‘നോട്ടെഴുത്തു‘ വേണ്ട; പണി പിന്നാലെയുണ്ട്
Thursday, December 1, 2016 8:46 AM IST
പൂർണമായും ഡിജിറ്റൽ യുഗത്തിലേക്കു മാറിയ പുതിയ കാലത്തിൽ എഴുത്തുകൾക്കും സ്‌ഥാനമില്ലാതായിരിക്കുന്നു. പ്രണയ സന്ദേശങ്ങൾ പോലും എഴുതി നൽകുന്ന പതിവ് ഇന്നില്ല. മഷിപ്പാടു പതിഞ്ഞ സന്ദേശങ്ങൾ എങ്ങും കാണാൻ ഇല്ല. എല്ലാം പതിയെ എസ്എംഎസിലേക്കും അവിടെ നിന്നും വാട്സാപ്പിലേക്കും ചേക്കേറി. മാറിയ കാലത്തിലും എഴുത്തിലെ ചില കുരുത്തക്കേടുകൾ ചിലർ ഇപ്പോഴും തുടരന്നുണ്ട്. പക്ഷെ, അതു കടലാസിലല്ല, നോട്ടിലാണെന്നു മാത്രം. അതും മഹാത്മ ഗാന്ധിജിയുടെ ചിത്രം വാട്ടർമാർക്ക് ചെയ്യുന്ന വിൻഡോയിൽ. ആ വെളുത്ത പ്രതലം എഴുതാനുപയോഗിക്കാം എന്നൊരു അബന്ധ ധാരണ പലരും വച്ചു പുലർത്തിയിരുന്നു.

നോട്ട് നോട്ട്പാഡാകുന്നു

നോട്ടിനെ നോട്ട്പാഡാക്കുന്ന ശീലമാണു പലർക്കും. ചിലർ നോട്ട് എണ്ണി തിട്ടപ്പെടുത്തി കെട്ടിലെ ഏറ്റവും മുകളിലിരിക്കുന്ന കറൻസിക്കു മുകളിൽ നോട്ടുകളുടെ എണ്ണമോ ആകെ മൂല്യമോ എഴുതാറുണ്ട്. പ്രണയത്തിന്റെ ദൂത് വാഹകനായും കറൻസിയെ മാറ്റുന്നു. എന്റെ പ്രണയിനിയെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് ലോകത്തെ മുഴുവൻ അറിയിക്കാനായി നോട്ടിൽ എഴുതുന്നവർ മുതൽ നേരിട്ടു പറയാൻ സാധിക്കാത്ത പ്രണയം നോട്ടിൽ എഴുതി എന്നെങ്കിലും പ്രണയിനി ഈ നോട്ട് കണ്ട് തന്റെ പ്രണയം തിരിച്ചറിയും എന്നു കരുതുന്നവരും നാടുമുഴുവൻ സഞ്ചരിക്കുന്ന ഈ കറൻസിയിലൂടെ എന്റെ പേര് അറിയട്ടെ എന്നാഗ്രഹിക്കുന്നവരും വരെ ഒരു രസത്തിന് നോട്ടിൽ എഴുതുന്നവരുമുണ്ട്.

എന്തിനാണു നോട്ടിൽ എഴുതുന്നതെന്ന ചോദ്യത്തിന് ആർക്കും വ്യക്‌തമായ ഉത്തരമില്ല. കറൻസി നിർമിച്ചിരിക്കുന്നത് ഒരിക്കലും നോട്ട്പാഡിന്റെ ഉപയോഗത്തിനല്ലെന്നു ഓർക്കുക.
നോട്ടിൽ



എഴുതാമോ.?

നോട്ടിൽ എഴുതാൻ പാടില്ലെന്നാണ് നിയമം നിഷ്കർഷിക്കുന്നത്. ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949 സെക്ഷൻ 35എ പ്രകാരം കറൻസിയിലോ വാട്ടർമാർക്ക് വിൻഡോയിലോ എഴുതുന്നത് ശിക്ഷാർഹമായ കുറ്റമാണ്. നോട്ട് സ്റ്റാപ്ലെയർ ഉപയോഗിച്ച് പിൻ ചെയ്യാൻ പാടില്ലെന്നും റിസർ ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് സർക്കുലർ വഴി നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു നിയമം നിലവിലുണ്ടായിട്ടും എഴുത്തിന് ഒരു കുറവും ഇല്ല.

