ഒരിടത്ത് ഒരു തത്തയുണ്ടായിരുന്നു!
ഒരിക്കൽ ഒരിടത്ത് ഒരു തത്തയുണ്ടായിരുന്നു. ഏറെക്കാലം അതിന്റെ വാസം ഏതോ കാട്ടുപ്രദേശത്ത് ആയിരുന്നു. നാട്ടുകാർ അതിനെ പുറത്തുകണ്ടിട്ടേയില്ല. അങ്ങനെയിരിക്കെ തത്ത നാട്ടിലെ ഒരു ഫയർഫോഴ്സ് മരത്തിന്റെ കൊമ്പിൽ വന്നു ചേക്കേറി. ഒരു ദിവസം തത്ത കൊത്തിക്കൊറിച്ചുകൊണ്ടു മരക്കൊമ്പിൽ ഇരിക്കവേ ഒരു സംഘം മരംവെട്ടുകാർ അതുവഴിയെത്തി. അവർ മരച്ചുവട്ടിൽ കോടാലി വച്ചിട്ട് വിശ്രമിക്കാൻ തുടങ്ങി. ഇതു കണ്ട തത്തയ്ക്ക് ഒരു കുസൃതി തോന്നി. അതു മരത്തിൽ പഴുത്തു വീഴാറായി നിന്ന ചില കായ്കളിൽ ആഞ്ഞുകൊത്തി. ഇതോടെ പഴങ്ങളിൽ ചിലതു പൊഴിഞ്ഞു മരംവെട്ടുകാരുടെ തലയിൽത്തന്നെ വീണു. അവർ ഞെട്ടിയുണർന്നു ചുറ്റും നോക്കി. അപ്പോൾ ഒരു പാട്ടുകേട്ടു... ഫയർഫോഴ്സ് മരത്തിന്റെ ചി ല്ലകൾ കിണറ്റിൽ വീണ പശുവിനും റോഡിൽ വീണ മരത്തിനും പിടിച്ചുകയറാനുള്ളതല്ലെന്നായിരുന്നു പാട്ട്. മരംവെട്ടുകാർ മുകളിലേക്കു നോക്കി, തത്ത പാട്ടുതുടരുകയാണ്. ഈ തത്ത ഇങ്ങനെ പാട്ടുതുടർന്നാൽ നാട്ടുകാരുടെ പൂരപ്പാട്ടു തങ്ങൾ കേൾ ക്കേണ്ടി വരുമെന്നു മരംവെട്ടുകാർക്കു തോന്നി. അവർ കമ്പും തോട്ടിയും കൊണ്ടുവന്നു തത്തയെ ഓടിച്ചു.

ഫയർഫോഴ്സ് മരത്തിൽനിന്നു പറന്ന തത്ത നേരേപോയി ഇരുന്നത് പൂത്തുതളിർത്തുനിന്ന വിജിലൻസ് വൃക്ഷത്തിലായിരുന്നു. മരംവെട്ടുകാരുടെ കാര്യമായ ശല്യമില്ല, ഇഷ്ടം പോലെ പഴങ്ങൾ.. തത്തയ്ക്കു വലിയ സന്തോഷമായി. എന്നാൽ, കുറച്ചുദിവസം കഴിഞ്ഞപ്പോൾ തത്തയ്ക്കു ബോറടിച്ചുതുടങ്ങി. പതിവു പഴങ്ങൾ തിന്നു മടുത്തു. അങ്ങനെയിരിക്കെയാണ് ഒരു കോൺട്രാക്ടർ തലയിലെ കുട്ട നിറയെ എന്തോ ഒരു പഴവുമായി പോകുന്നതു കണ്ടത്. ഇതെന്തു പഴമാണ്.? തത്തയ്ക്ക് ആകാംക്ഷയാ യി. കോൺട്രാക്ടർ പറഞ്ഞു: ഇതാണ് കോഴപ്പഴം.. എന്റെ തോട്ടത്തിൽ വിളഞ്ഞതാ.

