Jeevithavijayam
8/22/2017
    
തിന്മകൾക്കെതിരേ ബുദ്ധിപൂർവം പ്രതികരിക്കുക
1940 മെയ് മാസത്തിലാണ് നാസികൾ നെതർലാൻഡ്സ് (ഹോളണ്ട്) കീഴടക്കിയത്. അന്ന് യോപ് പെൻറാത്തിന് ഇരുപത്തിരണ്ട് വയസ് മാത്രം പ്രായം. ജർമനിയിൽ നിന്ന് എന്ന പോലെ നാസികൾ കീഴടക്കിയ എല്ലാ രാജ്യങ്ങളിലും നിന്ന് യഹൂദരെ തുടച്ചു നീക്കുവാനായിരുന്നു ഹിറ്റ്ലറുടെ പദ്ധതി. പെൻറാത്തിനും മറ്റ് സാധാരണക്കാർക്കുമൊക്കെ ഇക്കാര്യം നന്നായി അറിയാമായിരുന്നു. നെതർലാൻഡ്സിലെത്തിയ നാസികൾ യഹൂദരുടെ പേരുകൾ പ്രത്യേകമായി രജിസ്റ്റർ ചെയ്തു. അവർക്കു പ്രത്യേകം തിരിച്ചറിയൽ കാർഡ് നൽകി. ഈ കാർഡിന്റെ ഒരു പ്രത്യേകത യഹൂദരെ തിരിച്ചറിയുന്നതിനുവേണ്ടി അവരുടെ കാർഡിൽ ‘ജെ’ എന്ന ഇംഗ്ലീഷ് അക്ഷരം വലുപ്പത്തിൽ അച്ചടിച്ച് വച്ചിരുന്നു.

യഹൂദരെ അന്യായമായി ഇല്ലായ്മ ചെയ്യുന്ന നീക്കത്തിനെതിരെ പെൻറാത്ത് വളരെ തന്ത്രപൂർവം പ്രവർത്തിച്ചു. യഹൂദരുടെ തിരിച്ചറിൽ കാർഡിൽ നിന്ന് ‘ജെ’ എന്ന അക്ഷരം മായിച്ചുകളയുവാനാണ് പെൻറാത്ത് ആദ്യം ശ്രമിച്ചത്. ആ ശ്രമം മുഴുവൻ വിജയിക്കാതെ വന്നപ്പോൾ പുതിയ തിരിച്ചറിയൽ കാർഡുകൾ പെൻറാത്ത് പ്രിന്റ് ചെയ്തു നൽകി.

യഹൂദരെ സഹായിക്കുവാൻ ശ്രമിച്ചതിന്റെ പേരിൽ പെൻറാത്ത് അറസ്റ്റിലായി. നാസികളുടെ തടവറയിൽ വച്ച് പെൻറാത്തിനു ധാരാളം സഹിക്കേണ്ടിവന്നു. രണ്ട് മാസം നീണ്ടുനിന്ന മർദ്ദനത്തിനു ശേഷമാണ് പെൻറാത്ത് തടവറയിൽ നിന്നു മോചിതനായത്.

തടവറയിൽ നിന്നു പുറത്തു വന്ന പെൻറാത്ത് യഹൂദരെ സഹായിക്കുന്ന പരിപാടി ഉപേക്ഷിക്കുമെന്നാണ് ബന്ധുക്കളും കൂട്ടുകാരും കരുതിയത്. എന്നാൽ, സംഭവിച്ചത് നേരെ മറിച്ചാണ്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിക്കൊണ്ട് യഹൂദരെ രക്ഷിക്കുവാനുള്ള ശ്രമം പെൻറാത്ത് തുടർന്നു.

അക്കാലത്ത് യൂറോപ്പിന്റെ പടിഞ്ഞാറൻ തീരത്ത് ഹിറ്റ്ലർ ഒരു ‘അറ്റ്ലാന്റിക് ഭിത്തി’ നിർമിക്കുന്നുണ്ടായിരുന്നു. അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണം തടയുവാൻ വേണ്ടി നാസികൾ കരുപ്പിടിപ്പിച്ച ഒരു പദ്ധതിയായിരുന്നു ഇത്. ഒരു ജർമൻ കമ്പനിയായിരുന്നു ഈ ഭിത്തിയുടെ നിർമാണചുമതല ഏറ്റെടുത്തിരുന്നത്. 1942 മുതൽ 1944 വരെ ഈ ഭിത്തിയുടെ നിർമാണം നീണ്ടുനിന്നു.

