ജിഎസ്ടിയിലേക്കു മാറാൻ കേരളം തയാർ
Wednesday, June 28, 2017 2:06 AM IST
ചരിത്രത്തിലെ നാഴികക്കല്ലായ നികുതി പരിഷ്കരണത്തിലേക്കു രാജ്യം മാറാൻ ഇനി മൂന്നു ദിനം കൂടി മാത്രം. വർഷങ്ങളുടെ കാത്തിരിപ്പിനും ദീർഘനാളത്തെ മുന്നൊരുക്കത്തിനുംശേഷം ഏകീകൃത നികുതി സമ്പ്രദായത്തിലേക്കു ജൂലൈ ഒന്നിന് ഇന്ത്യ പ്രവേശിക്കുന്നു.
വെള്ളിയാഴ്ച അർധരാത്രി ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തോടെ ജിഎസ്ടിയിലേക്കു ചുവടുവച്ചുകൊണ്ടു പുതിയ നികുതി ഭരണത്തിനു കേന്ദ്ര സർക്കാർ അതിനാടകീയത നൽകുമ്പോൾ രാജ്യത്തെ ധനകാര്യ- ബിസിനസ്- വ്യവസായ മേഖലയും ആകാംക്ഷയോടെയും കുറെയൊക്കെ ആശങ്കയോടെയുമാണു ജിഎസ്ടിയെ വരവേൽക്കുന്നത്.
ജിഎസ്ടിക്കു രൂപം നൽകാനും നികുതി നിരക്കുകൾ നിശ്ചയിക്കാനും ജിഎസ്ടി കൗണ്സിൽ യോഗം ചേരുമ്പോൾ സാമ്പത്തിക വിദഗ്ധൻ കൂടിയായ കേരളത്തിന്റെ ധനമന്ത്രി ഡോ. തോമസ് ഐസക് എന്നും ശ്രദ്ധാകേന്ദ്രമായിരുന്നു. ജിഎസ്ടിയിലേക്ക് ഏറെ സംഭാവന നൽകിയ ധനമന്ത്രിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിശേഷിപ്പിച്ച ഡോ. തോമസ് ഐസക് രാഷ്്ട്രദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ കേരളത്തിനുണ്ടാകാൻ പോകുന്ന നേട്ടങ്ങളേക്കുറിച്ചും നേരിടേണ്ട വെല്ലുവിളികളേക്കുറിച്ചും വിശദമായി സംസാരിച്ചു.
ഡോ. തോമസ് ഐസക്കുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കുക.
? രാജ്യം കണ്ട ഏറ്റവും വലിയ നികുതി പരിഷ്കരണമാണു ജിഎസ്ടി എന്നാണല്ലോ വിശേഷിപ്പിക്കപ്പെടുന്നത്. പുതിയ നികുതി പരിഷ്കരണത്തെ എങ്ങനെ കാണുന്നു.
രാജ്യം കണ്ട ഏറ്റവും വലിയ നികുതി പരിഷ്കരണം വാറ്റ് നികുതി ആയിരുന്നു. അതിന്റെ വിപുലീകൃത രൂപം മാത്രമാണ് ജിഎസ്ടി. സംസ്ഥാന അതിർത്തികൾക്കുള്ളിലായിരുന്നു വാറ്റ് എങ്കിൽ അന്തർസംസ്ഥാന നികുതിയായി ജിഎസ്ടി നടപ്പിലാക്കുന്നു എന്നു മാത്രം. എല്ലാ പരോക്ഷനികുതിയും ഏകോപിപ്പിച്ച് ഒറ്റ നികുതിയാക്കുന്നു എന്നതു ശരി തന്നെ. എങ്കിലും വലിയ പരിഷ്കാരം വാറ്റ് ആയിരുന്നു എന്നു തന്നെ പറയേണ്ടിവരും.
? കേരളം തുടക്കത്തിൽ ജിഎസ്ടിയെ സ്വാഗതം ചെയ്തു. പിന്നീട് അത്ര ആവേശം കാട്ടിയില്ല. എന്തുകൊണ്ടാണിത്.
രാഷ്ട്രീയമായി ജിഎസ്ടിയോടും വാറ്റിനോടും ഞങ്ങൾക്കു വിമർശനമുണ്ട്. കാരണം ഇതു സംസ്ഥാനങ്ങളുടെ അധികാരത്തിനു കൂച്ചുവിലങ്ങിടും. കേന്ദ്രത്തിനും ഇങ്ങനെ തന്നെയല്ലേ എന്നു ചോദിച്ചാൽ അല്ല എന്നു പറയണം. അവർക്ക് ഇനിയും പലതും കൈവശമുണ്ട്. എങ്കിലും എല്ലാ സംസ്ഥാനങ്ങളും അനുകൂല നിലപാടെടുക്കുമ്പോൾ എതിർത്തുനിന്നിട്ടു കാര്യമില്ല. അതുകൊണ്ട് ജിഎസ്ടിയോടു യോജിച്ചു.
