Jeevithavijayam
3/24/2017
    
നാം ഏറ്റുവാങ്ങേണ്ട ജീവിതദുഃഖം
പുരാതനരാജ്യമായ ഉജ്‌ജയിനിയിലെ രാജാവായിരുന്നു വിക്രം. സമർഥനായ ഭരണാധികാരിയായി അറിയപ്പെട്ടിരുന്ന അദ്ദേഹം തന്റെ പ്രജകളുടെ ക്ഷേമൈശ്വര്യങ്ങളിൽ എന്നും തത്പരനായിരുന്നു.

തന്റെ പ്രജകളുടെ യഥാർഥസ്‌ഥിതി അറിയുന്നതിനുവേണ്ടി അദ്ദേഹം പലപ്പോഴും വേഷം മാറി സഞ്ചരിക്കാറുണ്ടായിരുന്നു. ഒരു ദിവസം രാത്രിയിൽ അംഗരക്ഷകനുമൊത്തു പട്ടണത്തിനു പുറത്തുകടന്നു സാധാരണക്കാർ താമസിക്കുന്ന സ്‌ഥലത്ത് അദ്ദേഹം എത്തി. അപ്പോൾ ഒരു കുടിലിൽ ആരോ പാട്ടുപാടുന്നതായി അവർ കേട്ടു.

അത്രയും വൈകിയ നേരത്ത് ആരാണു പാട്ടുപാടുന്നതെന്നറിയാൻ വിക്രം രാജാവും അംഗരക്ഷകനും ആ കുടിലിലേക്ക് എത്തിനോക്കി. അപ്പോൾ കണ്ട കാഴ്ച അവരെ അദ്ഭുതപ്പെടുത്തി.

അവർ അവിടെ കണ്ടത് എന്താണെന്നോ? പടുവൃദ്ധനായ ഒരാളിരുന്നു കരയുന്നു. ചെറുപ്പക്കാരനായ ഒരാൾ സന്തോഷപൂർണമായ ഒരു ഗാനം ആലപിക്കുന്നു. ആ ഗാനത്തിന്റെ താളത്തിനനുസരിച്ച് ഒരു യുവതി നൃത്തം ചെയ്യുന്നു. ആ യുവതിയുടെ തലയിലാണെങ്കിൽ ഒറ്റമുടിപോലുമില്ല.

കാഴ്ച കണ്ടപ്പോൾ അവിടെ യഥാർഥത്തിൽ എന്താണു സംഭവിക്കുന്നതെന്നറിയുവാൻ രാജാവിന് ആകാംക്ഷയായി. അദ്ദേഹം അംഗരക്ഷകനോടു പറഞ്ഞു: ‘‘നീ അകത്തുകയറി കാര്യമെന്താണെന്ന് അവരോടു തിരക്കൂ.’’ അപ്പോൾ അംഗരക്ഷകൻ പറഞ്ഞു: ‘‘അവർ എന്തോ ആഘോഷം നടത്തുകയാണ്. ഇങ്ങനെയുള്ള അവസരത്തിൽ നാം അവരെ ശല്യപ്പെടുത്തുന്നതു ശരിയല്ല.’’

പക്ഷേ, രാജാവ് അംഗരക്ഷകന്റെ ഉപദേശം കേൾക്കുവാൻ തയാറായിരുന്നില്ല. അദ്ദേഹം പുറത്തുനിന്നുകൊണ്ടുതന്നെ ആ വീട്ടിലുള്ളവരെ നീട്ടിവിളിച്ചു. പാട്ടുപാടിക്കൊണ്ടിരുന്ന ചെറുപ്പക്കാരൻ പുറത്തുവന്നു പറഞ്ഞു: ‘‘നിങ്ങൾ ശല്യപ്പെടുത്താതെ പോകണം. ഞങ്ങളിവിടെ ഒരു ദുഃഖാചരണം നടത്തുകയാണ്.’’

അപ്പോൾ രാജാവു ചോദിച്ചു: ‘‘ദുഃഖാചരണമോ? ദുഃഖാചരണമാണെങ്കിൽ എന്തുകൊണ്ടാണു സന്തോഷഗാനം ആലപിക്കുന്നത്?’’

