Tax
ബജറ്റ് 2018-19: ആദായനികുതിയിൽ കാര്യമായ മാറ്റമില്ല
ബജറ്റ്  2018-19: ആദായനികുതിയിൽ  കാര്യമായ മാറ്റമില്ല
ക​ഴി​ഞ്ഞ ദി​വ​സം അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ വ്യ​ക്തി​ക​ളു​ടെ ആ​ദാ​യ​നി​കു​തി​നി​ര​ക്കി​ൽ യാ​തൊ​രു​ മാ​റ്റ​വു​മി​ല്ല. 250 കോ​ടി വ​രെ വി​റ്റു​വ​ര​വു​ള്ള ക​ന്പ​നി​ക​ൾ​ക്ക് നി​കു​തി​നി​ര​ക്ക് 25 ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു. നി​ല​വി​ൽ മൂ​ന്നു ശ​ത​മാ​ന​മാ​യി​രു​ന്ന വി​ദ്യാ​ഭ്യാ​സ സെ​സ് പേ​രു​ മാ​റ്റി ആ​രോ​ഗ്യവി​ദ്യാ​ഭ്യാ​സ സെ​സ് ആ​ക്കി നാ​ലു ശ​ത​മാ​നം നി​ര​ക്കി​ലേ​ക്കു​യ​ർ​ത്തി. 14 വ​ർ​ഷ​മാ​യി ഇ​ല്ലാ​തി​രു​ന്ന സ്റ്റാ​ൻ​ഡാ​ർ​ഡ് ഡി​ഡ​ക്‌​ഷ​ൻ ശ​ന്പ​ള​ക്കാ​ർ​ക്ക് പു​ന​ഃസ്ഥാ​പി​ച്ചു. 40,000 രൂ​പ​യാ​ണു കി​ഴി​വ്. മു​തി​ർ​ന്ന​ പൗ​ര​ന്മാ​ർ​ക്ക് മെ​ഡി​ക്ലെ​യിം പോ​ളി​സി​ക​ൾ​ക്കു​ള്ള ഇ​ള​വ് 50,000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു. ഓ​ഹ​രി​ക​ളു​ടെ ദീ​ർ​ഘ​കാ​ല​ മൂ​ല​ധ​ന​നേ​ട്ട​ത്തി​ന് പ​ത്തു ശ​ത​മാ​നം നി​കു​തി ചു​മ​ത്തി.

ശ​ന്പ​ളവ​രു​മാ​ന​ക്കാ​ർ​ക്ക്

ശ​ന്പ​ള​വ​രു​മാ​ന​ക്കാ​ർ​ക്ക് സ്റ്റാ​ൻ​ഡാ​ർ​ഡ് ഡി​ഡ​ക്‌​ഷ​ൻ ആ​യി 40,000 രൂ​പ​യു​ടെ കി​ഴി​വ് ല​ഭി​ക്കും. 2005-06ലെ ​യൂ​ണി​യ​ൻ ബ​ജ​റ്റി​ൽ അ​ന്ന​ത്തെ ധ​ന​കാ​ര്യ​മ​ന്ത്രി പി. ​ചി​ദം​ബ​ര​മാ​ണ് ശ​ന്പ​ള​ക്കാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന ഈ ​ആ​നു​കൂ​ല്യം നി​ർ​ത്ത​ലാ​ക്കി​യ​ത്. പ​ക്ഷേ, 40,000 രൂ​പ​യു​ടെ ഇ​ള​വ് എ​ന്നു പേ​രു​ണ്ടെ​ങ്കി​ലും നി​ല​വി​ലു​ള്ള ര​ണ്ട് നി​കു​തി ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്. 15,000 രൂ​പ​ വ​രെ മെ​ഡി​ക്ക​ൽ ചെ​ല​വു​ക​ൾ​ക്കു ല​ഭി​ച്ചി​രു​ന്ന ആ​നു​കൂ​ല്യ​വും 19,200 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ അ​ല​വ​ൻ​സും ഇ​തോ​ടൊ​പ്പം നി​ർ​ത്ത​ലാ​ക്കി. ഫ​ല​ത്തി​ൽ 5,800 രൂ​പ​യു​ടെ ആ​നു​കൂ​ല്യ​മാ​ണ് ശ​ന്പ​ള​വ​രു​മാ​ന​ക്കാ​ർ​ക്കു ല​ഭി​ക്കു​ക.

