പേരില്ലാ യാത്രയുടെ പൊല്ലാപ്പുകൾ!
ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യം ഇതിനകം പലവട്ടം കേട്ടിട്ടുണ്ട്. എന്തെങ്കിലും ഇരുന്നാലും ഇല്ലെങ്കിലും പേരുമൂലം ചിലർക്ക് ഇപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കുന്നു എന്നതാണ് സത്യം. കുറിക്കുകൊള്ളുന്ന പേര് ഒരെണ്ണം കിട്ടിയില്ലെങ്കിൽ ഉള്ള പേരു പോകുമെന്നു സംസ്‌ഥാന സെക്രട്ടറി വിളിച്ചുപറഞ്ഞപ്പോൾ മുതൽ തുടങ്ങിയ ആലോചനയാണ്. പേരിടീൽ, ഇരുപത്തെട്ടുകെട്ട് എന്നൊക്കെ എത്രയോ തവണ കേട്ടിരിക്കുന്നു. പക്ഷേ, ഈ പേരിടീൽ ഇത്രയും വലിയ പൊല്ലാപ്പാണെന്നു നേതാവ് ഇന്നലെ വരെ കരുതിയിരുന്നില്ല. ഒരു പേരിന്റെ പേരിൽ ജില്ലാക്കമ്മിറ്റിക്കാരെ മുഴുവൻ വിളിച്ചുചേർത്തിരുന്നു ചർച്ച തുടങ്ങിയിട്ടു മണിക്കൂർ രണ്ടായി. ഇന്നു രാത്രിയോടെയെങ്കിലും പേരു സംഘടിപ്പിച്ചുകൊടുക്കണമെന്നാണ് സംസ്‌ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്‌ഥാന നേതാക്കൾ പലവട്ടം ചിന്തൻ ബൈഠക്ക് നടത്തിയിട്ടും പേരു കിട്ടാതെ വന്നതോടെയാണ് അത്യാവശ്യം പേരുദോഷമൊക്കെ കേൾപ്പിച്ചിട്ടുള്ള ബുദ്ധിജീവി നേതാവിനെ പേരു കണ്ടെത്താൻ നിയോഗിച്ചത്.

ഇനിയും പിടികിട്ടിയില്ലേ, കാലാവസ്‌ഥാ വ്യതിയാനപ്രകാരം മഞ്ഞുകാലത്തു മൂടിപ്പുതയ്ക്കുക, മഴക്കാലത്തു കുട പിടിക്കുക, വേനലെത്തിയാൽ വീശിമടുക്കുക എന്നിങ്ങനെയുള്ള അനുഷ്ഠാനങ്ങൾ പോലെ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ നടത്തേണ്ട കർമമാണ് തെരഞ്ഞെടുപ്പെന്നു കേട്ടാലുള്ള കേരള യാത്ര. യാത്ര വെറുതെ നടത്തിയാൽ പോരാ, കൂടെ ആളും ഓളവും ബഹളവും വേണം. കൈയിൽ കാശും തലയ്ക്ക് ഓളവുമുണ്ടെങ്കിൽ ആളും ബഹളവും ഈസിയായി സംഘടിപ്പിക്കാം. പക്ഷേ, പേര് അങ്ങനെ കിട്ടില്ലല്ലോ. പെരുമ കിട്ടണമെങ്കിൽ പേരു നന്നാവണം. അല്ലെങ്കിൽ ഉള്ള പേരുകൂടി പോകും.

കണ്ടമാനം യാത്ര വന്നതാ പ്രശ്നമായത്...– പേരിനു വേണ്ടി തല പുകച്ചുകൊണ്ടിരുന്ന അണികളെ നോക്കി നേതാവ് വിഷമത്തോടെ പറഞ്ഞു. വെള്ളാപ്പള്ളി മുതൽ ഉഴവൂർ വിജയൻ വരെ യാത്രയ്ക്കു പേരിട്ടു കഴിഞ്ഞപ്പോൾ സ്റ്റോക്ക് മുഴുവൻ തീർന്നു.