ഒരു സുഹൃത്തിന്റെ സഹായത്തോടുകൂടി ഈ ജർമൻ കമ്പനിയുടെ ലെറ്റർ ഹെഡ്ഡിന്റെ ഒരു കോപ്പി പെൻറാത്ത് സമ്പാദിച്ചു. എന്നിട്ട് ഈ കമ്പനിയുടെ പേരിൽ യഹൂദരെ അറ്റലാന്റിക് ഭിത്തി പണിയുന്നതിനുവേണ്ടി ഫ്രാൻസിനുകൊണ്ടു പോകുന്നതിനുള്ള അനുവാദത്തിനായി പെൻറാത്ത് നാസി അധികാരികൾക്കെഴുതി.

പെൻറാത്തിന്റെ പദ്ധതി വൻവിജയമായിരുന്നു. നെതർലാൻഡ്സിലെ യഹൂദരെ ഭിത്തിനിർമാണത്തിനു കൊണ്ടു പോകുന്ന കാര്യത്തിൽ നാസികൾക്ക് എതിർപ്പില്ലായിരുന്നു. ഓരോ തവണയും ഇരുപതു പേർക്കുവേണ്ടിയാണ് പെൻറാത്ത് അനുവാദം ചോദിച്ചത്. പെൻറാത്ത് സമർപ്പിച്ച പേപ്പറുകൾ അംഗീകരിച്ച് കിട്ടിയാലുടനെ അവരെ ഫ്രാൻസിലെത്തിക്കുവാൻ പെൻറാത്തിനു സാധിക്കുമായിരുന്നു. ഇപ്രകാരം രക്ഷപ്പെട്ട് ഫ്രാൻസിലെത്തുന്നവരെ അവിടെനിന്ന് അമേരിക്കയിലും മറ്റും എത്തിക്കുവാനുള്ള സംവിധാനം പെൻറാത്തിനുണ്ടായിരുന്നു.

1944–ന്റെ അവസാനമായപ്പോഴേക്കും യഹൂദരുടെ ഈ കള്ളക്കടത്ത് ഏറെ ബുദ്ധിമുട്ടുള്ളതായിത്തീർന്നു. എന്നുമാത്രമല്ല, പെൻറാത്ത് പിടിക്കപ്പെടുമെന്ന സ്‌ഥിതി വന്നു. തന്മൂലം, പെൻറാത്ത് പൊതുരംഗത്തു നിന്ന് അപ്രത്യക്ഷനായി. പക്ഷേ, അപ്പോഴേക്കും 406 യഹൂദരുടെ ജീവൻ രക്ഷിക്കുവാൻ പെൻറാത്തിനു സാധിച്ചിരുന്നു.


ഹിറ്റ്ലർ നെതർലാൻഡ്സ് കീഴടക്കുമ്പോൾ അവിടെ 1,40,000 യഹൂദരായിരുന്നു ആകെയുണ്ടായിരുന്നത്. അവരിൽ പല രീതിയിലായി രക്ഷപ്പെട്ടവർ 30,000 പേർ മാത്രമായിരുന്നു. ബാക്കിയുള്ളവർ നാസികളുടെ ഗ്യാസ് ചേംബറുകളിൽ വധിക്കപ്പെടുകയാണ് ചെയ്തത്.

രണ്ടാം ലോകമഹായുദ്ധത്തിൽ നാസികൾ പരാജയപ്പെട്ടതിനെത്തുടർന്ന് പെൻറാത്ത് അണ്ടർഗ്രൗണ്ടിൽ നിന്നു പുറത്തുവന്നു. പ്രഗത്ഭനായ ഒരു ആർക്കിടെക്റ്റായിത്തീർന്ന അദ്ദേഹം 1958–ൽ അമേരിക്കയിലേക്കു കുടിയേറി. എൺപത്തിയെട്ടാം വയസിൽ അന്തരിച്ച അദ്ദേഹത്തിന്റെ ധീരകൃത്യത്തെക്കുറിച്ചുള്ള കഥകൾ പുറത്തുവന്നിട്ട് വർഷങ്ങൾ അധികമായിട്ടില്ല.

