നാട് വൃത്തിയായി, ഇനി പട്ടിണിമാറ്റൽ; സിക്കിമിനെ കണ്ടുപഠിക്കൂ
Wednesday, September 28, 2016 1:20 AM IST
‘ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം’ എന്നപോലെ സിക്കിമിലെ റോഡുകൾ കണ്ടാലറിയാം വൃത്തിക്ക് അവർ നല്കുന്ന പ്രാധാന്യം. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്‌ഥാനം എന്ന പദവി സ്വന്തമാക്കിയതിനു പിന്നാലെ സംസ്‌ഥാന സർക്കാർ പുതിയ തീരുമാനമെടുത്തു; പട്ടിണി തുടച്ചുനീക്കും. 13 വർഷത്തെ പ്രയത്നംകൊണ്ടാണ് സിക്കിം മാലിന്യരഹിത സംസ്‌ഥാനം എന്ന പദവി നേടിയത്. പൊതുനിരത്തിൽ മൂത്രമൊഴിച്ചാൽ 500 രൂപ! പുകവലിച്ചാൽ 200 രൂപ! ഇങ്ങനെ നിരവധി നിയമങ്ങളും എല്ലാ വീട്ടിലും ശൗചാലയവും ഈ ലക്ഷ്യം നേടാൻ സർക്കാരിനെ സഹായിച്ചു.

സിക്കിമിൽ പ്ലാസ്റ്റിക് നിരോധിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. ടൂറിസ്റ്റുകൾക്കു പോലും പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കാൻ അനുവാദമില്ല. കുടിവെള്ളം ആവശ്യമുള്ളവർക്ക് പൊതുസംവിധാനങ്ങൾ ഉപയോഗിക്കാം.

ഇതിനു പിന്നാലെ ദാരിദ്ര്യ നിർമാർജന പ്രക്രിയയ്ക്കു പ്രാധാന്യം നല്കുകയാണ് സിക്കിം സർക്കാർ. ഇപ്പോൾത്തന്നെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾ എട്ടു ശതമാനത്തിൽ താഴെയാണ്. ഈ സാഹചര്യമാണ് സംസ്‌ഥാനത്തിന് വളർച്ചയ്ക്ക് കൂടുതൽ സാധ്യത കല്പിച്ചുനല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.