മാറ്റേറും കാരറ്റ് വിശേഷങ്ങൾ
മാറ്റേറും കാരറ്റ് വിശേഷങ്ങൾ
അമ്മേ, ദാ ഇവനെന്റെ കാരറ്റ്ദോശ തട്ടിയെടുത്തേ... പടികടന്നെത്തിയ അന്നമ്മച്ചേട്ടത്തിയെ വരവേറ്റതു ചിന്നുവിന്റെ പരാതിസ്വരം.

അതവനെടുത്തോട്ടെടീ... നിനക്കു വേറെ കാരറ്റ്ദോശ തരാം; പോരെ..? അമ്മയുടെ സാന്ത്വനത്തിലും കാരറ്റ്ദോശ നിറഞ്ഞതോടെ ചേട്ടത്തിയുടെ ആകാംക്ഷ ഒരു പടികൂടി കടന്ന് ചോദ്യമായി പുറത്തുവന്നു.

എന്താ പിള്ളേരേ കാരറ്റ്ദോശ? നെയ്ദോശ, തട്ടുദോശ എന്നൊക്കെ കേട്ടിട്ടുണ്ട്..

അതോ... ദോശമാവിൽ കാരറ്റ് പൊടിപൊടിയായി അരിഞ്ഞതുകൂടി ചേർത്തു കലക്കി ചുട്ടെടുത്താൽ അതു കാരറ്റ്ദോശ. ഇവിടെ പിള്ളേരെക്കാൾ കാരറ്റ്ദോശയുടെ ആരാധകൻ ഇവരുടെ അച്ഛനാ.. നാലെണ്ണം അകത്താക്കി അടുത്തതിന്റെ വരവും നോക്കിയിരിക്കുന്ന അച്ഛനെ നോക്കി അമ്മ പറഞ്ഞു.

കാരറ്റിനെന്താ ഇത്ര വിശേഷം ചിന്നൂന്റച്ഛാ?

ആരോഗ്യജീവിതത്തിന് അവശ്യമായ വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ എന്നിവ
സമൃദ്ധമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണു കാരറ്റ്്. 100 ഗ്രാം കാരറ്റിൽ 7.6 ഗ്രാം കാർബോഹൈഡ്രേറ്റ്, 0.6 ഗ്രാം പ്രോട്ടീൻ, 0.3 ഗ്രാം ഫാറ്റ്, 30 മില്ലിഗ്രാം കാൽസ്യം, 0.6 മില്ലിഗ്രാം ഇരുമ്പ്, 3.62 മില്ലിഗ്രാം ബീറ്റാകരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ നാരുകൾ, വിറ്റാമിൻ ബി1, വിറ്റാമിൻ ബി2, വിറ്റാമിൻ സി, വിറ്റാമിൻ കെ, ബയോട്ടിൻ, പൊട്ടാസ്യം, തയമിൻ, ഫോളേറ്റ് എന്നിവയുമുണ്ട്. പ്രധാനമായും അതിലെ നാരുകളും ബീറ്റാകരോട്ടിനുമാണ് കാരറ്റിന്റെ ആരോഗ്യസിദ്ധികൾക്ക് അടിസ്‌ഥാനം. പച്ചയ്ക്കും വേവിച്ചും കഴിക്കാം. സാലഡിൽ ചേർക്കാം. സൂപ്പാക്കിയും കഴിക്കാം.

ഓഹോ, നാരുകളും ധാരാളമുണ്ടോ...?

അതേ. നാരുകൾ സുഗമമായ ദഹനത്തിനു സഹായകം. വിവിധതരം ദഹനരസങ്ങളുടെ ഉത്പാദനം, പെരിസ്റ്റാൾറ്റിക് മോഷൻ(ഭക്ഷണം നീങ്ങുന്നതിനു സഹായകമായി ചെറുകുടലിലെ പേശികളുടെ ചലനം) എന്നിവയ്ക്ക് ഉത്തേജനം നല്കുന്നതിനു നാരുകൾ സഹായകം. ആമാശയം, കുടലുകൾ എന്നിവയുടെ ആരോഗ്യത്തിനും ഗുണപ്രദം. മലബന്ധം കുറയ്ക്കുന്നു. പുളിച്ചുതികട്ടൽസാധ്യത
തടയുന്നു.

എന്താ അച്ഛാ ബീറ്റാകരോട്ടിൻ?

ആന്റിഓക്സിഡന്റാണ്. കരൾ ഇതിനെ വിറ്റാമിൻ എ ആയി മാറ്റുന്നു. വിറ്റാമിൻ എ നിശാന്ധത തടയുന്നു. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബീറ്റാകരോട്ടിന്റെ ഇരിപ്പിടങ്ങളിലൊന്നാണ് കാരറ്റ്. മാകുലാർ ഡീജനറേഷൻ, ഗ്ലോക്കോമ, തിമിരം എന്നിവ തടയുന്നതിനും ബീറ്റാകരോട്ടിൻ ഗുണപ്രദമെന്നു വിദഗ്ധർ. കാരറ്റിൽ ഉയർന്ന തോതിൽ അടങ്ങിയിട്ടുളള ബീറ്റാകരോട്ടിൻ സ്ട്രോക് സാധ്യത കുറയ്ക്കുന്നതായി ഹാർവാഡ് വിശ്വവിദ്യാലയം നടത്തിയ ഗവേഷണം വ്യക്‌തമാക്കുന്നു. കാരറ്റ് പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയവരിൽ സ്ട്രോക്സാധ്യത മറ്റുളളവരെ അപേക്ഷിച്ചു കുറഞ്ഞതായി പഠനറിപ്പോർട്ട്. പതിവായി കാരറ്റ് കഴിക്കണമെന്നു തന്നെയാ മോഹം. പക്ഷേ അതിർത്തികടന്നുവരുന്നതു വിഷംകലർന്ന പച്ചക്കറികളാണെന്നു കേൾക്കുമ്പോൾ വല്ലാത്തൊരു ചങ്കിടിപ്പ്... കാരറ്റ് ഉൾപ്പെടെയുളള പച്ചക്കറികളിലെ കീടനാശിനി സാന്നിധ്യത്തിലേക്ക് അന്നമ്മച്ചേട്ടത്തി അയൽക്കൂട്ടത്തിന്റെ ശ്രദ്ധക്ഷണിച്ചു.

എന്റെ ചേട്ടത്തീ, ശുദ്ധമായ പച്ചക്കറി വേണമെങ്കിൽ വീട്ടുപറമ്പിലോ മട്ടുപ്പാവിലോ ജൈവപച്ചക്കറി കൃഷി തുടങ്ങണം. പക്ഷേ, കാരറ്റ് പോലെ ചില പച്ചക്കറികൾ കേരളത്തിൽ എല്ലായിടത്തും വിളയില്ല. അപ്പോൾ വിപണിയെ ആശ്രയിക്കേണ്ടിവരും. മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിലോ പുളിവെളളത്തിലോ ഒരു മണിക്കൂർ മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചശേഷം ശുദ്ധജലത്തിൽ നന്നായി കഴുകി പാചകത്തിന് ഉപയോഗിക്കുക. കീടനാശിനി ഉൾപ്പെടെയുളള വിഷമാലിന്യങ്ങൾ ഒരു പരിധിവരെ നീക്കുന്നതിന് അതു സഹായകമെന്നു വിദഗ്ധർ.

അച്ഛാ, കാരറ്റിൽ ആന്റിഓക്സിഡന്റുകളുണ്ടല്ലോ, അവ കാൻസർ തടയില്ലേ?