ചെറുപ്പക്കാരൻ പറഞ്ഞു: ‘‘ഞങ്ങൾ എന്തുചെയ്താലും നിങ്ങൾക്കെന്താണു കുഴപ്പം? നിങ്ങൾ മറ്റുള്ളവരുടെ കാര്യത്തിൽ തലയിടരുത്.’’ അപ്പോൾ രാജാവു പറഞ്ഞു: ‘‘കാര്യങ്ങൾ സാധാരണരീതിയിൽ നന്നായി പോകുമ്പോൾ ആരും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ടുകൂടാ. എന്നാൽ, ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലും ദുഃഖം ആചരിക്കുകയാണെങ്കിൽ അതിൽ മറ്റുള്ളവരും പങ്കുപറ്റണം.’’

രാജാവു പറഞ്ഞതുകേട്ട് ആ ചെറുപ്പക്കാരൻ ആലോചനാനിമഗ്നനായി നില്ക്കുമ്പോൾ അദ്ദേഹം തുടർന്നു: ‘‘ഞങ്ങൾ വരുന്നത് അകലെയുള്ള ജാവായിൽനിന്നാണ്. ഞങ്ങളുടെ നാട്ടിലെ പ്രത്യേകത ഇതാണ്: ആരെങ്കിലും എന്തെങ്കിലും ആഘോഷം നടത്തുകയാണെങ്കിൽ അവർ ക്ഷണിച്ചാൽ മാത്രമേ ഞങ്ങളതിൽ പങ്കുചേരുകയുള്ളൂ. എന്നാൽ, ആരെങ്കിലും എന്തെങ്കിലും കാരണത്തിന്റെ പേരിൽ ദുഃഖാചരണം നടത്തുകയാണെങ്കിൽ അവരുടെ ദുഃഖത്തിൽ ക്ഷണിക്കപ്പെടാതെതന്നെ ഞങ്ങൾ പങ്കുചേരും. അതുവഴി അവർക്ക് ആശ്വാസം ലഭിക്കുമെന്നാണു ഞങ്ങളുടെ വിശ്വാസം.’’ വിക്രം രാജാവിന്റെ കഥ തത്കാലം ഇവിടെ നില്ക്കട്ടെ. അദ്ദേഹം പറഞ്ഞ കാര്യങ്ങളെക്കുറിച്ചു നമുക്കല്പം ചിന്തിക്കാം.

അദ്ദേഹം പറഞ്ഞതുപോലെ, ആരെങ്കിലും എന്തെങ്കിലും ആഘോഷം നടത്തുകയാണെങ്കിൽ അതിനു ക്ഷണിക്കപ്പെട്ടാൽ മാത്രം പോവുകയാണു നമ്മുടെയും പതിവ്. എന്നാൽ, ദുഃഖസാഹചര്യങ്ങളിൽ ക്ഷണിക്കപ്പെടാനായി നാം കാത്തുനില്ക്കാറില്ല. ക്ഷണിക്കപ്പെടാതെതന്നെ അവരുടെ ദുഃഖത്തിൽ പങ്കുചേരാനാണു നാമും ശ്രമിക്കാറുള്ളത്.


പക്ഷേ, മറ്റുള്ളവരുടെ ദുഃഖാചരണങ്ങളിൽ നാം പങ്കുപറ്റാറുണ്ടെങ്കിലും അവരുടെ ദുഃഖകാരണങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനു നമ്മിൽ പലരും അധികം സഹായിക്കാറില്ല എന്നതല്ലേ വസ്തുത? നമ്മോടു ബന്ധപ്പെട്ടതോ അല്ലെങ്കിൽ നമുക്കു പരിചയമുള്ളതോ ആയ ഏതെങ്കിലും കുടുംബത്തിൽ മരണമോ മറ്റെന്തെങ്കിലും അത്യാഹിതമോ സംഭവിച്ചാൽ അവിടെ നാം ഓടിയെത്തിയെന്നിരിക്കും. എന്നാൽ, അനുദിന ജീവിതാവശ്യങ്ങൾക്കു നമ്മുടെ സഹായം ആർക്കെങ്കിലും വേണ്ടിവന്നാൽ അവരെ നാം സഹായിക്കാറുണ്ടോ? അനുദിനജീവിതത്തിൽ അവർക്കുണ്ടാകുന്ന ദുഃഖം കാണാനും അവരെ സഹായിച്ചാശ്വസിപ്പിക്കാനും സന്നദ്ധരാകാറുണ്ടോ?