നി​ല​വി​ൽ മൂ​ന്നു ശ​ത​മാ​നം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സെ​സ് നാ​ലു ശ​ത​മാ​ന​മാ​ക്കി​യ​തോ​ടെ നി​കു​തി​ച്ചെ​ല​വ് കൂ​ടി. 40,000 രൂ​പ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡി​ഡ​ക്‌​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തു​മൂ​ലം നി​കു​തി വ​രു​മാ​ന​ത്തി​ൽ 8,000 കോ​ടി​യു​ടെ വ​രു​മാ​ന​ന​ഷ്ടം ഉ​ണ്ടാ​വും എ​ന്ന് ധ​ന​കാ​ര്യ​മ​ന്ത്രി പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സെ​സ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ 11,000 കോ​ടി​ രൂ​പ​യു​ടെ അ​ധി​ക​വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നും ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്നു.

ഉ​യ​ർ​ന്ന ശ​ന്പ​ള​വ​രു​മാ​ന​മു​ള്ള നി​കു​തി​ദാ​യ​ക​ർ​ക്ക് ഫ​ല​ത്തി​ൽ നി​കു​തി​വ​ർ​ധ​ന ഉ​ണ്ടാ​കു​ന്ന​താ​യി കാ​ണാം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, 2016-17ൽ 20 ​ല​ക്ഷം രൂ​പ വാ​ർ​ഷി​ക‌​ശ​ന്പ​ള​മു​ള്ള വ്യ​ക്തി​യു​ടെ നി​കു​തി ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​നും മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സി​നും ശേ​ഷം വ​രു​ന്ന​ത് സെ​സ് ഉ​ൾ​പ്പെ​ടെ 4,14,307 രൂ​പ​യാ​ണ്. (4,02,240 രൂ​പ നി​കു​തി​യും 12,067 രൂ​പ സെ​സും). എ​ന്നാ​ൽ, പ്ര​സ്തു​ത വ്യ​ക്തി​ക്ക് 2018-19ൽ ​സ്റ്റാ​ൻ​ഡാ​ർ​ഡ് ഡി​ഡ​ക്‌​ഷ​ൻ ല​ഭി​ക്കു​ന്പോ​ൾ നി​കു​തി​ത്തു​ക സെ​സ് ഉ​ൾ​പ്പെ​ടെ 4,16,520 രൂ​പ​യാ​യി (4,00,500 രൂ​പ നി​കു​തി 16,020 രൂ​പ സെ​സ്) വ​രു​ന്ന​താ​യി കാ​ണു​ന്നു. ഫ​ല​ത്തി​ൽ പ്ര​സ്തു​ത വ്യ​ക്തി 2,213 രൂ​പ അ​ധി​ക​മാ​യി ന​ല്കേ​ണ്ടി​വ​രു​ന്നു​ണ്ട്.

ശ​ന്പ​ള​വ​രു​മാ​ന​ക്കാ​ർ​ക്ക് ഈ ​ആ​നു​കൂ​ല്യം ന​ല്കു​വാ​ൻ ധ​ന​കാ​ര്യ​മ​ന്ത്രി ഒ​രു കാ​ര​ണ​വും ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. 2015-16 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 1.89 കോ​ടി ശ​ന്പ​ളവ​രു​മാ​ന​ക്കാ​ർ അ​ട​ച്ച ആ​ദാ​യ​നി​കു​തി 1.44 ല​ക്ഷം കോ​ടി​രൂ​പ ആ​യി​രു​ന്നു. അ​താ​യ​ത് ശ​രാ​ശ​രി ഒ​രു ശ​ന്പ​ള​ക്കാ​ര​ൻ 76,306 രൂ​പ ആ​ദാ​യ​നി​കു​തി അ​ട​ച്ചു. എ​ന്നാ​ൽ, 1.88കോ​ടി ബി​സി​ന​സു​കാ​രും പ്രൊ​ഫ​ഷ​ണ​ലു​ക​ളും​കൂ​ടി അ​ട​ച്ച മൊ​ത്തം ആ​ദാ​യ​നി​കു​തി 48,000 കോ​ടി​രൂ​പ മാ​ത്ര​മാ​യി​രു​ന്നു. അ​താ​യ​ത് ശ​രാ​ശ​രി ഒ​രു ബി​സി​ന​സു​കാ​ര​ൻ അ​ട​ച്ച നി​കു​തി വെ​റും 25,753 രൂ​പ മാ​ത്ര​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് ശ​ന്പ​ള​വ​രു​മാ​ന​ക്കാ​ർ​ക്ക് ഈ ​സ്റ്റാ​ൻ​ഡാ​ർ​ഡ് ഡി​ഡ​ക്‌​ഷ​ൻ എ​ന്ന ആ​നു​കൂ​ല്യം ന​ല്കി​യ​ത​ത്രേ!

