ ഉപാപചയ പ്രവർത്തനത്തെ ഇതു ദോഷകരമായി ബാധിക്കും.

ശീതളപാനീയങ്ങൾ ധാരാളം കുടിക്കുക

ശരീരത്തിന്റെ ചൂടു കൂടുന്നതുകൊണ്ടു ശീതളപാനീയങ്ങൾ ധാരാളം കുടിക്കണം. പ്രതിദിനം 10 മുതൽ 12 ഗ്ലാസ് വരെ വെള്ളം കുടിക്കണം. അമിത ഊർജമില്ലാത്ത കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, മോരുവെള്ളം, നാരങ്ങാവെള്ളം എന്നിവ ധാരാളം കുടിക്കാം.

ഭക്ഷണത്തിൽ പച്ചക്കറി ഉൾപ്പെടുത്തുക

ധാതുലവണങ്ങൾ കൂടുതൽ അടങ്ങിയ പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണക്രമത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. വെ്ളം ധാരാളം അടങ്ങിയ പച്ചക്കറികളായ വെള്ളരിക്ക, കുമ്പളങ്ങ, മത്തങ്ങ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സാലഡ് ആക്കിയും ഇവ ഉപയോഗിക്കാം.

പഴങ്ങൾ ജ്യൂസാക്കി കഴിക്കുന്നതിനെക്കാൾ നല്ലത് പ്രകൃതിദത്തമായ രീതിയിൽ തന്നെ ഉപയോഗിക്കുന്നതാണ്.

പാലും പാലുത്പന്നങ്ങളും ആവാം

ആർത്തവ വിരാമകാലത്തു സ്ത്രീകൾ പാലും പാലുത്പന്നങ്ങളും കഴിക്കണം. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ കൊഴുപ്പു മാറ്റിയിരിക്കണം. ഈസ്ട്രജൻ ഹോർമോണിന്റെ അഭാവം കൂടുതലായി ഉണ്ടാകുന്ന സമയം കൂടിയാണിതെന്ന കാര്യം വിസ്മരിക്കരുത്. എല്ലുകൾക്കുണ്ടാകുന്ന ബലക്കുറവു പരിഹരിക്കാൻ കാത്സ്യം കൂടുതൽ അടങ്ങിയ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തണം.

വെയിൽ കൊള്ളാൻ മടിക്കേണ്ട

ആവശ്യത്തിനു വെയിൽ കൊള്ളുന്നതു നല്ലതാണ്. വിറ്റാമിൻ–ഡിയുടെ ഉത്പാദനം മെച്ചപ്പെടുത്താൻ വെയിൽ കൊള്ളുന്നത് സഹായിക്കും. അതുപോലെതന്നെ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉത്പാദനത്തിനും വെയിലേൽക്കുന്നതു നല്ലതാണ്.

മീൻ കഴിക്കാം

ഒമേഗ–3 അടങ്ങിയിട്ടുള്ള മാംത്സ്യാഹാരങ്ങൾ കഴിക്കുന്നത് നല്ലതാണ്. ചെറിയ മത്സ്യങ്ങളായ അയല, ചാള, കൊഴുവ എന്നിവ കൂടുതലായി കഴിക്കുക.

കോഴിയിറച്ചി, മുട്ട, മറ്റ് മാംസ്യവിഭവങ്ങൾ എന്നിവ കഴിയുന്നതും കുറയ്ക്കണം. കക്ക വർഗത്തിൽപ്പെട്ട കക്ക, ഞണ്ട്, ചെമ്മീൻ എന്നിവയുടെ ഉപയോഗം മിതപ്പെടുത്തണം. ഇവയിൽ കൊഴുപ്പു കൂടുതലാണ്. ഇത് കൊളസ്ട്രോൾ ഉണ്ടാക്കാൻ കാരണമാകും.

ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

ഇരുമ്പും നാരും കൂടുതലായി അടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. ചീര, മുരിങ്ങയില, സാലഡ്, പകുതിവേവിച്ച പച്ചക്കറികൾ ഇവ ശരിയായ മലശോധനയ്ക്കു സഹായിക്കും. തവിടു മാറ്റാത്ത ധാന്യങ്ങൾ, തൊലിയോടു കൂടിയ പയറുവർഗങ്ങൾ, ഇരുമ്പിന്റെ അംശം കൂടുതലുള്ള ശർക്കര, പച്ച നിറത്തിലുള്ള പച്ചക്കറികൾ, ഡേറ്റ്സ്, അവൽ എന്നിവയും ധാരാളമായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം.

കശുവണ്ടി പരിപ്പ്, ബദാം എന്നിവ വളരെയധികം കൊഴുപ്പ് പ്രധാനം ചെയ്യും. അതിനാൽ ഇവ മിതമായ അളവിൽ ഉപയോഗിക്കാം.

എണ്ണ ആവശ്യത്തിനുമാത്രം

ദിവസേന മൂന്ന്– നാല് ടീസ്പൂൺ എണ്ണയാണ് ഉപയോഗിക്കേണ്ടത്. ഒന്നോ രണ്ടോ എണ്ണകൾ മാറിമാറി ഉപയോഗിക്കാം.

പുറത്തുനിന്നുള്ള ഭക്ഷണത്തോടു ബൈ പറയാം

സമയം കിട്ടുമ്പോഴൊക്കെ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നത് ഇന്നത്തെ ഫാഷനാണ്. ആർത്തവ വിരാമകാലത്തു പുറമേ നിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.

ണ്ട<യ>ണ്ട വ്യായാമം ശീലിക്കാം

ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതു നല്ലതായിരിക്കും. നടത്തം, നീന്തൽ, ജോഗിംഗ് എന്നിവ ശീലിക്കാം. വ്യായാമത്തിന്റെ അഭാവത്താൽ സന്ധികൾക്കു വഴക്കം നഷ്ടമാകും. ഇത് ഒഴിവാക്കാൻ വ്യായാമത്തിനു കഴിയും.

എസ്.എം

വിവരങ്ങൾക്കു കടപ്പാട്:
സിന്ധു. എസ്
ഡയറ്റീഷൻ