വിക്രം രാജാവിന്റെ കഥയിലേക്ക് ഇനി മടങ്ങിവരട്ടെ: രാജാവ് ആ ചെറുപ്പക്കാരനോട് അവരുടെ ദുഃഖകാരണമെന്താണെന്നു വീണ്ടും ചോദിച്ചപ്പോൾ ചെറുപ്പക്കാരൻ പറഞ്ഞു: ‘‘ഞങ്ങളുടെ ദുഃഖം നിങ്ങൾക്കു മാറ്റിത്തരുവാൻ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല. എങ്കിലും ഞങ്ങളുടെ കഥ ഇതാണ്: എന്റെ പിതാവ് അദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവനും എന്റെ വിദ്യാഭ്യാസത്തിനായി ചെലവാക്കി. പക്ഷേ, എനിക്ക് ഇതുവരെ ഒരു ജോലിയും ലഭിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു രാജകീയ സന്ദർശകൻ ഇന്നു രാത്രി വീട്ടിലെത്തുമെന്ന് എന്റെ പിതാവു സ്വപ്നം കണ്ടത്.’’

‘‘സന്ദർശനത്തിനെത്തുന്ന വിശിഷ്ടാതിഥിയെ സ്വീകരിക്കാൻവേണ്ടി എന്തെങ്കിലും തയാറാക്കാൻ എന്റെ പിതാവ് എന്റെ ഭാര്യയോടു പറഞ്ഞു. എന്നാൽ, പണമില്ലാതിരുന്നതുകൊണ്ട് അവൾ പോയി തന്റെ മുടി മുറിച്ചുവിറ്റ് അതിഥിയെ സ്വീകരിക്കാനുള്ള വിഭവങ്ങളൊരുക്കി.’’

‘‘എന്നാൽ, രാത്രി ഇത്രവൈകിയിട്ടും രാജകീയ സന്ദർശകൻ എത്താത്തതുമൂലം എന്റെ പിതാവ് ഏറെ ദുഃഖിതനാണ്. തന്റെ മരുമകളുടെ ത്യാഗം വൃഥാവിലായല്ലോ എന്ന ചിന്തയാണ് അദ്ദേഹത്തെ ഏറെ ദുഃഖിപ്പിക്കുന്നത്. ഇങ്ങനെ ദുഃഖിതനായിരിക്കുന്ന പിതാവിനെ സന്തോഷിപ്പിക്കാനാണു ഞാൻ സന്തോഷഗീതം ആലപിക്കുന്നതും എന്റെ ഭാര്യ നൃത്തം ചെയ്യുന്നതും. എന്നാൽ, എന്റെ പിതാവിന്റെ ദുഃഖം ശമിപ്പിക്കാൻ ഞങ്ങൾക്കു സാധിക്കുന്നില്ല.’’

ചെറുപ്പക്കാരന്റെ കഥ കേട്ട വിക്രം രാജാവ് രാജകൊട്ടാരത്തിൽ പിറ്റേദിവസം ഒരു മത്സരപ്പരീക്ഷ നടക്കുന്നുണ്ടെന്നും പരീക്ഷയിൽ ജയിച്ചാൽ ഒരു ജോലി ലഭിച്ചേക്കാനിടയുണ്ടെന്നും അറിയിച്ചു. അതിനുശേഷം തങ്ങൾ ആരാണെന്നു വെളിപ്പെടുത്താതെ രാജാവും അംഗരക്ഷകനും കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. പിറ്റേദിവസം മത്സരപ്പരീക്ഷയ്ക്കെത്തിയ ചെറുപ്പക്കാരനു ജോലി നല്കിക്കൊണ്ട് അയാളെയും കുടുംബത്തെയും രാജാവു ദുഃഖവിമുക്‌തമാക്കി എന്നാണ് കഥ.

വിക്രം രാജാവ് ചെയ്തതുപോലെ, മറ്റുള്ളവരുടെ ജീവിതദുഃഖം ശമിപ്പിക്കാൻ അവർക്കു ജോലിയോ അല്ലെങ്കിൽ സ്‌ഥിരമായ സാമ്പത്തികസഹായമോ നല്കാൻ നമുക്കു പലർക്കും സാധിച്ചില്ലെന്നിരിക്കും. എന്നാൽ, മറ്റുള്ളവരുടെ ജീവിതദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കാൻ നമുക്കാഗ്രഹമുണ്ടെങ്കിൽ അവരെ പലരീതിയിലും നമുക്കു സഹായിക്കാൻ സാധിക്കും എന്നതിൽ സംശയം വേണ്ട. പക്ഷേ, അതിനുള്ള തുടക്കമായി മറ്റുള്ളവരുടെ ജീവിതദുഃഖം കാണാൻ നാം മനസാകണം. അതുപോലെ, അവരുടെ ദുഃഖത്തിന്റെ ഒരംശം നമ്മുടെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങാനും നാം തയാറാകണം.
    
To send your comments, please clickhere