ഓ​ഹ​രി​യു​ടെ ദീ​ർ​ഘ​കാ​ല മൂല​ധ​ന​നേ​ട്ട​ത്തി​ന്

നി​ല​വി​ൽ ഓ​ഹ​രി​ക​ളു​ടെ ദി​ർ​ഘ​കാ​ല മൂ​ല​ധ​ന​നേ​ട്ട​ത്തി​ന് സെ​ക്യൂ​രി​റ്റീ​സ് ട്രാ​ൻ​സാ​ക്‌​ഷ​ൻ ടാ​ക്സ് അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ നി​കു​തി ഒ​ഴി​വു​ണ്ടാ​യി​രു​ന്നു. ഓ​ഹ​രി​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ൽ​ കൂ​ടു​ത​ൽ കൈ​വ​ശം​ വ​ച്ചാ​ലാ​ണ് ദീ​ർ​ഘ​കാ​ലം എ​ന്നു​ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ ബ​ജ​റ്റ് അ​നു​സ​രി​ച്ച് ഒ​രു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ഓ​ഹ​രി​യി​ൽ​നി​ന്നും ദീ​ർ​ഘ​കാ​ല​ മൂ​ല​ധ​ന​നേ​ട്ടം ഉ​ണ്ടാ​യാ​ൽ പ​ത്തു ശ​ത​മാ​നം നി​കു​തി ന​ല്ക​ണം. ഹ്ര​സ്വ​കാ​ല​നേ​ട്ട​ത്തി​ന് 15 ശ​ത​മാ​നം നി​ര​ക്കി​ലാ​ണ് നി​കു​തി. ഇ​ക്വി​റ്റി ഓ​റി​യ​ന്‍റ​ഡ് മ്യൂ​ച്വ​ൽ​ഫ​ണ്ടു​ക​ളു​ടെ യൂ​ണി​റ്റു​ക​ൾ​ക്കും പ്ര​സ്തു​ത ​നി​കു​തി ബാ​ധ​ക​മാ​ണ്. ദീ​ർ​ഘ​കാ​ല ഓ​ഹ​രി​ക​ളു​ടെ വി​ല്പ​ന​യി​ൽ മൊ​ത്തം 3,67,000 കോ​ടി​യു​ടെ മൂ​ല​ധ​ന​നേ​ട്ടം ഉ​ണ്ടാ​വു​മെ​ന്നും ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും എ​ൽ​എ​ൽ​പി​ക​ളും ആ​ണ് സ്വ​ന്ത​മാ​ക്കു​ന്ന​തെ​ന്നും ഗ​വ​ണ്‍മെ​ന്‍റ് ക​ണ​ക്കു​കൂ​ട്ടു​ന്നു. മൂ​ല​ധ​ന​നേ​ട്ടം ക​ണ​ക്കാ​ക്കു​ന്പോ​ൾ 2018 ജ​നു​വ​രി 31 ലെ ​ഓ​ഹ​രി​ക​ളു​ടെ വി​ല​യാ​ണ് അ​ടി​സ്ഥാ​ന​വി​ല​യാ​യി ക​ണ​ക്കാ​ക്കേ​ണ്ട​ത്. ഹോ​ൾ​ഡിം​ഗ് കാ​ലാ​വ​ധി ക​ണ​ക്കു​കൂ​ട്ടു​ന്ന​ത് വാ​ങ്ങി​യ തീ​യ​തി​ത​ന്നെ വ​ച്ചാ​ണ്.

മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്ക്

പ​ലി​ശ​യ്ക്ക് നി​കു​തി​ഒ​ഴി​വ് 60 വ​യ​സു​ക​ഴി​ഞ്ഞ മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്കു ബാ​ങ്കി​ൽ​നി​ന്നും പോ​സ്റ്റ്ഓ​ഫീ​സു​ക​ളി​ൽ​നി​ന്നു​മു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് 50,000 രൂ​പ​വ​രെ 80 ടി​ടി​ബി വ​കു​പ്പ​നു​സ​രി​ച്ച് നി​കു​തി ഒ​ഴി​വു​ണ്ട്. ഇ​തി​ൽ സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന പ​ലി​ശ​യും ഉ​ൾ​പ്പെ​ടു​ത്താം. പ്ര​സ്തു​ത പ​ലി​ശ​യി​ൽ​നി​ന്നു സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കി​ല്ല. നി​ല​വി​ൽ എ​ല്ലാ​വ​ർ​ക്കും സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് 80 ടി​ടി​എ വ​കു​പ്പ​നു​സ​രി​ച്ച്10,000 രൂ​പ നി​കു​തി ഒ​ഴി​വ് ല​ഭി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​നി​മു​ത​ൽ ഇ​ത് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ല​ഭി​ക്കി​ല്ല.

മെ​ഡി​ക്ലെ​യിം​ പോ​ളി​സി

മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്ക് 80ഡി ​വ​കു​പ്പ​നു​സ​രി​ച്ച് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ൾ​ക്ക് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 30,000 രൂ​പ​യു​ടെ കി​ഴി​വ് 50,000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു.

