Jeevithavijayam
10/23/2017
    
പദവിക്കും സമ്പത്തിനും അപ്പുറം
അഞ്ചു ബെസ്റ്റ്സെല്ലിംഗ് നോവലുകളെഴുതിയ എഴുത്തുകാരിയാണ് ആനാ മറീ ക്വീൻഡ്ലൻ. അമേരിക്കക്കാരിയായ അവരുടെ ഒരു നോവൽ ഫീച്ചർ ഫിലിമായും രണ്ടെണ്ണം ടെലിവിഷൻ ഫിലിമായും പുറത്തുവന്നിട്ടുണ്ട്. ‘ന്യൂയോർക്ക് പോസ്റ്റ്’ എന്ന പത്രത്തിന്റെ റിപ്പോർട്ടറായി 1974–ൽ ജോലി ആരംഭിച്ച അവർ 1977 മുതൽ 1994 വരെ ‘ന്യൂയോർക്ക് ടൈംസ്’ പത്രത്തിന്റെ വിവിധ ചുമതലകൾ വഹിച്ചു. അതിനുശേഷമാണ് നോവൽ രചനയിലേക്കു കടന്നത്.

നോവൽ രചനയ്ക്കിടയിലും ‘ന്യൂസ്വീക്ക്’ വീക്ക്ലിയിൽ റിട്ടയർ ചെയ്യുന്നതുവരെ ‘പബ്ളിക് ആൻഡ് പ്രൈവറ്റ്’ എന്ന പേരിലുള്ള കോളം എഴുതിയിരുന്നു. 1992–ൽ കമന്ററി വിഭാഗത്തിലുള്ള പത്രപ്രവർത്തന രചനയ്ക്കു പുലിറ്റ്സർ അവാർഡ് നേടിയ ഈ എഴുത്തുകാരി അമേരിക്കൻ സാമൂഹിക ജീവിതത്തിൽ ഭൗതികമൂല്യങ്ങൾ പുലർത്തുന്ന അമിതസ്വാധീനത്തെക്കുറിച്ച് ഏറെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

നല്ലൊരു വാഗ്മികൂടിയായ ആനാ മറീ പല സമുന്നത യൂണിവേഴ്സിറ്റികളുടെയും ബിരുദദാനച്ചടങ്ങുകളിൽ വിശിഷ്ടാതിഥി ആയിരുന്നിട്ടുണ്ട്. മില്ലനോവ യൂണിവേഴ്സിറ്റിയുടെ ബിരുദദാനചടങ്ങിൽ അവർ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ പ്രസംഗത്തിൽ അവർ പറഞ്ഞു: ‘‘നിങ്ങൾ ഇന്ന് ഇവിടെനിന്നു പടിയിറങ്ങുമ്പോൾ മറ്റു പലരെയും പോലെ നിങ്ങൾക്കു ഡിഗ്രിയുണ്ടായിരിക്കും. നിങ്ങൾ പിന്നീട് ജോലി ചെയ്യുമ്പോൾ നിങ്ങളുടെ അതേ ജോലി ചെയ്യുന്ന പതിനായിരങ്ങൾ ഉണ്ടാവും. എന്നാൽ, എപ്പോഴും നിങ്ങൾക്കു സ്വന്തമായി മാത്രം ഒരു കാര്യമുണ്ടാകും – നിങ്ങളുടെ ജീവിതവും അതിന്റെ നിയന്ത്രണവും.’’

തങ്ങൾക്കു ലഭിക്കുന്ന ജോലിയല്ല, മൊത്തത്തിലുള്ള തങ്ങളുടെ ജീവിതമാണ് ഏറെ പ്രധാനപ്പെട്ടത് എന്ന് ഓർമിപ്പിച്ചുകൊണ്ട് ആനാ മറീ അവരോട് തുടർന്നു പറഞ്ഞു: ‘‘ഇതാണ് എന്റെ ജീവിത യോഗ്യത: ഞാൻ മൂന്നു കുട്ടികളുടെ ഒരു നല്ല അമ്മയാണ്. എന്റെ ഭർത്താവിന്റെ വിശ്വസ്തയായ സ്നേഹിതയാണ്.’’

‘‘ഒരു നല്ല അമ്മയായിരിക്കുന്നതിനോ സ്നേഹമുള്ള ഒരു ഭാര്യ ആയിരിക്കുന്നതിനോ തടസം നിൽക്കുവാൻ എന്റെ ജോലിയെ ഞാൻ അനുവദിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവാണു ഞാൻ എന്ന് ഇപ്പോൾ കരുതുന്നില്ല. ഞാൻ ജോലി ചെയ്യുന്നു; മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുന്നു; അവരോടൊപ്പം ഞാൻ ആത്മാർഥമായി ചിരിക്കുന്നു. എന്റെ സ്നേഹിതർക്കു ഞാൻ നല്ലൊരു സ്നേഹിതയാണ്. അവർ എനിക്കും അങ്ങനെതന്നെ. അവരെക്കൂടാതെ എനിക്കു നിങ്ങളോടൊന്നും പറയാനുണ്ടാവില്ല.’’

