ആ ചുംബനം ഓർമയായി
Monday, September 12, 2016 3:48 AM IST
ഗ്രെറ്റ ഫ്രീഡ്മാൻ, രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ദിവസം പത്രങ്ങളിൽ നിറഞ്ഞുനിന്ന അപൂർവ ചിത്രത്തിലെ സ്ത്രീരൂപം. മുഖം വ്യക്‌തമല്ലാതിരുന്നതിനാലാൽ ആ ചിത്രത്തിലെ യുവതിയെ തിരിച്ചറിയാൻ പതിറ്റാണ്ടുകൾ വേണ്ടിവന്നു. അത് തങ്ങളാണെന്നു പറഞ്ഞ് മാധ്യമങ്ങളുടെ മുന്നിലെത്തിയ കൗശലക്കാർ വിരളമല്ല. എങ്കിലും രണ്ടാം ലോകമഹായുദ്ധം അവസാനിച്ച നാളിൽ (1945 ഓഗസ്റ്റ് 14) ന്യൂയോർക്ക് ടൈംസിൽ വന്ന ആ ചിത്രം ലോകശ്രദ്ധ നേടി. ആൽഫ്രെഡ് ഐസൻസ്റ്റാട്ട് എന്ന ഫോട്ടോഗ്രാഫറുടെ കാമറയിൽ പതിഞ്ഞ ആ ചിത്രം ലോകത്തിനു സമ്മാനിച്ചത് സമാധാനത്തിന്റെ പുതുചിന്തകളായിരുന്നു.

ന്യുമോണിയ ബാധിച്ചാണ് 92 കാരിയായ ഗ്രെറ്റയുടെ മരണമെന്ന് മകൻ അറിയിച്ചു. അമ്മ തങ്ങളോട് പറഞ്ഞ നിരവധി കഥകളിൽ ഒന്നു മാത്രമാണ് ഇതെന്നാണ് ഗ്രെറ്റയെ സംരക്ഷിച്ചിരുന്ന മകൻ ജോഷ്വ പറയുന്നത്.

ജോർജ് ഗാഡോറിസിയും ലോറൻസ് വെറിയയും 2012ൽ പുറത്തിറക്കിയ ദ കിസ്സിംഗ് സെയ്ലർ എന്ന പുസ്തകത്തിലാണ് അന്നത്തെ ആ യുവതി ആരാണെന്ന വെളിപ്പെടുത്തലുണ്ടായത്. ജോർജ് മെൻഡോൻസ എന്ന നാവികനാണ് കപ്പലിറങ്ങവേ ഗ്രെറ്റയെ ചുംബിച്ചത്. യുദ്ധം അവസാനിച്ച സന്തോഷത്തിൽ കപ്പലിറങ്ങിയ താൻ അല്പം മദ്യപിച്ചിരുന്നു. അതിന്റെ ഉന്മാദാവസ്‌ഥയിൽ നഴ്സിനെ കയറിപ്പിടിച്ച് ചുംബിക്കുകയായിരുന്നുവെന്ന് 2012ൽ ജോർജ് സിബിഎസ് ന്യൂസിനു നല്കിയ അഭിമുഖത്തിൽ പറയുകയുണ്ടായി. ഇരുവർക്കും നേരിട്ടു പരിചയംപോലും ഇല്ലായിരുന്നത്രേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.