Jeevithavijayam
12/15/2017
    
വെറ്റിലക്കച്ചവടത്തിൽനിന്നു വളർന്ന സ്വപ്നം
പൂപ്സി എന്ന കമ്പനിയുടെ സെയിൽസ്മാൻ ആയിരുന്നു പതിനാറുകാരനായ നിഖിൽ ഗാന്ധി. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയയുടനേ ജോലി ചെയ്യുവാൻ തുടങ്ങിയ നിഖിൽ വില്പനരംഗത്തു വൻവിജയമായിരുന്നു. ശിശുക്കൾക്കുവേണ്ടിയുള്ള മുലക്കുപ്പികൾ വിറ്റ് ഈ ഗുജറാത്തുകാരൻ നല്ല സമ്പാദ്യമുണ്ടാക്കി. അപ്പോഴാണു സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്നു നിഖിലിന് ആഗ്രഹമുണ്ടായത്.

പൂപ്സി കമ്പനിയിൽ നിന്നു നല്ല കമ്മീഷൻ നേടിയിരുന്ന നിഖിൽ ആ ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നുവെന്നു കേട്ടപ്പോൾ കൂട്ടുകാരും സഹപ്രവർത്തകരും ആ യുവാവിനെ അതിൽനിന്നു പിന്തിരിപ്പിക്കുവാൻ നോക്കി. പക്ഷേ, സ്വന്തം ബിസിനസ് തുടങ്ങുവാനുള്ള തീരുമാനത്തിൽ നിഖിൽ ഉറച്ചുനിന്നു. വെറ്റിലക്കച്ചവടത്തിലേക്കാണു നിഖിൽ ആദ്യം തിരിഞ്ഞത്. കൽക്കട്ടയിൽ നിന്നു വെറ്റില വാങ്ങി ബോംബെയിൽ വില്ക്കുവാനായിരുന്നു പ്ലാൻ.

കുറെ പണവുമായി കൽക്കട്ടയിലെത്തിയ നിഖിൽ നാലായിരം വെറ്റിലകൾ വാങ്ങി പത്തു വലിയ കുട്ടകളിലാക്കി ബോംബെയിലേക്കു ട്രെയിൻ കയറി. പ്രയാസമേറിയ യാത്രയായിരുന്നു അത്. വെറ്റില ഉണങ്ങാതിരിക്കുവാൻ വേണ്ടി ഇടയ്ക്കിടെ അവയിൽ വെള്ളം തളിക്കേണ്ടിയിരുന്നു. അതിനിടയിൽ വെറ്റില മോഷ്ടാക്കളുടെ ശല്യവും ഉണ്ടായി.

എങ്കിലും വെറ്റിലകൾ അധികം കേടുകൂടാതെ ബോംബെയിലെത്തിക്കുവാൻ നിഖിലിനു സാധിച്ചു. അവ വിറ്റയിനത്തിൽ നല്ല ലാഭം നിഖിലിനുണ്ടായി.

വെറ്റിലക്കച്ചവടത്തിൽ വിജയം നേടിയ നിഖിൽ മറ്റു പല ബിസിനസ് രംഗങ്ങളിലേക്കും കടന്നു. അതിലൊന്നു വിദേശ മാർക്കറ്റുകളെ ലക്ഷ്യം വച്ചുള്ള മരുന്നു നിർമാണമായിരുന്നു.

നിഖിൽ ഫാർമസ്യൂട്ടിക്കൽ രംഗത്തേക്കു കടന്നപ്പോൾ ആദ്യം അഭിമുഖീകരിച്ച ഒരു പ്രശ്നം സാധനങ്ങൾ കയറ്റിയയയ്ക്കുന്നതിലും ഇറക്കുന്നതിലും തുറമുഖത്തുണ്ടായ കാലതാമസമായിരുന്നു. ചില വിദേശ തുറമുഖങ്ങളിൽ ഇരുപത്തിനാലു മണിക്കൂർകൊണ്ടു പൂർത്തിയാകുന്ന ജോലി ബോംബെ തുറമുഖത്തു പൂർത്തിയാക്കുവാൻ പതിനേഴു ദിവസം വരെ വേണ്ടിവന്നിരുന്നു. തുറമുഖ രംഗത്തു താൻ അഭിമുഖീകരിച്ച പ്രശ്നം പരിഹരിക്കുവാൻ നിഖിൽ ചെയ്തതെന്താണെന്നോ? ഒരു പുതിയ തുറമുഖം ആരംഭിക്കുക!

അങ്ങനെയാണു ഗുജറാത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തായി സിപ്പവാവ് തുറമുഖം 1996–ൽ ആരംഭിക്കുന്നത്. ആ തുറമുഖത്തിൽ ആദ്യം എത്തിയ കപ്പലിനു മുപ്പത്തിനാലു മണിക്കൂറിനുള്ളിൽ അതിന്റെ ദൗത്യം പൂർത്തിയാക്കി മടങ്ങുവാൻ സാധിച്ചു എന്നതു നിഖിലിന്റെ വലിയ നേട്ടമായിരുന്നു.

ഉന്നതവിദ്യാഭ്യാസമോ കുടുംബപരമായ ബിസിനസ് പശ്ചാത്തലമോ വൻ കമ്പനികളുടെ സാമ്പത്തിക–സാങ്കേതിക സഹകരണമോ ഇല്ലാതെയാണു നിഖിൽ തുറമുഖ നിർമാണത്തിലേക്ക് എടുത്തു ചാടിയത്. എന്നാൽ, ഈ രംഗത്തു വൻവിജയം നേടുവാൻ അദ്ദേഹത്തിനു സാധിച്ചു. ഒരു ഇംഗ്ലീഷ് വാരികയിൽ അദ്ദേഹമെഴുതിയ കോളത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നതുപോലെ, അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള സന്നദ്ധതയുമാണ് അദ്ദേഹത്തെ വിജയത്തിലേക്കു നയിച്ചത്. ഉന്നതവിദ്യാഭ്യാസം നേടുവാൻ നിഖിലിനു സാധിച്ചില്ല എന്നതു ശരി തന്നെ. എന്നാൽ, അദ്ദേഹം ജീവിതാനുഭവങ്ങളിൽ നിന്നു പലപ്പോഴും പഠിച്ചു. പുതിയ ആശയങ്ങൾ സ്വീകരിക്കുവാനും ഭാവിയെക്കുറിച്ചു സ്വപ്നം കാണുവാനും അദ്ദേഹം എപ്പോഴും തയാറായിരുന്നു. സാഹചര്യങ്ങളുടെ സമ്മർദങ്ങൾക്ക് അടിപ്പെട്ട് പരാജയമനോഭാവത്തോടെ പിന്മാറുവാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു.


പുതിയ തുറമുഖം ആരംഭിച്ച നിഖിൽ അവിടംകൊണ്ടു തന്റെ സ്വപ്നങ്ങൾ അവസാനിപ്പിച്ചില്ല. തുറമുഖത്തോടൊപ്പം ഒരു കപ്പൽനിർമാണശാലകൂടി അദ്ദേഹം സ്വപ്നം കണ്ടു. അതും ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്.

നിഖിലിന്റെ സ്വപ്നങ്ങൾ കപ്പൽ നിർമാണ ശാലയുടെ പ്രവർത്തനത്തോടെ അവസാനിച്ചിട്ടില്ല. രാഷ്ട്രനിർമാണത്തിനു സഹായിക്കുന്ന മറ്റു പല പ്ലാനുകളും പദ്ധതികളും അദ്ദേഹം ഇപ്പോൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്.

നിഖിലിന്റെ മാതൃക നമുക്കു പാഠമാകേണ്ടതാണ്. ഉയർന്ന വിദ്യാഭ്യാസവും ജീവിതസൗകര്യവുമൊക്കെ ഉണ്ടായിട്ടും എത്രയോ പേർ ജീവിതത്തിൽ ഒന്നും ചെയ്യാതെ, അനങ്ങാതെ, ഇരിക്കുന്നു. വച്ചാൽവച്ചിടത്തിരിക്കുന്ന ഇക്കൂട്ടർ സമൂഹനന്മയ്ക്കായി ഒന്നും ചെയ്യുന്നില്ലെങ്കിലും അവർ മറ്റുള്ളവരെ കൊള്ളയടിക്കുകയോ വഞ്ചന കാണിക്കുകയോ ചെയ്യുന്നില്ലല്ലോ എന്നു നമുക്കാശ്വസിക്കാം. എന്നാൽ, നല്ല വിദ്യാഭ്യാസവും കുടുംബപശ്ചാത്തലവുമുള്ള എത്രയോ പേർ തങ്ങൾ വാങ്ങുന്ന ശമ്പളത്തിനുള്ള ജോലി ചെയ്യാതെ മറ്റുള്ളവരുടെ ജീവിതഭാരം കൂട്ടുന്നു. രാഷ്ട്രനിർമാണത്തിനും സമൂഹനന്മയ്ക്കുമായി അവർ ഒന്നും ചെയ്യുന്നില്ല എന്നു മാത്രമല്ല, അഴിമതിയിലൂടെ അവർ മറ്റുള്ളവരെ കൊള്ളയടിക്കുകയും ചെയ്യുന്നു.

ദൈവം നമുക്കു തന്നിരിക്കുന്ന ബുദ്ധിശക്‌തിയും മറ്റു കഴിവുകളും ഉപയോഗിച്ചു നമ്മുടെ ജീവിതം ക്രിയാത്മകമായി കെട്ടിപ്പടുക്കുവാനാണു നാം പരിശ്രമിക്കേണ്ടത്. നിഖിലിനെപ്പോലെയുള്ള ഭാവനാ സമ്പന്നരും അധ്വാനശാലികളും അതാണു ചെയ്യുന്നത്. അവരുടെ ജീവിതവിജയത്തിന്റെ കാരണവും മറ്റൊന്നല്ല.

നമ്മുടെ ജീവിതസാഹചര്യങ്ങൾ എത്ര ചെറുതാണെങ്കിലും നമുക്കും ജീവിതത്തിൽ വലിയ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും എന്നതു മറക്കേണ്ട. അതിനു നാം നമ്മെത്തന്നെ സജ്‌ജരാക്കണമെന്നു മാത്രം.
    
To send your comments, please clickhere