കുപ്പികളിൽ നിറയ്ക്കുന്ന വെള്ളം രോഗസമ്പുഷ്ടം
കുപ്പികളിൽ നിറയ്ക്കുന്ന വെള്ളം രോഗസമ്പുഷ്ടം
<യ>ജിജി ലൂക്കോസ്

മിനറൽ വാട്ടർ എന്ന പേരിൽ പ്ലാസ്റ്റിക് കുപ്പിയിൽ വിൽക്കുന്ന വെള്ളത്തിൽ ധാതുക്കളാണോ മാരക രാസവസ്തുക്കളാണോ ഉള്ളതെന്നു കുപ്പി നോക്കി വിലയിരുത്താനാവില്ല. കുപ്പിയുടെ പുറത്തുള്ള ലേബലിലും ഇതൊന്നുമുണ്ടാവില്ല. അങ്ങനെയെങ്കിൽ കുപ്പിവെള്ളത്തിലൂടെ കുഴപ്പങ്ങളുണ്ടായാൽ അതെങ്ങനെ തിരിച്ചറിയാനാകും? അതിനായി കാലാകാലങ്ങളിൽ ഇവ പരിശോധനകൾക്കു വിധേയമാക്കാറുണ്ടോ? അത്തരം പരിശോധനാ ഫലങ്ങൾ പ്രസിദ്ധപ്പെടുത്തി പൊതുജനങ്ങളെ അറിയിക്കാറുണ്ടോ? ദോഷങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ അവ പരിഹരിക്കാൻ നടപടി സ്വീകരിക്കാറുണ്ടോ? ദൂരീകരിക്കാത്ത സംശയങ്ങൾ ഏറെ.

1954ലെ മായം ചേർക്കൽ നിരോധനനിയമത്തിന്റെ 32–ാം അനുച്ഛേദത്തിൽ മിനറൽ വാട്ടറിൽ ചേർക്കുന്ന ഘടകങ്ങളുടെ പരിധി വ്യക്‌തമാക്കിയിട്ടുണ്ട്. മായം ചേർക്കൽ നിരോധന നിയമത്തിലും മിനറൽ വാട്ടറിൽ എന്തൊക്കെ അടങ്ങിയിരിക്കണമെന്നു വ്യക്‌തമായി പറയുന്നുണ്ട്.

ലോകാരോഗ്യ സംഘടന 1958ൽ കുടിവെള്ളത്തിന്റെ അന്താരാഷ്ട്ര നിലവാരം സംബന്ധിച്ച നിർദേശങ്ങൾ (ഗൈഡ്ലൈൻസ് ഫോർ ഡ്രിങ്കിംഗ് വാട്ടർ ക്വാളിറ്റി– ജിഡിഡബ്ല്യുക്യു) മൂന്നു വാല്യങ്ങളായി പുറത്തിറക്കിയിട്ടുണ്ട്. ഇവ കൂടി ഉൾപ്പെടുത്തി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് കാലാകാലങ്ങളിൽ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാന്വൽ പുറത്തിറക്കുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിലാണ് മിനറൽ വാട്ടർ ഉത്പാദക കമ്പനികൾക്കു ലൈസൻസ് നൽകുകയും അതു പുതുക്കി നൽകുകയും ചെയ്യുന്നത്. പക്ഷേ, കാലാകാലങ്ങളായി മിനറൽ വാട്ടർ എന്ന കുപ്പിവെള്ളം (പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ) പരിശോധനകൾക്കു വിധേയമാക്കാറുണ്ടെങ്കിലും അതിന്റെ പരിശോധനാ ഫലങ്ങൾ എന്തെന്നോ പരിഹാര നടപടികളെന്തെന്നോ ഭക്ഷ്യസുരക്ഷ അധികൃതർ ആരേയും അറിയിക്കാറില്ല.