എഴുതാൻ പാടില്ലെന്നാണ് നിയമമെന്നു പലർക്കും അറിയാമെങ്കിലും എഴുതുന്നവർക്ക് എന്തു ശിക്ഷ ലഭിക്കുമെന്നതിനെ സംബന്ധിച്ച് ആർക്കും വ്യക്‌തതയില്ല. ശിക്ഷ കഠിനമാണെങ്കിൽ ആ ചിന്ത പലരേയും തെറ്റുകളിൽ നിന്നും പിന്തിരിപ്പിക്കാറുണ്ട്്. ഇവിടെ അങ്ങനെ ഒരു സാഹചര്യമില്ല. ആരും അതിന്റെ പേരിൽ പിടിക്കപ്പെട്ടതായും അറിവില്ല.

എഴുതിയാൽ എന്താണ് കുഴപ്പം?

നോട്ടിൽ എഴുതുന്നത് കുറ്റകരമാണെന്നൊഴിച്ച് എഴുതുന്നതു കൊണ്ട് എന്താണ് കുഴപ്പമെന്നു ആർക്കും അറിയില്ല. ഇത്തതരത്തിൽ എഴുതിയ നോട്ടുകളെ അവ എത്ര പുതിയതാണെങ്കിലും അവയെ ഫോയിൽഡ് കറൻസി അഥവ ഉപയോഗ ശൂന്യമായ നോട്ടുകളായാണ് പരിഗണിക്കുക. ബാങ്കുകൾ ഒരിക്കലും ഇത്തരം നോട്ടുകൾ വിതരണം ചെയ്യാൻ പാടില്ലെന്നാണ് ആർബിഐയുടെ നിർദേശം. പകരം തങ്ങൾക്കു ലഭിക്കുന്ന നോട്ടുകളെ ഫോയിൽഡ് നോട്ടുകളായി കണക്കാക്കി റിസർവ് ബാങ്കിലേക്ക് അയക്കുകയാണ് പതിവ്. റിസർവ് ബാങ്ക് ഫോയിൽഡ് നോട്ടുകൾ നശിപ്പിച്ചു കളയുകയും പകരം പുതിയ നോട്ടുകൾ പ്രിന്റ് ചെയ്തു വിതരണം ചെയ്യുകയും ചെയ്യും.



എന്തു കൊണ്ട് പിടിക്കപ്പെടുന്നില്ല?

എഴുതി കൈമറിഞ്ഞു പോയാൽ ആരെഴുതി എന്നു കണ്ടു പിടിക്കാനാകില്ല എന്നതു തന്നെ കാരണം. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളായിരിക്കും ഇത്തരം നോട്ടുകളുമായി വരുന്നത്. പല കൈമറിഞ്ഞെത്തിയ നോട്ടിന്റെ പേരിൽ അവരെ എങ്ങനെ കുറ്റക്കാരാക്കാൻ കഴിയും. പലപ്പോഴും കുറ്റവാളികൾ പോലും ഇത്തരം മാനുഷിക പരിഗണനയുടെ മറപറ്റി രക്ഷപെടാറുണ്ട്.

ഒരു നോട്ട് പരമാവധി പത്തു വർഷം വരെ ഉപയോഗിക്കാം. എന്നാൽ ഇതുപോലുള്ള പ്രവർത്തികൾ നോട്ടിന്റെ ആയുസുകുറയ്ക്കുകയും പുതിയ നോട്ടുകൾ പ്രിന്റ് ചെയ്യുന്നതിന്റെ ഇടവേള കുറയുകയും ചെയ്യും. ഇതു നമ്മുടെ സാമ്പത്തിക മേഖലയെ ബാധിക്കും. അറിഞ്ഞോ അറിയാതെയോ നമ്മൾ നമ്മുടെ സാമ്പത്തിക മേഖലയെ തകർക്കുന്നതിനു കൂട്ടുനിൽക്കുകയാണ്. ഇതു മനസിലാക്കിയാകണം പുതിയ കറൻസികൾ ഇറങ്ങിയ പശ്ചാത്തലത്തിൽ ഇത്തരത്തിൽ എഴുതിയ കറൻസികൾ ആരും ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കരുതെന്നും ബാങ്കുകളിൽ ഇവ സ്വീകരിക്കില്ലെന്നുമുള്ള തരത്തിൽ വാട്സ് ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ വാർത്തകൾ പ്രചരിച്ചത്.

ഇതിനിടെയാണ് രണ്ടായിരത്തിന്റെ പുതിയ കറൻസിയിൽ ആരോ സ്വന്തം പേരു രേഖപ്പെടുത്തിയതായുള്ള ചിത്രവും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. കറൻസിയുടെ വാട്ടർമാർക്ക് വിൻഡോയിൽ എഴുതാൻ പാടില്ലെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് അയച്ച പുതിയ സർക്കുലറിലും പറയുന്നത്.

ജിൻസ് കെ. ബെന്നി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.