കരുതലിന്റെ കരസ്പർശമൊരുക്കി കിഴക്കിന്റെ വെനീസിൽ കാൻസർ സന്ദേശയാത്ര
കരുതലിന്റെ കരസ്പർശമൊരുക്കി കിഴക്കിന്റെ വെനീസിൽ കാൻസർ സന്ദേശയാത്ര
ആലപ്പുഴ: കരുതലിന്റെ കരസ്പർശവുമായെത്തിയ കാൻസർ ബോധവത്കരണ സന്ദേശയാത്രയ്ക്ക് കിഴക്കിന്റെ വെനീസിൽ ഊഷ്മള വരവേല്പ് ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടത്തുന്ന ക്യാപ് @ കാമ്പസിന്റെ നേതൃത്വത്തിലാണ് കാൻസർ ബോധവത്കരണ സന്ദേശയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സർവവും നഷ്‌ടപ്പെട്ടെന്ന ബോധത്തിൽ നിരാശയുടെ പടുകുഴിയിലേക്കു വീഴുന്ന കാൻസർ രോഗബാധിതർക്കൊപ്പം ഈ സമൂഹമുണ്ടെന്ന ബോധ്യം വരുത്തുന്നതിനായാണ് ബോധവത്കരണ യാത്ര. ഒപ്പം തെറ്റായ സാമൂഹിക ആരോഗ്യ ജീവിത ശൈലികളെ കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും പ്രത്യേകിച്ച് യുവതലമുറയിൽ അവബോധവുമൊരുക്കാനുള്ള ശ്രമവും.

ക്രിസ്മസ് കരോളൊരുക്കിയും പ്രതിജ്‌ഞയെടുത്തും വൃക്ഷത്തൈ നട്ടുപിടിപ്പിച്ചും കാൻസറിനെതിരേ പൊരുതുമെന്ന് സന്ദേശമെഴുതിയ ചെറുകുറിപ്പുകൾ ഒന്നിച്ചണിനിരത്തിയുമൊക്കെയാണ് ആലപ്പുഴയിൽ യാത്രയെ സ്വീകരിച്ചതും നയിച്ചതും. ഹെയർ ഫോർ ഹോപ് ഓൾ ഇന്ത്യ കാമ്പയിനിനു തുടക്കംകുറിച്ച സാമൂഹ്യപ്രവർത്തകയും ജോസ് കെ. മാണിയുടെ പത്നിയുമായ ഡോ. നിഷ ജോസിന്റെ സാന്നിധ്യമായിരുന്നു സന്ദേശയാത്രയുടെ ആലപ്പുഴയിലെ ഹൈലൈറ്റ്. രാവിലെ 6.45ന് തങ്കിപ്പള്ളിയിൽ നിന്നായിരുന്നു ആലപ്പുഴയിലെ പര്യടനം. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം സംഘം ഇവിടെ നിന്നും യാത്രതിരിച്ചു. ഫാ. ഫ്രാൻസീസ് സേവ്യറും പള്ളിക്കമ്മിറ്റി ഭാരവാഹികളും ചേർന്ന് യാത്രയുടെ കോ–ഓർഡിനേറ്റർ സിറിയക് ചാഴിക്കാടനെയും സംഘത്തെയും യാത്രയാക്കി. പത്തുമണിയോടെ ചേർത്തല എൻഎസ്എസ് കോളജ് അങ്കണത്തിലെത്തിയ സംഘത്തിന് ഗംഭീര വരവേൽപ്പ് തന്നെ ലഭിച്ചു.

കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണ സമ്മേളനം നിഷ ജോസ് ഉദ്ഘാടനം ചെയ്തു. കാൻസർ രോഗികളെ നിരാശയിൽ നിന്നും ഉയിർത്തെഴുന്നേൽപ്പിക്കാനും രോഗത്തെ അതിജീവിക്കാൻ വേണ്ട പിന്തുണയൊരുക്കാനും അതുവഴി അവരെ മാനസികമായി കൂടുതൽ ശക്‌തരാക്കാനും യുവതലമുറയ്ക്ക് ഏറെ കഴിയുമെന്ന് ഇവർ ചൂണ്ടിക്കാട്ടി. അവരോടൊന്നുചേർന്ന് സമൂഹം ഒപ്പമുണ്ടെന്ന തോന്നലുണ്ടാക്കാനാകണമെന്നും അവർ കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ ഡോ. പി. ജയശ്രീ അധ്യക്ഷത വഹിച്ച യോഗത്തിൽ സന്ദേശയാത്രയുടെ കോ–ഓർഡിനേറ്റർ സിറിയക് ചാഴികാടൻ, ക്യാപ് അറ്റ് കാമ്പസ് കോ–ഓർഡിനേറ്റർ ടിനോ ടോമി, എം.ടി. കലേഷ്, പ്രഫ. ബാബു കെ. പണിക്കർ, പ്രോഗ്രാം ഓഫീസർ ദൃശ്യ എന്നിവർ സംബന്ധിച്ചു.