? കേരളത്തിന്റെ അംഗീകരിക്കപ്പെടാതെ പോയ പ്രധാന ആവശ്യങ്ങൾ എന്തൊക്കെ ആയിരുന്നു.
സംസ്ഥാന ജിഎസ്ടിക്ക് മിനിമം പരിധി നിശ്ചയിച്ചാൽ മതി എന്നായിരുന്നു നമ്മുടെ നിലപാട്. അല്ലെങ്കിൽ ഒരു ബാൻഡിനുള്ളിൽ നിന്നു നിരക്കുകൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നു നമ്മൾ വാദിച്ചു. ഇത് അംഗീകരിക്കപ്പെട്ടില്ല. അങ്ങനെ ചെയ്താൽ നടപടിക്രമങ്ങൾ സങ്കീർണമാകുമെന്ന വാദമാണു കേന്ദ്രം മുന്നോട്ടുവച്ചത്.
അതുപോലെ തന്നെ ജിഎസ്ടി വരുമാനം കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതം വയ്ക്കാനാണു തീരുമാനം. കേന്ദ്രത്തിനു 40 ശതമാനവും സംസ്ഥാനങ്ങൾക്ക് 60 ശതമാനവും നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. നിലവിൽ കേന്ദ്ര - സംസ്ഥാന വീതംവയ്പ് ഏതാണ്ട് ഈ തോതിലായിരുന്നു. ഈ ആവശ്യവും അംഗീകരിച്ചില്ല. ആഡംബര വസ്തുക്കൾക്ക് 35 ശതമാനം നിരക്ക് നിശ്ചയിക്കണമെന്നും അവശ്യവസ്തുക്കൾക്ക് നികുതി ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ വേണമെന്നും കേരളം നിലപാടെടുത്തു. ഇതും ഭാഗികമായേ അംഗീകരിക്കപ്പെട്ടുള്ളു. പരമാവധി നികുതി 24 ശതമാനം എന്നത് 28 ശതമാനമായി ഉയർത്തി. കുറഞ്ഞത് ആറു ശതമാനം നിശ്ചയിച്ചത് അഞ്ച് ആക്കി കുറച്ചു.
നികുതി ഭരണത്തിൽ കേന്ദ്രത്തേക്കാൾ സംസ്ഥാനങ്ങൾക്കു കൂടുതൽ സ്ഥാനം കിട്ടിയത് നേട്ടമായി. നികുതിദായകരിൽ 80 ശതമാനം പേരെ സംസ്ഥാനങ്ങളുടെ പരിധിയിലാക്കാൻ സാധിച്ചു.
? ചില കാര്യങ്ങളിൽ കേരളം കേന്ദ്രവുമായി ശക്തമായി കോർത്തതായി വാർത്തകളുണ്ടായിരുന്നു. ഏതൊക്കെ കാര്യങ്ങളിലായിരുന്നു ഇങ്ങനെ തീരുമാനം മാറ്റിക്കാൻ സാധിച്ചത്.
വിൽക്കുന്നിടത്തെ നികുതി എന്നതിൽനിന്നു ചെല്ലുന്നിടത്തെ നികുതി എന്ന തത്ത്വത്തിൽ വെള്ളം ചേർക്കാൻ ശ്രമമുണ്ടായി. കേരളം അതിനെ ശക്തമായി ചെറുത്തു. ഓണ്ലൈൻ വ്യാപാരം പോലെയുള്ള മേഖലകളിൽ നികുതി നിശ്ചയിക്കുന്നതിൽ വെള്ളം ചേർക്കാനുള്ള നീക്കമാണുണ്ടായത്. അതു ചെറുത്തുതോൽപ്പിക്കാൻ സാധിച്ചതാണു പ്രധാന നേട്ടം. കശുവണ്ടിയുടെയും കയറിന്റെയും നിരക്ക് 12 ൽ നിന്ന് അഞ്ചായി കുറപ്പിക്കാൻ സാധിച്ചതും കേരളത്തിന്റെ പോരാട്ടം വഴിയാണ്. ഇതു വലിയ ഗുണം ചെയ്യും.
id='bsrv-7536'data-tagId='AV673f1880a2d67952b4056876'>
? ജിഎസ്ടിയിലേക്കു മാറാൻ വേണ്ട തയാറെടുപ്പുകൾ പൂർത്തിയായില്ല എന്ന വിമർശനമുണ്ട്.
ആരും തയാറെടുത്തിട്ടില്ല. പാലം പണി തുടങ്ങിയപ്പോൾ തന്നെ പാലത്തിലൂടെ നടക്കാൻ അനുമതി കൊടുത്ത സ്ഥിതിയാണ്. തൂണുകളൊക്കെ നിർമിക്കാൻ പോകുന്നതേയുള്ളു. പക്ഷേ നമുക്കു പ്രശ്നമില്ല. ഇവിടെ ആശങ്കപ്പെടേണ്ടതുമില്ല. ജിഎസ്ടി വരട്ടെ. നികുതി വരുമാനം കുറഞ്ഞാൽ 14 ശതമാനം വളർച്ച ഉറപ്പാക്കുമെന്നു കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്. അതായത് കുറവു വന്നതു കേന്ദ്രം നഷ്ടപരിഹാരമായി നൽകും. അതുകൊണ്ടു തന്നെ നമുക്കു പ്രശ്നമൊന്നുമില്ല.
? നികുതി വരുമാനം സംബന്ധിച്ചു കേരളത്തിന്റെ പ്രതീക്ഷ എന്താണ്.
20 ശതമാനം നികുതി വരുമാന വർധന നമുക്കു ലഭിക്കും. ഈ വർഷം അത്രയും ഉണ്ടാകില്ലായിരിക്കും. വാറ്റിലൂടെ ഇപ്പോൾ 10 ശതമാനം വർധനയേ കൈവരിക്കാൻ സാധിക്കുന്നുള്ളു. കഴിഞ്ഞ വർഷം എല്ലാ ശ്രമവും നടത്തിയിട്ടും 10 ശതമാനത്തിനു മുകളിലേക്കു കൈവരിക്കാൻ കഴിഞ്ഞില്ല. വാറ്റ് വരുമാനം പരമാവധിയിലെത്തി എന്നു വേണം കരുതാൻ. ജിഎസ്ടിയിലൂടെ ഏതാനും വർഷങ്ങളിലേക്ക് 20 ശതമാനം വീതം വരുമാന വർധന പ്രതീക്ഷിക്കാം.
? നികുതി നിർണയത്തിൽ നിയമസഭയ്ക്കും ലോക്സഭയ്ക്കുമുള്ള പരമാധികാരം ഇല്ലാതായില്ലേ. ഇനി ജിഎസ്ടി കൗണ്സിൽ അല്ലേ നികുതി നിശ്ചയിക്കുക. ഇതു ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉണ്ടാക്കില്ലേ.
പാർലമെന്റിലും ഇതു സംബന്ധിച്ച വിമർശനം ഉണ്ടായതാണ്. പക്ഷേ പാർലമെന്റ് തന്നെ പാസാക്കിയ നിയമമാണ്. ഇനി കരഞ്ഞിട്ടു കാര്യമില്ല. ഏതായാലും പാർലമെന്റിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു എന്നു പറയുന്നതിൽ അർഥമില്ല. പാർലമെന്റ് പാസാക്കിയ നിയമത്തിനുള്ളിൽ നിന്നു കൊണ്ടു മാത്രമേ കൗണ്സിലിനു പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. അവകാശം നഷ്ടപ്പെടുമെന്നു തോന്നിയാൽ പാർലമെന്റിനു തന്നെ ജിഎസ്ടി വേണ്ടെന്നു വയ്ക്കാമല്ലോ.
? ജിഎസ്ടിയുടെ പരിധിയിലില്ലാത്ത പെട്രോളിയം ഉത്പന്നങ്ങൾ, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ തുടങ്ങിയവ ജിഎസ്ടിയിലേക്കു മാറ്റാൻ കേന്ദ്രം ശ്രമിച്ചേക്കില്ലേ.
ഒരു കാരണവശാലും അംഗീകരിക്കില്ല. 14 സംസ്ഥാനങ്ങൾ ഒരുമിച്ചു നിന്നാൽ ഇത്തരം നീക്കങ്ങളെ ചെറുത്തു തോൽപിക്കാൻ സാധിക്കും.
