കാള കിടക്കും സർക്കാരോടും !
കാള കിടക്കും കയറോടുമെന്നതായിരുന്നു ഇതുവരെയുള്ള കടംകഥ. ഉത്തരം മത്തങ്ങയാണെന്നു പറയാൻ ഏതു മത്തങ്ങത്തലയനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. ഇത്തവണയും കാള കിടന്നു, പക്ഷേ, കയറോടിയില്ല, പകരം ഓടിയതു കേന്ദ്രസർക്കാരാണ്, ഓടിച്ചതു സുപ്രീംകോടതിയും. തല മത്തങ്ങയായതു കേന്ദ്രത്തിന്റേതാണോ ജയാമ്മയുടേതാണോ എന്നതാണ് ഇപ്പോഴത്തെ തർക്കം. ജെല്ലിക്കെട്ട് ഇത്രയും വലിയ കമ്പക്കെട്ടായി മാറുമെന്ന് ആരറിഞ്ഞു?

ജെല്ലിക്കെട്ടിനു മൂക്കുകയർ ഇട്ടിരുന്നതിനാൽ നാലു വർഷമായി റെസ്റ്റ് ഇൻ പീസിലായിരുന്നു കാളകളൊക്കെ. അങ്ങനെയിരുന്നപ്പോഴാണ് ഏതോ ഒരു സംഘിനേതാവിന്റെ മണ്ടയിൽ, ജെല്ലിക്കെട്ടിന്റെ വേലിക്കെട്ടു പൊട്ടിച്ചാൽ തമിഴ്നാട്ടിൽ കിട്ടാവുന്ന വോട്ടുകെട്ടിന്റെ ലഡു പൊട്ടിയത്. ജയാമ്മയുടെ മുഖം തെളിയാൻ ഇതിനേക്കാൾ വലിയ ഐഡിയ ഇല്ലെന്നു കേന്ദ്രത്തിനും തോന്നി. നിയമത്തിന്റെ കൂട്ടിലായിരുന്ന ജെല്ലിക്കെട്ടിനെ ആട്ടിത്തെളിച്ചു പുറത്തേക്ക് ഇറക്കാൻ പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

അതോടെ ചില സർക്കാർ ജീവനക്കാരെപ്പോലെ റെസ്റ്റെടുത്തു കഷ്ടപ്പെട്ടുകൊണ്ടിരുന്ന കാളകൾ ക്ലോക്കിലേക്ക് എന്ന മട്ടിൽ പതിയെ മുഖം ഉയർത്തി നോക്കി. കാളകളുടെ പ്രൊപ്രൈറ്റർമാർ ചാടിയെണീറ്റു. ചിലർ കാളകളെ പല്ലു തേയ്പിച്ചു, ചിലർ എണ്ണതേച്ചു കുളിപ്പിച്ചു... അങ്ങനെ ജെല്ലിക്കെട്ടിന് ഒരുക്കങ്ങൾ തകൃതി.

അതിനിടെ, ഓടാൻ മടിയുള്ള ആനവണ്ടിയെപ്പോലെ കട്ടപ്പുറത്തിരുന്ന ഒരു കാളയ്ക്കു ചെറിയൊരു സംശയം. ഈ പശുവിനെയും കാളയെയുമൊക്കെ കൊല്ലരുതെന്നല്ലേ സംഘികൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനിടയിൽ ജെല്ലിക്കെട്ടിന്റെ കമ്പക്കെട്ടിനു തീകൊളുത്തുന്നതു ശരിയാണോ ? കാളയുടെ സംശയം ന്യായം. പക്ഷേ, പശുവിനെയും കാളയെയും കൊല്ലുന്നതിനോടു മാത്രമേ സംഘിക്കൂട്ടങ്ങൾക്ക് എതിർപ്പുള്ളൂ. നാടൊട്ടുക്കും കാളയെ ഇട്ടോടിക്കുന്നതിനും അതുമായി ഗുസ്തിപിടിക്കുന്നതിനും അവർക്കു വിരോധമില്ലത്രേ.


