സ്വയത്തിലെ ഇടവകയും വികാരിയച്ചനും ഒറിജിനൽ !
Thursday, February 23, 2017 8:59 AM IST
ഓട്ടിസം കുട്ടിയായ ജർമൻ മലയാളി മറുണിന്റെയും അവന്റെ അമ്മ ആഗ്നസിന്റെയും ജീവിതസമരങ്ങളുടെ കഥപറയുന്ന ചിത്രമാണ് ആർ. ശരത്തിന്റെ സ്വയം. സ്വയത്തിൽ ജർമൻ പള്ളിയിലെ പുരോഹിതനായി അഭിനയിച്ച മലയാളി ഫാ. റോയി കല്ലന്പള്ളിൽ സ്വയം സിനിമയെക്കുറിച്ചു സംസാരിക്കുന്നു...
യഥാർഥ പള്ളി, യഥാർഥ വൈദികൻ
സ്വയത്തിന്റെ നിർമാതാവ് വിനോദിനെ എനിക്കു വർഷങ്ങളായി നേരിട്ടറിയാം. വിനോദ് ജർമനിയിൽ പല സംഘടനകളുടെയും നേതൃസ്ഥാനത്തുണ്ടായിരുന്നപ്പോൾ മുതൽ. വിനോദ് നിർമിച്ച ഈ സിനിമയിൽ ഒരു വൈദികന്റെ റോൾ അഭിനയിക്കാനുള്ള അവസരമുണ്ടായി. ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന പള്ളി ഞാൻ ജോലി ചെയ്യുന്ന പള്ളി തന്നെയാണ്. പള്ളിയിൽ കുർബാന കൂടാനെത്തിയവരെല്ലാം ഇവിടത്തെ ഇടവകക്കാരും. ഈ സിനിമയുടെ സംവിധായകൻ ശരത് സാറുമായും അടുപ്പമുണ്ട്... ജർമനിയിലെ ഹൈയിങ്ൻ എന്ന സ്ഥലത്തു 10 വർഷമായി നാല് ഇടവകകളുടെ ചുമതല വഹിക്കുന്ന ഫാ. റോയി കല്ലന്പള്ളിൽ പറഞ്ഞു.
ഓട്ടിസം കുട്ടികൾ ഇന്ത്യയിലും ജർമനിയിലും
ഇന്ത്യയിൽ അംഗവൈകല്യമോ മാനസിക വൈകല്യമോ ഉള്ള കുട്ടികളെ സമൂഹത്തിൽ നിന്നു മാറ്റിനിർത്തുന്ന അവസ്ഥയാണു കാണുന്നത്. എന്നാൽ ജർമനിയിൽ മറ്റു കുട്ടികളോടൊപ്പം വളരാനും സ്കൂളിൽ പോകാനുമുള്ള അവസ്ഥയുണ്ട്. സമൂഹത്തിൽ ആരെയും മാറ്റി നിർത്തുന്ന രീതിയല്ല ഇവിടെയുള്ളത്. ഏതെങ്കിലും വിധത്തിൽ എന്തെങ്കിലും കഴിവുകളുള്ള കുട്ടികളെ മറ്റു കുട്ടികളൊടാപ്പം വളർത്താനും പ്രോത്സാഹിപ്പിക്കാനും അവരെ അംഗീകരിക്കാനും വിശാല മനസ്ഥിതിയുള്ള സമൂഹമാണ് ഇവിടെയുള്ളത്
എല്ലാവരും തുല്യരാണ് എന്ന സന്ദേശം
സിനിമയിലെ കഥാപാത്രങ്ങൾ മനുഷ്യമനസിൽ ന·യുടെയും സ്നേഹത്തിന്റെയും വിത്തുകൾ വിതയ്ക്കുകയാണെങ്കിൽ ആ സിനിമ കൊണ്ടു സമൂഹത്തിനു ഗുണമുണ്ടാകും. മനുഷ്യമനസുകളിൽ ആ കഥാപാത്രങ്ങൾ ജീവിക്കാൻ തുടങ്ങുന്പോഴാണ് ഒരു സിനിമ വിജയിച്ചു എന്നു പറയുക. ഈ തരത്തിൽ ചിന്തിക്കുന്പോൾ സ്വയത്തിന് മനുഷ്യമനസിൽ കടന്നുചെല്ലാൻ കഴിയുന്ന ഒത്തിരി തലങ്ങളുണ്ട്. എല്ലാ മനുഷ്യരും ഒന്നാണ്. രോഗത്തിന് അടിമപ്പെട്ടവരെയോ വൃദ്ധരെയോ, അങ്ങനെ സമൂഹത്തിൽ ആരെയെങ്കിലും ഏതെങ്കിലും തരത്തിൽ മാറ്റിനിർത്തുന്ന ഒരു മനോഭാവം ഉണ്ടെങ്കിൽ അതിൽനിന്നു മാറി ഏല്ലാവരും തുല്യരാണ് എന്നു പഠിപ്പിക്കുന്ന ഒരു പാഠമുണ്ട് ഈ സിനിമയിൽ. സമൂഹത്തിന് വളരെ നല്ല ഒരു കാഴ്ചപ്പാടു നല്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രാധാന്യം.