(തുടരും)
സാബു ജോണ്
ധനകാര്യമേഖലയിൽ എല്ലാ സേവനങ്ങൾക്കും ചെലവു വർധിക്കും
ചരക്കു-സേവന നികുതി വരുന്നതോടെ ധനകാര്യ സേവനങ്ങൾക്കു ചെലവേറും. ധനകാര്യ സേവനങ്ങൾക്ക് ഇപ്പോൾ സേവനനികുതി ഉണ്ട്. 15 ശതമാനമാണ് അത്. സേവനങ്ങൾക്കു ജിഎസ്ടിയിൽ നാലു വ്യത്യസ്ത നിരക്കുകളാണുള്ളത്. 5%, 12%, 18%, 28% എന്നിങ്ങനെ.
ബാങ്കിംഗ്
ബാങ്കുകൾ ഈടാക്കുന്ന എല്ലാ സർവീസ് ചാർജിനും ഇനി 18 ശതമാനം ജിഎസ്ടി നല്കണം- ഇപ്പോഴത്തേതിലും മൂന്നു ശതമാനം അധികം.
നിശ്ചിത തവണയിൽ കൂടുതലുള്ള എടിഎം ഉപയോഗം, നിർദിഷ്ട സംഖ്യയിൽ കൂടുതൽ, ചെക്ക് ബുക്ക്, മിനിമം ബാലൻസ് ഇല്ലാത്തപ്പോൾ ഈടാക്കുന്ന പിഴ, ഡിഡി പോലുള്ള ഉപകരണങ്ങൾ എടുക്കാൻ ഈടാക്കുന്ന ഫീസ്, ആർടിജിഎസ്-എൻഇഎഫ്ടി ഫീസ്, പണകൈമാറ്റ ഫീസ് തുടങ്ങി എല്ലാം ജിഎസ്ടി പരിധിയിൽ വരും. ലോക്കർ ഫ്രീ.
ഇൻഷ്വറൻസ്
ലൈഫ് ഇൻഷ്വറൻസ് പോളിസികൾക്കും ജനറൽ ഇൻഷ്വറൻസ് പോളിസികൾക്കും പ്രീമിയം വർധിക്കും.
ലൈഫ് ഇൻഷ്വറൻസിൽ പോളിസികളുടെ സ്വഭാവമനുസരിച്ചാണു നികുതിവ്യത്യാസം. ശുദ്ധ ലൈഫ് കവർ പോളിസികൾക്കു പ്രീമിയം തുക മുഴുവനിലുമാണ് ജിഎസ്ടി വരിക. എന്നാൽ, യുലിപുകൾക്കും എൻഡോവ്മെന്റ് പ്ലാനുകൾക്കും അതിലെ സർവീസ് ചാർജ് ഭാഗത്തിനു മാത്രമേ ജിഎസ്ടി വരൂ.
പരന്പരാഗത സേവിംഗ്സ്-ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾക്ക് ഒന്നാം വർഷ പ്രീമിയത്തിന്റെ നികുതി 3.75 ശതമാനത്തിൽനിന്ന് 4.5 ശതമാനമാകും. (പ്രീമിയത്തിന്റെ 25 ശതമാനത്തിനാണ് 15 ശതമാനം സേവനനികുതി ഈടാക്കിയിരുന്നത്. ജിഎസ്ടി 18 ശതമാനമായപ്പോൾ മൊത്തം പ്രീമിയത്തിന്റെ 4.5 ശതമാനമാകും നികുതി). പിന്നീടുള്ള വർഷങ്ങളിലേത് 1.88 ശതമാനത്തിൽനിന്ന് 2.25 ശതമാനമാകും.
മ്യൂച്വൽ ഫണ്ടുകൾ
മ്യൂച്വൽ ഫണ്ട് സ്കീമുകൾ കൈകാര്യം ചെയ്യുന്ന അസറ്റ് മാനേജ്മെന്റ് കന്പനികൾക്കു വരുന്ന ചെലവുകൾക്ക് കൂടുതൽ നികുതി വരും, 15 ശതമാനത്തിനു പകരം 18 ശതമാനം. ഇത് സ്കീമിന്റെ അറ്റ ആസ്തിമൂല്യം (എൻഎവി) അല്പം കുറയ്ക്കും. നിക്ഷേപകർക്ക് അത്രകണ്ട് ആദായം കുറയും.
ക്രെഡിറ്റ് കാർഡ്
ക്രെഡിറ്റ് കാർഡ് ഫീസിനും കുടിശികയുടെ സർവീസ് ചാർജിനും നിലവിലുള്ളതിനേക്കാൾ മൂന്നു ശതമാനം കൂടുതലാകും ജിഎസ്ടി.