ചി​കി​ത്സച്ചെ​ല​വു​ക​ൾ​ക്ക്

60 വ​യ​സു​ക​ഴി​ഞ്ഞ മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്കു ക്രി​ട്ടി​ക്ക​ൽ ഇ​ൽ​നെ​സ് എ​ന്നു ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന രോ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി ചെ​ല​വാ​കു​ന്ന രൂ​പ​യ്ക്ക് 60,000 രൂ​പ​യു​ടെയും 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കു​വേ​ണ്ടി ചെ​ല​വാ​ക്കു​ന്ന രൂ​പ​യ്ക്ക് 80,000 രൂ​പ​യു​ടെ​യും കി​ഴി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​ത് എ​ല്ലാ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ഒ​രു​പോ​ലെ ഒ​രു ല​ക്ഷം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

മാ​റ്റ​ങ്ങ​ൾ

1. 80 പി ​വ​കു​പ്പ​നു​സ​രി​ച്ച് 100 കോ​ടി​യി​ൽ താ​ഴെ വി​റ്റു​വ​ര​വു​ള്ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ ക​ന്പ​നി​ക​ൾ​ക്കും കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ​ക്കും ഉ​ണ്ടാ​വു​ന്ന 100 ശ​ത​മാ​നം ലാ​ഭ​വും നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വു​ള്ള​താ​ക്കി​യി​ട്ടു​ണ്ട്. അം​ഗ​ങ്ങ​ളു​ടെ കൈ​യി​ൽ​നി​ന്നാ​യി​രി​ക്ക​ണം കാ​ർ​ഷി​ക​വി​ള​ക​ൾ വാ​ങ്ങേ​ണ്ട​ത്.
2. 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 50 കോ​ടി​ രൂ​പ​യി​ൽ താ​ഴെ വി​റ്റു​വ​ര​വു​ള്ള ക​ന്പ​നി​ക​ൾ​ക്ക് നി​കു​തി​നി​ര​ക്ക് 25 ശ​ത​മാ​ന‌​മാ​യി​രു​ന്നു. 2018-19ൽ ​ഇ​ത് 250 കോ​ടി രൂ​പ​യി​ൽ താ​ഴെ വി​റ്റു​വ​ര​വു​ള്ള ക​ന്പ​നി​ക്ക് എ​ന്നാ​ക്കി 25 ശ​ത​മാ​നം നി​ര​ക്കി​ൽ നി​കു​തി ഈ​ടാ​ക്കാ​ൻ വ്യ​വ​സ്ഥ​ ചെ​യ്തി​ട്ടു​ണ്ട്. 50 കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ ടേ​ണോ​വ​റു​ള്ള ക​ന്പ​നി​ക​ൾ​ക്ക് 30 ശ​ത​മാ​ന​മാ​യി​രു​ന്നു നി​കു​തി​നി​ര​ക്കു​ക​ൾ.
3. ധ​ർ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്
സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കേ​ണ്ട അ​വ​സ​ര​ങ്ങ​ളി​ൽ ധ​ർ​മ​സ്ഥാ​പ​ന​ങ്ങ​ൾ അ​വ പി​ടി​ക്കാ​തെ ന​ട​ത്തു​ന്ന പ​ണ​മി​ട​പാ​ടു​ക​ൾ ധ​ർ​മ​സ്ഥാ​പ​ന​ങ്ങ​ൾ ചാ​രി​റ്റ​ബി​ൾ കാ​ര്യ​ങ്ങ​ൾ​ക്ക് ചെ​ല​വാ​ക്കി​യ​താ​യി ക​ണ​ക്കാ​ക്കി​ല്ല. അ​തു​പോ​ലെത​ന്നെ 10,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ കാ​ഷാ​യി ന​ട​ത്തു​ന്ന ചെ​ല​വു​ക​ളും ധ​ർ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ​ക്കാ​ക്കി​ല്ല. അ​ങ്ങ​നെ വ​രു​ന്പോ​ൾ പ്ര​സ്തു​ത തു​ക​യ്ക്ക് നി​കു​തി അ​ട​യ്ക്കേ​ണ്ടി വ​രും.
4. ന​ഷ്ട​പ​രി​ഹാ​രം
തൊ​ഴി​ലു​ട​മ ന​ല്കു​ന്ന​തോ ബി​സി​ന​സ് കോ​ണ്‍ട്രാ​ക്ട് അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന​തോ ആ​യ ന​ഷ്ട​പ​രി​ഹാ​രം ഇ​നി മു​ത​ൽ നി​കു​തി​ദാ​യ​ക​മാ​യ വ​രു​മാ​ന​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും.