ബാങ്കോക്കിലുമുണ്ട് ഒരു ബാഹുബലി
Wednesday, October 5, 2016 12:17 AM IST
ബാങ്കോക്കിലെ മാഡം തുസാദ്സ് മ്യൂസിയത്തിൽ ഇനി അമരേന്ദ്ര ബാഹുബലിയുടെ പ്രതിമയും. ലോകപ്രശസ്തരുടെ പ്രതിമകൾ ഇടംകണ്ട മാഡം തുസാദ്സിൽ ഇന്ത്യയിൽനിന്ന് ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമയാണു സ്‌ഥാപിച്ചത്. 2017 മാർച്ചിലായിരിക്കും ബാഹുബലി എന്ന സിനിമയിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ പ്രഭാസിന്റെ പ്രതിമ സ്‌ഥാപിക്കുക.

ലോകമെങ്ങുമുള്ള ആരാധകരുടെ അഭ്യർഥനപ്രകാരമാണ് ഇത്തരത്തിലൊരു നീക്കം. ആഗോളതലത്തിൽ ഏറ്റവുമധികം പണംവാരിയ മൂന്നാമത് ഇന്ത്യൻ ചിത്രവും ഇന്ത്യയിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രവുമായ ബാഹുബലിയിൽ (2015) അഭിനയിച്ചതോടെ പ്രഭാസ് ഗൂഗിളിൽ ഏറ്റവുമധികം സേർച്ച് ചെയ്യപ്പെടുന്ന നടന്മാരിൽ ഒരാളായിരുന്നു.

മാഡം തുസാസ്ദ്സിൽനിന്നെത്തിയ കലാകാരന്മാർക്കൊപ്പം ഹൈദരാബാദിൽ പ്രഭാസ് പ്രതിമയ്ക്കായുള്ള ആദ്യ സിറ്റിംഗ് പൂർത്തിയാക്കി. പ്രതിമ നിർമിക്കുന്നതിന്റെ ആദ്യപടിയായി പ്രഭാസിന്റെ 350 ചിത്രങ്ങളും അളവുകളും എടുത്തു.

മാഡം തുസാദ്സിലെ മൂവി റൂമിൽ സ്പൈഡർമാൻ, വൂൾവറിൻ, ജയിംസ് ബോണ്ട്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ താരങ്ങൾക്കൊപ്പം ബാഹുബലിയുടെ വേഷത്തിൽ പ്രഭാസിന്റെ ചിത്രമെടുക്കാൻ മാർച്ച് മുതൽ ആരാധകർക്ക് അവസരം ലഭിക്കും. ബാങ്കോക്കിലെ സിയാം ഡിസ്കവറിയുടെ നാലാം നിലയിലാണ് പ്രതിമ സ്‌ഥാപിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.