യഥാർഥജീവിതത്തിന്റെ ആവിഷ്കാരം
രോഗിയാണെങ്കിലും അവനിലുള്ള കഴിവു കണ്ടെത്തി വളർത്താൻ പ്രചോദനം നല്കുന്ന കാഴ്ചപ്പാടാണ് ഈ സിനിമ നല്കുന്നത്. പല സിനിമകളും അഭിനേതാവിനു വേണ്ടി നിർമിക്കുന്നതാവാം, കാഴ്ചക്കാരന്റെ താത്പര്യങ്ങൾക്കുവേണ്ടി നിർമിക്കുന്നതാവാം. പക്ഷേ, ആ ചിത്രങ്ങളെല്ലാം യഥാർഥ ജീവിതത്തിൽ നിന്ന് ഒത്തിരി അകലെയാവാം. എന്നാൽ യഥാർഥജീവിതത്തിന്റെ ആവിഷ്കാരമാണ് സ്വയം. എല്ലാ വ്യക്തികളിലുമുള്ള മൂല്യത്തെ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഒരു ചിത്രം.
മകന്റെ രോഗാവസ്ഥയെക്കുറിച്ച് ഉത്തമ ബോധ്യം ഉണ്ടായിട്ടും ജീവിതത്തിൽ വിജയത്തിനായി നിരന്തരം പരിശ്രമിക്കുന്ന ഒരമ്മയുടെ ത്യാഗത്തിന്റെ സമർപ്പണത്തിന്റെ സ്നേഹത്തിന്റെ ആത്മത്യാഗത്തിന്റെ കഥ പറയുന്ന ചിത്രമാണു സ്വയം. ജീവിതത്തിന്റെ ചട്ടക്കൂട്ടിൽ പ്രശ്നങ്ങളെയും സന്തോഷങ്ങളെയും ഉൾക്കൊള്ളാൻ പഠിക്കുക എന്നതാണു സ്വയത്തിന്റെ മറ്റൊരു സന്ദേശം. ജീവിതത്തോടുള്ള കാഴ്ചപ്പാടു മാറ്റി ജീവിക്കാൻ ശ്രമിക്കുക എന്ന പാഠം പറഞ്ഞുതരുന്ന സിനിമയാണു സ്വയം.. ഫാ. റോയ് കല്ലന്പള്ളിൽ പറഞ്ഞു.

വീട് ചെറുവാണ്ടൂരിൽ
ഏറ്റുമാനൂരടുത്ത് ചെറുവാണ്ടൂരാണ് എംസിബിഎസ് സഭാംഗമായ ഫാ. റോയി കല്ലന്പള്ളിലിന്റെ വീട്. ചങ്ങനാശേരി രൂപതയിൽപ്പെട്ട ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ആണ് ഇടവക.
ഓട്ടിസ്റ്റിക്കായ മറൂണിനു ഫുട്ബോളിൽ നൈപുണ്യമുണ്ടെന്നു തിരിച്ചറിഞ്ഞ് അതിനു പ്രോത്സാഹനം നല്കി അവനെ സാമൂഹികജീവിതത്തിനു പ്രാപ്തനാക്കുന്ന ഒരമ്മയുടെ കഥയാണു സ്വയം. ജർമനിയിലും കേരളത്തിലുമായി ചിത്രീകരിച്ച സ്വയം നിർമിച്ചതു ജർമൻ മലയാളിയായ വിനോദ് ബാലകൃഷ്ണൻ. വിനോദിന്റെ മകൻ നിമയ് മറൂണായും ലക്ഷ്മിപ്രിയ മേനോൻ ആഗ്നസായും അഭിനയിച്ചിരിക്കുന്നു.
ടി.ജി.ബൈജുനാഥ്