ആന്റിഓക്സിഡന്റുകൾ കാൻസർ തടയുമെന്നതു വാസ്തവം. പക്ഷേ,പച്ചക്കറി കീടനാശിനിയിൽ കുളിച്ചതാണെങ്കിൽ ആരോഗ്യജീവിതം അപകടത്തിലാകും. മുമ്പു പറഞ്ഞ പ്രകാരം കഴുകി വൃത്തിയാക്കാതെയാണ് കറിയിൽ ചേർക്കുന്നതെങ്കിൽ അപകടസാധ്യതയേറും. ശുദ്ധമായ (ജൈവരീതിയിൽ വിളയിച്ച) കാരറ്റിന്റെ കരോട്ടിനോയ്ഡ് ആന്റിഓക്സിഡന്റ് കരുത്താണ് കാൻസർസാധ്യത കുറയ്ക്കുന്നത്. രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനും കാരറ്റ് ഗുണപ്രദം. കാരറ്റിലുളള പോളിഅസറ്റൈലീൻസ് എന്ന ഫൈറ്റോന്യൂട്രിയന്റുകൾ കാൻസർവളർച്ച തടയുന്നു; ഏതാനും ആഴ്ചകൾ പതിവായി കാരറ്റ് ജ്യൂസ് കഴിക്കുന്നതു പോസിറ്റീവ് ഫലം നല്കുമെന്നും പഠനങ്ങൾ പറയുന്നു. കാരറ്റ് ചേർത്ത വിഭവങ്ങൾ ശീലമാക്കുന്നതു ശ്വാസകോശം, കുടൽ, പ്രോസ്റ്റേറ്റ് എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നതിനു സഹായകമെന്നു പഠന റിപ്പോർട്ട്.


അച്ഛാ, പ്രായമായവരുടെ ആരോഗ്യജീവിതത്തിനു കാരറ്റ് സഹായകമാണോ?

രക്‌തസമ്മർദം, ഹൃദയരോഗങ്ങൾ എന്നിവയുളളവർക്കു കാരറ്റ് വിഭവങ്ങൾ ഗുണപ്രദം. അതിലുളള ബീറ്റാകരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യുടെയ്ൻ എന്നീ ആന്റിഓക്സിഡന്റുകൾ കൊളസ്ട്രോളിനെതിരേ പോരാടുന്നു. ഹൃദയാഘാതസാധ്യത കുറയ്ക്കുന്നതിനും സഹായകം. ധമനികളിലെ ടെൻഷന് അയവുവരുത്തി രക്‌തസഞ്ചാരം മെച്ചപ്പെടുത്തി രക്‌തസമ്മർദം നിയന്ത്രിതമാക്കുന്നതിനു കാരറ്റിലുളള പൊട്ടാസ്യം ഗുണപ്രദം. ചുരുക്കത്തിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അതു സഹായകം. ശരീരത്തിലുളള സോഡിയം മൂത്രത്തിലൂടെ പുറന്തളളപ്പെടുന്ന പ്രവർത്തനത്തിനും പൊട്ടാസ്യം സഹായകം. പക്ഷേ, പാകം ചെയ്യുമ്പോൾ 30 ശതമാനം വരെ നഷ്‌ടമാകാറുണ്ട്. അതിനാൽ വേവിക്കാതെ കഴിക്കാവുന്ന ജൈവപച്ചക്കറികൾ പച്ചയ്ക്കുതന്നെ കഴിക്കുന്നതാണ് ഉത്തമം. തിളപ്പിക്കുമ്പോഴാണ് പോഷകങ്ങൾ ഏറെ നഷ്‌ടമാകുന്നത്. ആവിയിൽ വേവിക്കുന്നതു പോഷകനഷ്‌ടം താരതമ്യേന കുറയ്ക്കും.

അച്ഛാ, കാരറ്റ് ചർമാരോഗ്യം മെച്ചപ്പെടുത്തുമെന്നു കേട്ടിട്ടുണ്ട്. വാസ്തവമുണ്ടോ?

വിറ്റാമിൻ എയും വിറ്റാമിൻ സി ഉൾപ്പെടെയുളള ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ ചർമത്തിനു പ്രിയമുളളതാക്കുന്നത്. സൂര്യനിൽ നിന്നുളള ഉപദ്രവകാരികളായ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നു ചർമത്തെ സംരക്ഷിക്കുന്നു. ഫ്രീറാഡിക്കലുകളുടെ ആക്രമണത്തിൽ നിന്നു ചർമകോശങ്ങളെ സംരക്ഷിക്കുന്നു. കോശങ്ങളുടെ കേടുപാടുകൾ തീർക്കുന്നു. വേനൽക്കാലത്തു കാരറ്റ് ജ്യൂസ് കഴിക്കാം.