ഒരെണ്ണം എനിക്കു തരുമോ? —തത്ത ചോദിച്ചു. പക്ഷേ, കോൺട്രാക് ടർ പറഞ്ഞു: ഇല്ലില്ല, മൊത്തമായി മാധ്യമച്ചന്തയിൽ വിൽക്കാൻ കൊണ്ടുപോകുവാ... അവിടുന്നു കിട്ടും വാങ്ങിക്കോ.. ഇതും പറഞ്ഞു കോഴപ്പഴവുമായി അയാൾ ന്യൂസ് നൈറ്റിന്റെ വണ്ടി പിടിക്കാൻ പോയി.


തത്ത വിഷമിച്ചിരിക്കുമ്പോഴാണ് വിജിലൻസ് മരത്തിന്റെ അടുത്ത കൊമ്പിലിരുന്ന മറ്റൊരു പക്ഷിയുടെ കൈയിൽ അതാ കോഴപ്പഴം ഇരിക്കുന്നു. കൊതിയേറിയതോടെ കോഴപ്പഴത്തിൽ ആരും കാണാതെ ഒന്നു കൊത്തി നോക്കി. നല്ല രുചി..പിന്നെ തലങ്ങും വിലങ്ങും കൊത്തി. കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്താൻ തുടങ്ങിയപ്പോഴാണ് മരംവെട്ടുകാർ ഞെട്ടിയത്. ഈ തത്തയുടെ പച്ച വെറും പച്ചയല്ല, കമ്യൂണിസ്റ്റ് പച്ചയാണെന്നു അവരിൽ ചിലർ അടക്കം പറഞ്ഞു. തത്തയെ എങ്ങനെ ഓടിക്കും? തത്തയ്ക്കു പച്ചപ്പനംതത്ത എന്നു പ്രമോഷൻ നൽകിയാലോ? അങ്ങനെ പച്ചപ്പനംതത്തയെ ഹൗസിംഗ്കോർപറേഷനിലെ കൂട്ടിലേക്കു മാറ്റി പൂട്ടി.

എന്നാൽ, കടുംവെട്ടുകാർ പോയി അമ്പത്തൊന്നുവെട്ടു കാർ വന്നതോടെ തത്തയെ വീട്ടിൽ വളർത്തുന്നതു ശിക്ഷാർഹമാണെന്നു പറഞ്ഞ് അതിനെ വീണ്ടും വിജിലൻസ് മരത്തിന്റെ ഏറ്റവും മുകളിലത്തെ കൊമ്പിൽകൊണ്ടിരുത്തി... ആഹാ ഇവിടിരുന്നാൽ എല്ലാവരെയും കാണാം, എല്ലാ പഴവും തിന്നാം, കാഷ്ഠിച്ചാൽ താഴെയിരിക്കുന്നവരുടെ തലയിൽത്തന്നെ വീണോളും... തത്ത വെരി ഹാപ്പി. എന്നാൽ, വേണ്ടാത്ത വർത്തമാനം പറയുന്ന തത്തയെ കൂടെക്കൂട്ടാൻ മറ്റു പക്ഷികളൊന്നും തയാറായില്ല. തന്റെ കൂട്ടിൽ കയറി മുട്ടയിട്ട ഈ പക്ഷികളെയെല്ലാം ഒരു പാഠം പഠിപ്പിക്കണം—തത്തയ്ക്കു തോന്നി. പക്ഷേ, അതിനിടയിൽ ധനവരാന്തയിൽ ചുറ്റിനടന്ന ഒരു പൂച്ച തത്തയെ പിടിക്കാൻ രംഗത്തിറങ്ങി. ഇതോടെ, മഞ്ഞ, ചുവപ്പ്, പച്ച കാർഡുകൾ നിരത്തിവച്ചിട്ട് ക്ലിഫ്ഹൗസിലെ പക്ഷിശാസ്ത്രക്കാരൻ കൂടു തുറന്നു.. പുറത്തിറങ്ങിയ തത്ത ചുറ്റുമൊന്നു നോക്കി. എല്ലാവരുമോർത്തു ഇത്തവണ തത്ത ചുവന്ന കാർഡ് എടുത്തു പറന്നുപോകും. എന്നാൽ, തത്ത പച്ചക്കാർഡ് തട്ടി പക്ഷിശാസ്ത്രക്കാരന്റെ മുന്നിലേക്ക് ഇട്ടിട്ടു നേരേ വിജിലൻസ് കൊമ്പിലേക്കു പറന്നു.. കഥ തുടരും!