ഡിഫിക്കാരുടെ ജനജാഗ്രതായാത്ര, വെള്ളാപ്പള്ളി വക സമത്വ മുന്നേറ്റയാത്ര, സുധീരന്റെ കേരള രക്ഷാമാർച്ച്, പിണറായി വിജയന്റെ നവകേരള മാർച്ച്, കുമ്മനം സാറിന്റെ വിമോചനയാത്ര, ഉഴവൂർ വിജയന്റെ ഉണർത്തുയാത്ര, ഇനി കാനം സഖാവിന്റെ യാത്ര, കുഞ്ഞാലിക്കുട്ടി സാഹിബിന്റെ യാത്ര, പിന്നെ ചെറു പാർട്ടികളുടെ കൂട്ടയാത്ര എന്നിങ്ങനെയുള്ള യാത്രകളാണു കേരളത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതും. ആദ്യത്തെ യാത്രകൾ കണ്ടുമടുത്ത ജനം ഉറങ്ങിപ്പോയെങ്കിലോ എന്നു കരുതിയാവണം പേരിടാൻ മിടുക്കനായ രണ്ടാം വിജയൻ തന്റെ യാത്രയെ ഉണർത്തുയാത്ര എന്നു വിളിച്ച് കുലുക്കിയുണർത്തി.


നേതാവേ, കൊള്ളാവുന്ന പേരുകളൊക്കെ ആദ്യം യാത്ര നടത്തിയവർ കൊണ്ടുപോയി. നമ്മുടെ യാത്ര നടത്താനുള്ള തീരുമാനം ഇത്തിരി വൈകിപ്പോയി എന്നതു പറയാതിരിക്കാനാവില്ല– ജില്ലാക്കമ്മിറ്റിയിലെ ഒരു പ്രമുഖൻ പരിഭവം മറച്ചുവച്ചില്ല.

‘തെരഞ്ഞെടുപ്പെന്നു കേട്ടപ്പോൾത്തന്നെ നമ്മൾ യാത്രയെക്കുറിച്ച് ആലോചിച്ചതാ. ആലോചന കഴിഞ്ഞു മുറിക്കു പുറത്തിറങ്ങിയപ്പോൾ അതാ പോകുന്നു നാലു പാർട്ടിക്കാർ യാത്രയുമായി. ഉണ്ടായിരുന്ന പോസ്റ്റുകളിലെല്ലാം അവൻമാർ കൊടികൾ കെട്ടി. നാലു പേരു നിരന്നു നടക്കാവുന്ന റോഡുകളെല്ലാം അവർ കൈയേറി. കണ്ടാൽ മലയാളികളെപ്പോലെ തോന്നുന്ന ബംഗാളികളെയെല്ലാം അവർ ബുക്കു ചെയ്തുകൊണ്ടുപോയി. ഫ്ളെക്സ് വയ്ക്കാനും സ്റ്റേജ് കെട്ടാനും ഇടമില്ല... ഇതിനിടയിൽ നമ്മൾ എങ്ങനെ യാത്ര നടത്തും?’

ഇത്രയും നേരം മിണ്ടാതിരുന്ന ജില്ലാ സെക്രട്ടറി ചാടിയെണീറ്റു. ഇനി ഒറ്റ വഴിയേയുള്ളൂ, ഏതായാലും റോഡിലൂടെ തെരഞ്ഞെടുപ്പിനു മുമ്പ് ഒരു യാത്ര നടത്താൻ ചാൻസ് കിട്ടുമെന്നു തോന്നുന്നില്ല. ഇക്കാര്യത്തിലാണു നമ്മൾ മോദിജിയെ കണ്ടുപഠിക്കേണ്ടത്... കാസർഗോട്ടുനിന്ന് ഒറ്റപ്പറക്കൽ.. ഇവരൊക്കെ ഏന്തിവലിഞ്ഞ് എത്തുംമുമ്പേ തിരുവനന്തപുരത്തു ചെന്നു സമ്മേളനം നടത്തി പിരിയാം. കേരള ആകാശയാത്ര എന്നു പേരുമിടാം. അണികൾ ഓരോ ജംഗ്ഷനിലുംനിന്ന് ആകാശത്തേക്കു നോക്കി മുദ്രവാക്യം മുഴക്കിയാൽ പോരേ...

അഭിപ്രായത്തിനു സലാം, ജനത്തിനും ഇഷ്ടം അതായിരിക്കും, കാരണം ഈ ട്രാഫിക് ജാം അധികം തിന്നേണ്ടിവരില്ലല്ലോ!