ചർമത്തിന്റെ ഈർപ്പം നിലനിർത്തുന്നതിനു സഹായകം. ചർമത്തിലെ നിറഭേദം, കുരുക്കൾ എന്നിവയെ തടയുന്നു. ചർമത്തിന്റെ ആരോഗ്യവും തിളക്കവും ഊർജ്വസ്വലതയും നിലനിർത്തുന്നതിനും കാരറ്റ് സഹായകം. കാരറ്റ് നന്നായരച്ചതു(രണ്ടു ടേബിൾ സ്പൂൺ അളവിൽ) തേനുമായി ചേർത്തു മുഖത്തു പുരട്ടാം. ഉണങ്ങുമ്പോൾ ചെറുചൂടുവെളളത്തിൽ മുഖം കഴുകാം. ഇവിടെ കാരറ്റ് നാടൻ ഫേസ്മാസ്കായി മാറുകയാണ്. ചർമത്തിന്റെ ഇലാസ്തിക നിലനിർത്തുന്ന കൊളാജെന്റെ നിർമാണത്തിനു കാരറ്റ് ഗുണപ്രദം. അതു ചർമത്തിൽ വരകളും ചുളിവുകളും ഉണ്ടാകുന്നതു തടയുന്നു. ചുരുക്കത്തിൽ യുവത്വം നിലനിർത്തുന്നതിനു കാരറ്റ് സഹായകം.

അച്ഛാ, മാറ്റേറും കാരറ്റ് വിശേഷങ്ങൾതീർന്നോ?

ഇല്ലല്ലോ. കാരറ്റ് പച്ചയ്ക്കു കടിച്ചു ചവച്ചരച്ചുതിന്നണം; പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനു സഹായകം. ഉമിനീരിന്റെ ഉത്പാദനം ത്വരിതപ്പെടുത്തി വായിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നു. കാരറ്റിൽ ധാരാളമുളള വിറ്റാമിൻ എയും ജലത്തിൽ ലയിക്കുന്നതരം നാരുകളും ശരീരത്തിൽ നിന്നു വിഷമാലിന്യങ്ങളെ പുറന്തളളുന്നതിനു കരളിനു തുണയാകുന്നു. കരളിൽ ബൈൽ സ്രവം, ഫാറ്റ് എന്നിവ അടിയുന്നതു കുറയ്ക്കുന്നു. കരൾരോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലയിൽ ക്രമപ്പെടുത്തുന്നതിനു കാരറ്റിലുളള കരോട്ടിനോയ്ഡുകൾ സഹായിക്കുന്നു. എന്നാൽ വേവിച്ച കാരറ്റിനെക്കാൾ പച്ചയ്ക്കുളള കാരറ്റാണ് അതിനു ഗുണപ്രദം; പ്രമേഹബാധിതർ അളവിൽ കുറച്ചുമാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ഉപ്പുമാവു തയാറാക്കുമ്പോൾ കാരറ്റ് കൂടി ചേർത്താൽ അതു കാരറ്റ് ഉപ്പുമാവ്. പുട്ടുണ്ടാക്കുമ്പോൾ കാരറ്റ് ചേർത്തു തയാറാക്കിയാൽ കാരറ്റ്പുട്ട് റെഡി. അച്ഛൻ
അതു പറഞ്ഞുതീർന്നപ്പോഴേക്കും അന്നാദ്യമായി കാരറ്റ്ദോശ കഴിച്ചതിന്റെ സംതൃപ്തിയോടെ അന്നമ്മച്ചേട്ടത്തി വീട്ടിലേക്കു നടന്നുതുടങ്ങി.

–ടി.ജി.ബൈജുനാഥ്