കുപ്പിവെള്ളത്തിനു മാത്രമല്ല, ശുദ്ധമായ പ്രകൃതിജലത്തിനും ബിഐഎസ് സ്റ്റാൻഡേർഡ് അംഗീകാരം നൽകാറുണ്ട്. പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിനു ഐഎസ് 13428ഉം പാക്കേജ്ഡ് നാച്ചുറൽ മിനറൽ വാട്ടറിനു ഐഎസ് 14543ഉം. കുപ്പിയിലാക്കാനുള്ള വെള്ളത്തിന്റെ സ്രോതസ് മുതൽ ശുദ്ധീകരിക്കാനുള്ള പ്ലാന്റിന്റെ വിവിധ ഘടകങ്ങൾക്കു വരെ ബിഐഎസ് സ്റ്റാൻഡേർഡ് നിശ്ചയിച്ചിട്ടുണ്ട്. ലൈസൻസ് നേടുന്നതിലും അതു പുതുക്കുന്നതിലും ഈ മാനദണ്ഡങ്ങൾ പലതും പാലിക്കപ്പെടാറുണ്ടെങ്കിലും വെള്ളം കുപ്പിയിലായി കഴിയുന്നതോടെ ഈ മാനദണ്ഡങ്ങളത്രയും കാറ്റിൽ പറക്കും. അങ്ങനെ രോഗങ്ങൾ വിതരണം ചെയ്യാനുള്ള ശൃംഖലയായി കുപ്പിവെള്ളം മാറുന്നു. ശുദ്ധീകരിക്കുന്നതിനു മുമ്പുള്ള വെള്ളവും ശുദ്ധീകരിക്കപ്പെട്ട വെള്ളവും വേണ്ടരീതിയിൽ പരിശോധിക്കപ്പെടുന്നില്ല എന്നതും വസ്തുതയാണ്.

<യ>ധാതുസമ്പുഷ്‌ടമോ രോഗസമ്പുഷ്‌ടമോ?

സാധാരണ കുടിവെള്ളത്തിൽനിന്നു വ്യത്യസ്തമായി മുപ്പത്തിയഞ്ചോളം ധാതുക്കളും ലവണങ്ങളും മിനറൽ വാട്ടറിൽ അടങ്ങിയിരിക്കേണ്ടതുണ്ട്.

നൈട്രേറ്റ്, സൾഫൈഡ്, മാംഗനീസ്, കോപ്പർ, സിങ്ക്, ഫ്ളൂറൈഡ്, ബേറിയം, ആന്റിമണി, നിക്കൽ, ബോറേറ്റ്, സില്വോർ, ക്ലോറൈഡ്, സൾഫേറ്റ്, മഗ്നീഷ്യം, കാൽസിയം, സോഡിയം, ആഴ്സനിക്ക്, ആൽക്കലിനിറ്റി, കാഡ്മിയം, സയനൈഡ്, ക്രോമിയം, മെർക്കുറി, ലെഡ്, സെലേനിയം തുടങ്ങിയവ മിനറൽ വാട്ടറിൽ ഉണ്ടാകണം. ഇവ ഓരോന്നും വ്യത്യസ്ത അളവുകളിലാണ് കാണേണ്ടത്. ഇതിൽ പലതും നിർദിഷ്‌ട അളവിൽ കൂടുന്നത് ആരോഗ്യത്തിനു ഹാനികരമാണ്.

കോളിഫോം ബാക്ടീരിയ, ഇ–കോളി, വിബ്റോകൊളിറിയ, സ്യൂഡോമൊണാസ് തുടങ്ങിയ വസ്തുക്കൾ കുടിവെള്ളത്തിൽ കാണുകയുമരുത്. എന്നാൽ, മലിനജലത്തിൽ മാത്രം കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ, ഓർഗനോക്ലോറൈൻസ്, എച്ച്സിഎച്ച്, ഡിഡിറ്റി തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ടെന്നു സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ), ചെന്നൈയിലെ ലാബോറട്ടറി, ഫുഡ് ഡെവലപ്മെന്റ് അഥോറിറ്റി എന്നിവയുടെയും സംസ്‌ഥാന നിയമസഭയുടെ പരിസ്‌ഥിതി കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഗുരുതരമായ രോഗങ്ങളുണ്ടാക്കുമെന്നു വ്യക്‌തമായതിനെത്തുടർന്നു പലയിടത്തും നിരോധിച്ച ഡിഡിടിയുടെ അളവ് 7.06 ശതമാനത്തിൽ കണ്ടെത്തിയെന്നാണ് സിഎസ്ഇയുടെ റിപ്പോർട്ടിലുള്ളത്. കാസർഗോഡ് അടക്കമുള്ള പ്രദേശങ്ങളിൽ മാരക രോഗങ്ങൾ വിതറിയ എൻഡോസൾഫാന്റെ ഘടകങ്ങൾ ചില കുപ്പിവെള്ളത്തിൽ 8.8 ശതമാനമായിരുന്നു.


ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്എസ്എസ്എഐ) നടത്തിയ പരിശോധനയിൽ 32 കമ്പനികളുടെ വെള്ളത്തിലും അമ്ലത്തിന്റെയും ക്ഷാരത്തിന്റെയും അളവ് കണക്കാക്കുന്ന പിഎച്ച് ലവൽ വളരെ കുറവായിരുന്നു. നിയമസഭയുടെ പരിസ്‌ഥിതി കമ്മിറ്റി നടത്തിയ പഠനത്തിൽ കേരളത്തിൽ വിൽപ്പന നടത്തുന്ന പല മിനറൽ വാട്ടറുകളിലും കോളിഫോം ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്.

കുപ്പിവെള്ളമാക്കാൻ ഉപയോഗിക്കുന്നതു മിക്കവയും ആറ്റിൽ നിന്നുള്ളതോ പൈപ്പ് വെള്ളമോ ഭൂഗർഭ ജലമോ ആണ്. ഇവയിലാണ് ഗുരുതരമായ രോഗങ്ങളുണ്ടാക്കുന്ന അണുക്കളും മാലിന്യ ഘടകങ്ങളും ബാക്ടീരിയയും കൂടുതലായുള്ളത്.

കുപ്പിവെള്ളത്തിൽ ഈ ഘടകങ്ങളുണ്ടെങ്കിലും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചിലപ്പോൾ പെട്ടെന്നു കണ്ടെത്താനാകില്ല. ചിലത് ഛർദി, വയറിളക്കം, ത്വക്ക് രോഗം, ശ്വാസകോശ രോഗങ്ങൾ, ഡയേറിയ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലൂടെ പ്രകടമാകും.

ഇന്ത്യയിൽ ശുദ്ധി തെളിയിക്കുന്നതിനു ബിഐഎസ് മാർക്ക് അല്ലെങ്കിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) സർട്ടിഫിക്കേറ്റാണ് പ്രധാന മാനദണ്ഡം. ഇത്തരത്തിൽ ലൈസൻസുള്ള 6,513 കമ്പനികളാണു രാജ്യത്ത് കുപ്പിവെള്ളം വിപണനത്തിനെത്തിക്കുന്നത്. 1,500 കോടിയിലേറെ ഈ കമ്പനികൾ പ്രതിവർഷം അറ്റാദായം ഉണ്ടാക്കുകയും ചെയ്യുന്നു.

<യ>കുടിച്ചു മരിക്കാനും കാൻസർ

ഇന്റർനാഷണൽ കൗൺസിൽ ഓഫ് ബോട്ടിൽഡ് വാട്ടർ അസോസിയേഷന്റെ കണക്കു പ്രകാരം 1090 ദശലക്ഷം ലിറ്റർ കുപ്പിവെള്ളം ലോകത്തു വിറ്റഴിയുന്നുണ്ട്. ആവശ്യവും ഉപഭോഗവും വർധിച്ചതാണു ഗുണനിലവാരമില്ലായ്മ വർധിപ്പിച്ചതെന്നാണ് അധികൃതരുടെ വാദം.

