അച്ഛൻ മാസാണെങ്കിൽ മകൾ കൊലമാസാണ്
Sunday, November 20, 2016 3:20 AM IST
‘ദ ഗ്രേറ്റ് ഫാദറി’ലെ മമ്മൂട്ടിയുടെ മാസ് ലുക്കിനായി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കി ബാലതാരം അനിഖയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായ സാറ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് അനിഖ അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. സ്കൂൾ യൂണിഫോമിൽ കൈയിൽ തോക്കുമായി സ്കൂൾ വരാന്തയിലൂടെ നടന്നുവരുന്ന സാറയാണ് പോസ്റ്ററിൽ. ചിത്രത്തിന്റേതായി പുറത്തുവന്ന രണ്ടു പോസ്റ്ററിലും മുഖം കാണിച്ചിരുന്നില്ല. മമ്മൂട്ടിയുടെയും ആര്യയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പോസ്റ്ററുകൾ ഇറങ്ങിയത്. ചിത്രം ഒരു മാസ് എന്റർടെയ്നറായിരിക്കുമെന്ന് കരുതുമ്പോഴാണ് പ്രതീക്ഷ വർധിപ്പിച്ച് അനിഘയുടെ ഫസ്റ്റ് ലുക്ക് എത്തിയത്.

ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ, പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്രിസ്മസിന് ചിത്രം തീയറ്ററുകളിലെത്തും.

അച്ഛന്റെയും മകളുടെയും കഥ പറയുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി സ്നേഹയാണ് നായിക. തെന്നിന്ത്യൻ നടൻ ആര്യയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനുരാഗ കരിക്കിൻവെള്ളത്തിനു ശേഷം പൃഥ്വിരാജ് നിർമിക്കുന്ന ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.