കുടുംബവഴക്ക് മൂത്തു, ഭർത്താവ് ഭാര്യയെ ഓൺലൈനിൽ വില്പനയ്ക്കുവച്ചു
Friday, September 16, 2016 12:52 AM IST
ഭാര്യയും ഭർത്താവും തമ്മിൽ അല്പസ്വല്പം അസ്വാരസ്യങ്ങളും സൗന്ദര്യപ്പിണക്കങ്ങളും പതിവാണെങ്കിലും ഭാര്യയെ വിൽക്കാൻ ആരും ശ്രമിക്കാറില്ല. എന്നാൽ, ബ്രിട്ടൻ സ്വദേശിയായ സൈമൺ ഒ കെയ്ൻ ചെയ്തത് അത്തരത്തിലൊരു പ്രവൃത്തിയാണ്. ഭാര്യയുമായുള്ള ദൈനംദിന വഴക്കിൽ സഹികെട്ട് അവരെ ഇ–ബേ ഓൺലൈൻ മാർക്കറ്റിൽ വില്പനയ്ക്കു വയ്ക്കുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ 66,000 പൗണ്ടിന്റെ ഓഫർ ലഭിക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സൈമൺ ഇത്തരത്തിലൊരു കടുംകൈ ചെയ്തത്. ടെലികോം എൻജിനിയറായ അയാൾ പഴയ കാറുകളുടെ വിഭാഗത്തിലാണ് ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ ലിയാൻഡ്രയെ വില്പനയ്ക്കു വച്ചത്.

കൂടെ ലിയാൻഡ്രയുടെ സ്വഭാവവിശേഷങ്ങൾകൂടി പോസ്റ്റ് ചെയ്തിരുന്നു. ശരീരത്തിൽ നന്നായി ചിത്രങ്ങൾ വരയ്ക്കാനും അടുക്കളയിലെ ഉപകരണങ്ങൾ കൃത്യമായി പ്രയോഗിക്കാനുമറിയാം. അടുത്ത് ആശുപത്രിയുണ്ടെങ്കിൽ ആരോഗ്യം വീണ്ടെടുക്കാൻ നല്ലതാണെന്നും സൈമൺ പറയുന്നു. യുവാക്കൾക്ക് ആരോഗ്യം മെച്ചപ്പെടുത്താൻ ഇത്തരത്തിലൊരു ഭാര്യ നല്ലതാണ്. എക്സ്ചേഞ്ച് ഓഫർ സ്വീകരിക്കാനും തയാറാണെന്നും സൈമൺ കുറിച്ചു.

സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൻ ഹിറ്റായെങ്കിലും തന്നെ വില്പനയ്ക്കു വച്ച വാർത്ത അറിയാൻ ലിയാൻഡ്ര ഒരു ദിവസം വൈകി. കലി കയറിയ അവർ തന്നെ നാണംകെടുത്തിയ ഭർത്താവിനെ കൊല്ലുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാര്യയുടെ കൂടുതൽ ചിത്രങ്ങൾ അയച്ചു നല്കണമെന്ന് ആവശ്യപ്പെട്ടവരും വിരളമല്ല. ഏതായാലും സൈമണിന് ആശുപത്രിയിൽ കിടക്ക ബുക്ക് ചെയ്യേണ്ടിവന്നത്രേ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.