വ്യാജ ലൈസൻസിലൂടെയും വ്യാജ സർട്ടിഫിക്കറ്റുകളിലൂടെയും മിനറൽ വാട്ടറുകൾ വിപണിയിലെത്തുന്നതും കുപ്പികളിൽ വ്യാജ സ്റ്റിക്കറുകൾ ഒട്ടിക്കുന്നതും ഉപയോഗിച്ച കുപ്പികളിൽ മലിനജലം നിറച്ചു വിപണിയിലെത്തിക്കുന്നതും ഇവയിൽ ചിലതു മാത്രമെന്ന് എഫ്എസ്എസ്എഐ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പവൻകുമാർ അഗർവാൾ പറയുന്നു.

മിനറൽ വാട്ടർ അടക്കം ചെയ്യുന്ന കുപ്പിക്കു പുറത്ത് നാച്വറൽ മിനറൽ വാട്ടർ എന്നു വലിയ അക്ഷരത്തിൽ അച്ചടിച്ചിരിക്കണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കുടിവെള്ളം അടക്കം ചെയ്തിരിക്കുന്ന കുപ്പിക്കു പുറത്ത് പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ എന്നു വലിയ അക്ഷരത്തിൽ അച്ചടിച്ചിരിക്കണമെന്നും പായ്ക്കു ചെയ്ത തീയതിയും വിലയും രേഖപ്പെടുത്തിയിരിക്കണമെന്നും നിയമമുണ്ട്.

എന്നാൽ, ഈ നിർദേശം പോലും പലരും പാലിക്കുന്നില്ല. മിനറൽ വാട്ടർ നിർമാണ സ്‌ഥലത്തുവച്ചു തന്നെ കുപ്പികൾ പായ്ക്ക് ചെയ്യണമെന്നാണ് നിയമം. ഇതും കർശനമായി പാലിക്കപ്പെടുന്നില്ല. വിൽപ്പനയ്ക്കുള്ള കുപ്പികളിൽ ഭദ്രമായി പായ്ക്കു ചെയ്തല്ലാതെ വലിയ പാത്രങ്ങളിൽ മിനറൽ വാട്ടർ നിറച്ചുകൊണ്ടുപോകുകയോ വരികയോ ചെയ്യാൻ പാടില്ലെന്നും നിയമമുണ്ട്. മിനറൽ വാട്ടർ ഉത്പാദനത്തിലും വിപണനത്തിലും വ്യവസ്‌ഥകൾ പാലിച്ചില്ലെങ്കിൽ ആറു മാസം വരെ തടവും ആയിരം രൂപ വരെ പിഴ ശിക്ഷയും ലഭിക്കാവുന്നതാണ്.

എന്നാൽ, പരാതികളുടെ അടിസ്‌ഥാനത്തിൽ നടത്തുന്ന പരിശോധനകളിൽ പ്രാഥമികമായി ക്രമക്കേടുണ്ടെന്നു കണ്ടെത്തുന്നവ മാത്രമാണ് വിദഗ്ധ പരിശോധനകൾക്കായി ലബോറട്ടറികളിലേക്ക് അയയ്ക്കാറുള്ളു. അത്തരത്തിൽ അയയ്ക്കുന്നതിൽ മാലിന്യത്തിന്റെയും അണുക്കളുടെയും ഘടനയുടെയും ചില സാധാരണ പരിശോധനകൾ മാത്രമേ നടക്കാറുള്ളു. എന്നാൽ, അതിലും വലിയ വെളിപ്പെടുത്തലുകളാണ് ലോക ആരോഗ്യ സംഘടനയും ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ഹെൽത്ത് ഫിസിക്സ് വിഭാഗവും പുറത്തുവിട്ട റിപ്പോർട്ടുകളിലുള്ളത്. വർഷങ്ങൾക്കു മുമ്പേ ഇതു പുറത്തുവന്നതാണെങ്കിലും അതിനനുസരിച്ചുള്ള പരിശോധനാ രീതികളോ പരിഹാര രീതികളോ ഇന്ത്യയിലെങ്ങും നടപ്പിലായിട്ടില്ല.

(കുപ്പിവെള്ളം പതിവായി ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന ഗുരുതര രോഗങ്ങളും ആശങ്കകളും അത്ര ചെറുതല്ല. അതിനെക്കുറിച്ചു നാളെ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.