ചേർത്തല സെന്റ് മൈക്കിൾസ് കോളജായിരുന്നു അടുത്ത കേന്ദ്രം. കോളജ് ഓഡിറ്റോറിയത്തിൽ മിമാറ്റ് മാനേജർ ഫാ. സെലസ്റ്റ്യൻ പുത്തൻപുരയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിഷ ജോസാണ് ഉദ്ഘാടനം ചെയ്തത്. കെപിസിസി നിർവാഹകസമിതിയംഗം എസ്. ശരത് മുഖ്യസന്ദേശം നല്കി. പ്രഫ. എ.ബി. ജോൺ ജോസഫ്, പ്രിൻസിപ്പൽ ഇൻ ചാർജ് നവ്യ, ചേർത്തല റോട്ടറി ക്ലബ് ഭാരവാഹികളായ സി.ബി. സുധീഷ്, ബാബുമോൻ, ബി. വിനോദ്, ബീന ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് ആലപ്പുഴ എസ്ഡി കോളജിലെത്തിയ സംഘത്തെ കോളജിലെ എൻഎസ്എസ് അംഗങ്ങൾ ചേർന്നു സ്വീകരിച്ചു. കോളജ് കവാടത്തിൽ നടന്ന യോഗം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കലാണ് ഉദ്ഘാടനം ചെയ്തത്. കോളജ് പ്രിൻസിപ്പൽ ഡോ. എസ്. നടരാജ അയ്യർ അധ്യക്ഷത വഹിച്ചു.


ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ. ബിന്ദു കാൻസറിനെക്കുറിച്ചും എങ്ങനെ നേരിടാമെന്നതിനെകുറിച്ചും വിശദീകരിച്ചു. സർഗക്ഷേത്ര രക്ഷാധികാരി ഫാ. പോൾ താമരശേരി, നിഷ ജോസ്, ഡോ. നെടുമുടി ഹരികുമാർ, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, മണിക്കുട്ടി റോയ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ കെ.എസ്. വിനീത് ചന്ദ്ര, ഡോ. ജെ. വീണ തുടങ്ങിയവർ സംബന്ധിച്ചു. വിശിഷ്‌ടാതിഥികളും വിദ്യാർഥികളും ചേർന്ന് കാമ്പസിലൊരുക്കിയ കാൻവാസിൽ കാൻസറിനെതിരേ സന്ദേശമെഴുതി പതിപ്പിച്ചു.

തുടർന്ന് ചമ്പക്കുളം പോരൂക്കര സിഎംഐ കോളജ് ഓഫ് അഡ്വാൻസ് സ്റ്റീഡിസിലെത്തിയ സംഘത്തെ ക്രിസ്മസ് പാപ്പയും സംഘവുമാണ് വരവേറ്റത്. ബാൻഡുമേളത്തിന്റെ അകമ്പടിയോടെ വിദ്യാർഥികൾ വരിവരിയായി നിന്ന് സംഘത്തെ വരവേറ്റു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നടന്ന സ്വീകരണ യോഗത്തിൽ ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. പോൾ താമരശേരി മുഖ്യപ്രഭാഷകനായി. പോരൂക്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. ജോസ് കോനാട്ട് അധ്യക്ഷത വഹിച്ചു. കോളജ് വൈസ്പ്രിൻസിപ്പൽ ഡോ. സോമശേഖരൻപിള്ള, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, യാത്രയുടെ കോ–ഓർഡിനേറ്റർ സിറിയക് ചാഴികാടൻ, ക്യാപ് അറ്റ് കാമ്പസ് കോ–ഓർഡിനേറ്റർ ടിനോ ടോമി, എലിസബത്ത് വർഗീസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ റോട്ടറി ക്ലബ് ഓഫ് കൊയർസിറ്റിയുടെ നേതൃത്വത്തിലും സ്വീകരണമുണ്ടായിരുന്നു. പ്രസിഡന്റ് തോമസ് ആന്റോ,സെക്രട്ടറി സിജുജോയി, നഗരസഭ കൗൺസിലർമാരായ കവിത ശ്രീജിത്ര തുടങ്ങിയവരും സന്നിഹിതരായിരുന്നു. തുടർന്ന് ആലപ്പുഴ ബീച്ചിലുമെത്തിയാണ് സന്ദേശയാത്രയുടെ ആലപ്പുഴ പര്യടനം അവസാനിപ്പിച്ചത്.

ബുധനാഴ്ച പത്തനംതിട്ടയിലാണ് പര്യടനം. രാവിലെ ഒമ്പതരയ്ക്ക് സെന്റ് മേരീസ് കോളജിലും 11.30ന് ടിഎംഎം കോളജിലും 12.30ന് മാക് ഫാസ്റ്റിലുമാണ് സ്വീകരണയോഗങ്ങൾ. നാലിന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ സന്ദർശിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.