മാത്രവുമല്ല, വെറുതെയിരിക്കുന്ന കാള ഇടയ്ക്കൊക്കെ ഒന്നോടുന്നത് ആരോഗ്യത്തിനു നല്ലതാണെന്നുമാണ് അവരിൽ പലരുടെയും അഭിപ്രായം. അല്ലെങ്കിൽ അവസാനം കാളയാണെന്നു പറഞ്ഞിട്ടു കാര്യമില്ല, യോഗാസ്വാമിയുടെ പതഞ്ജലി ബിസ്കറ്റും തിന്നു പതംപെറുക്കി കഴിയേണ്ടിവരും.

അങ്ങനെ ജെല്ലിക്കെട്ടു കാണാൻ വട്ടംകൂടിയ നാട്ടുകാർ പക്ഷേ, കണ്ടതു ജെല്ലിക്കെട്ടിന്റെ വേലിക്കെട്ടു പൊളിക്കാൻ ചെന്ന കേന്ദ്രസർക്കാരിനെ സുപ്രീംകോടതി ഓടിച്ചിട്ടു കുത്തുന്നതാണ്. കുത്തുകൊണ്ടോടിയ സർക്കാർ തത്കാലം കാളയുടെ മൂക്കുകയറിലെ പിടിവിടാതെ തടി രക്ഷിച്ചു. എന്നാൽ, ജെല്ലിക്കെട്ടുകാർ കേസുകെട്ടുമായി വീണ്ടും കോടതി കയറി. ജെല്ലിക്കെട്ടു നടത്താൻ അനുവദിച്ചില്ലെങ്കിൽ കാളകളെ കേരളത്തിലേക്കു കശാപ്പിനു കൊടുക്കേണ്ടിവരുമെന്ന ഭീഷണിയായിരുന്നു ഇത്തവണ. മലയാളികൾ കൂടുതലും പോത്താണു തിന്നുന്നതെന്നു മനസിലാക്കിയിട്ടാണോ എന്നറിയില്ല, കോടതി മെരുങ്ങിയില്ല.

പ്രിയ തമിഴ്മക്കളോട് ഒരു അപേക്ഷ, നിങ്ങളെന്തിനാണ് ഈ ജെല്ലിക്കെട്ടു നടത്താൻ കാളകൾത്തന്നെ വേണമെന്നു ഇത്ര വാശിപിടിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയക്കാരെ കണ്ടുപഠിക്കൂ, അവർ എത്രയോ കാലങ്ങളായി ജെല്ലിക്കെട്ടുകൾ നടത്തിവരുന്നു. കേരള മാർച്ച്, ജനരക്ഷായാത്ര, ഉണർത്തുയാത്ര, വിമോചനയാത്ര, നവകേരളമാർച്ച് എന്നിങ്ങനെ വിവിധ പേരുകളിലാണെന്നു മാത്രം. നിങ്ങൾ കാളകളെ ഓടിച്ചിട്ടുപിടിച്ചു മെരുക്കാനും കൊമ്പിലൊളിപ്പിച്ചിരിക്കുന്ന നാണയമെടുക്കാനും എന്തൊക്കെ കഷ്ടപ്പാടുകളാ സഹിക്കുന്നത്. ഇവിടെയാണെങ്കിൽ നമ്മൾ നാണയം എടുക്കേണ്ടതില്ല, കൂടെ ഓടിയാൽ മാത്രംമതി, നോട്ടുമാലയായിട്ടും രസീതു കുറ്റിയായിട്ടും ബക്കറ്റു പിരിവായിട്ടുമൊക്കെ അവർ ആവശ്യമുള്ളത് എടുത്തുകൊള്ളും! നിങ്ങൾ ജെല്ലിക്കെട്ടെന്നു വിളിക്കുമ്പോൾ ഞങ്ങളിതിനെ വള്ളിക്കെട്ട് എന്നു വിളിക്കുന്നുവെന്നു മാത്രം!