എന്തുകൊണ്ടാണ് സ്വന്തം ജീവൻ പണയം വച്ചു യഹൂദരുടെ ജീവൻ രക്ഷിക്കുവാൻ അദ്ദേഹം തയ്യാറായത്? പെൻറാത്തിനെ അടുത്തറിയാവുന്നവർ പറയുന്നതനുസരിച്ച്, മറ്റു പലരും ചെയ്ത പോലെ നാസികളുടെ കൊടുംഭീകരതയ്ക്കെതിരെ കണ്ണടയ്ക്കുവാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല.

നാസികൾ ചെയ്യുന്നതു തെറ്റാണെന്നു പെൻറാത്ത് മനസിലാക്കി. നാസികളോട് എതിർത്താൽ പരാജയം തീർച്ചയാണെന്നറിയാവുന്നതുകൊണ്ട് പെൻറാത്ത് അതിനു തുനിഞ്ഞില്ല. അതിനുപകരം സാധിക്കുന്നിടത്തോളം യഹൂദരെ രക്ഷിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്. അതിൽ കുറെയൊക്കെ അദ്ദേഹം വിജയിക്കുകയും ചെയ്തു.

സ്വന്തം ജീവനും സ്വത്തുമൊക്കെ പണയം വച്ച് കൊണ്ട് നമ്മിലാരെങ്കിലും മറ്റുള്ളവരെ സഹായിക്കുവാനിറങ്ങിത്തിരിക്കുമോ? ഒരു പക്ഷേ നമ്മിൽ ചിലരെങ്കിലും അതിനു തുനിഞ്ഞെന്നിരിക്കും. എന്നാൽ, ഭൂരിഭാഗം പേരും എന്തിനു വെറുതെ പൊല്ലാപ്പിനു പോകണം എന്നായിരിക്കുകയില്ലേ ചിന്തിക്കുക?

ഈ പശ്ചാത്തലത്തിൽ നാം അനുസ്മരിക്കേണ്ട ഒരു കാര്യമുണ്ട്. നമുക്കാണു സഹായം വേണ്ടതെന്നു കരുതുക. അങ്ങനെയൊരു സാഹചര്യത്തിൽ നാം അതിനായി ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുകയില്ലേ, മറ്റുള്ളവർ നമ്മെ സഹായിക്കേണ്ടത് അവരുടെ ധാർമിക ഉത്തരവാദിത്തമാണെന്നു പോലും അപ്പോൾ നാം കരുതുകയില്ലേ? നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന പല തിന്മകളുടെയും കാരണം നല്ലവരെന്നു സ്വയം കരുതുന്നവർ ആ തിന്മകളെ തന്റേടപൂർവം എതിർക്കാത്തതാണെന്നാണ് വാസ്തവം. മറ്റുള്ളവർ നമ്മെ ഉപദ്രവിക്കാത്തിടത്തോളം കാലം നാം സംതൃപ്തരാണ്. ആരെങ്കിലും മറ്റുള്ളവരെ അടിച്ചമർത്തുകയോ ചൂഷണം ചെയ്യുകയോ ചെയ്താൽ അതു നമ്മെ ബാധിക്കുന്ന കാര്യമല്ലെന്നല്ലേ പലപ്പോഴും ചിന്തിക്കുക. നമ്മുടെ സമൂഹത്തിൽ ആർക്കും. സംഭവിക്കുന്ന തിന്മയും നാശനഷ്ടങ്ങളുമൊക്കെ നമ്മുടെയും നഷ്ടമാണെന്ന ബോധ്യം നമുക്കുവേണം. അതുപോലെ, സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കെതിരെ ബുദ്ധിപൂർവം പ്രതികരിക്കുവാനുള്ള തന്റേടവും നമുക്കുണ്ടാവണം. യഹൂദരെ രക്ഷിക്കുവാൻ ഇറങ്ങിത്തിരിച്ച പെൻറാത്തിന്റെ ജീവിതം അതാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്.
    
To send your comments, please clickhere