‘‘എനിക്കു നിങ്ങളോടു പറയുവാനുള്ളത് ഇതാണ്: നിങ്ങൾ ശരിയായൊരു ജീവിതം പടുത്തുയർത്തു. അടുത്ത പ്രമോഷനു വേണ്ടിയോ കൊഴുത്ത ശമ്പളത്തിനു വേണ്ടിയോ വലിയൊരു വീട് സമ്പാദിക്കുന്നതിനുവേണ്ടിയോ ആയിരിക്കരുത് നിങ്ങൾ നെട്ടോട്ടമോടുന്നത്.’’


ഭൗതികമോഹങ്ങളുടെ പിന്നാലെ പോകാതെ സ്നേഹവും സേവനവും സൗഹൃദവുമൊക്കെ നിറഞ്ഞ ഒരു ജീവിതം കെട്ടിപ്പെടുക്കുക എന്ന ആനാ മറീയുടെ ഉപദേശം നമ്മുടെയും ചിന്തയ്ക്കു വിഷയീഭവിപ്പിക്കുന്നതു നല്ലതാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും കൊഴുത്ത ശമ്പളമുള്ള ജോലിയും നേടാനായാൽ ജീവിതത്തിൽ നാം വിജയിച്ചു എന്നല്ലേ പലപ്പോഴും ചിന്തിക്കുകയും പറയുകയും ചെയ്യാറുള്ളത്?

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും കൊഴുത്ത ശമ്പളം നൽകുന്ന ജോലിയും നമ്മുടെ ജീവിതത്തിനു നല്ലതുതന്നെ. എന്നാൽ, ജീവിതമെന്നു പറയുന്നത് ഇതൊക്കെ മാത്രമാണെന്നു നാം കരുതിയാൽ നമ്മുടെ ജീവിതം പരാജയപ്പെടുമെന്നതിൽ സംശയം വേണ്ട. ഉന്നതവിദ്യാഭ്യാസ യോഗ്യതയും ഉയർന്ന ജോലിയുമുള്ള എത്രയോ പേരുടെ ജീവിതം പരാജയത്തിൽ കലാശിക്കുന്നതായി നാം കാണുന്നുണ്ട്. നമ്മുടെ ജീവിതയോഗ്യത എന്നു പറയുന്നത് നാം നേടിയ ബിരുദങ്ങളോ നമുക്കു ലഭിച്ച ജോലിയിലെ പ്രമോഷനുകളോ നാം നേടിയ സമ്പത്തോ മാത്രമല്ല. തീർച്ചയായും നമ്മുടെ ജീവിതത്തെക്കുറിച്ച് വിലയിരുത്തുമ്പോൾ ഇവയൊക്കെ വലിയ സ്‌ഥാനമുണ്ട്. എന്നാൽ, അവയെക്കാളെല്ലാം പ്രധാനപ്പെട്ടത് ഏതെല്ലാം മൂല്യങ്ങൾക്കുവേണ്ടി എങ്ങനെ നാം ജീവിക്കുന്നു എന്നുള്ളതാണ്.

നാം ജീവിക്കുന്നതു ഭൗതികമൂല്യങ്ങൾക്കു വേണ്ടിയാണോ? ജീവിതത്തിൽ നാം നെട്ടോട്ടമോടുന്നതു ഭൗതികസമ്പത്തു സമ്പാദിക്കുവാൻ മാത്രമാണോ? എങ്കിൽ ആർക്ക് എങ്ങനെ നമ്മുടെ ജീവിതത്തെക്കുറിച്ച് അഭിമാനം കൊള്ളുവാനാകും? എന്നാൽ, നമ്മുടെ ജീവിതത്തിൽ ഭൗതികമൂല്യങ്ങളെക്കാളേറെ ആധ്യാത്മികമൂല്യങ്ങൾക്കും കുടുംബബന്ധങ്ങൾക്കും സാഹോദര്യത്തിനും സൗഹൃദത്തിനുമൊക്കെ പ്രാധാന്യമുണ്ടെന്നു കരുതുക. അപ്പോൾ നമ്മുടെ ജീവിതത്തെക്കുറിച്ച് നമുക്കെന്നപോലെ മറ്റുള്ളവർക്കും അഭിമാനവും സന്തോഷവുമുണ്ടാകും.

ആനാ മറീ പറയുന്നതുപോലെ, നമ്മുടെ ജീവിതവും അതിന്റെ നിയന്ത്രണവും പൂർണമായി നമ്മുടെ കൈകളിലാണെന്നു നമുക്കു സമ്മതിക്കാൻ സാധിക്കില്ല. എങ്കിൽപ്പോലും നമ്മുടെ ജീവിതത്തെ വളർത്തുന്നതിലും തളർത്തുന്നതിലുമുള്ള പ്രധാനമായ പങ്കു നമ്മുടെതു തന്നെയാണല്ലോ. ദൈവം നമ്മുടെ കൈകളിൽ ഏല്പിച്ചുതന്നിരിക്കുന്ന നമ്മുടെ ജീവിതം അവിടുത്തെ സഹായത്തോടെ ശരിയായ രീതിയിൽ പടുത്തുയർത്തുവാൻ നമുക്കു ശ്രമിക്കാം. അതിനുള്ള യോഗ്യതയും സന്മനസും നമുക്കുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം.
    
To send your comments, please clickhere