നോട്ട് നിരോധനം: തിരികെപ്പോകാൻ വണ്ടിക്കൂലിക്കായി വിദേശികളുടെ തെരുവുസർക്കസ്
Monday, November 28, 2016 12:41 AM IST
രാജസ്‌ഥാനിലെ പ്രസിദ്ധമായ ബ്രഹ്മ ക്ഷേത്രത്തിനുമുന്നിൽ ഒരു സംഘം വിദേശികൾ ചുറ്റും കൂടി ഗാനങ്ങൾ ആലപിക്കുകയും സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യുന്നു. സംഘത്തിലെ ചില സ്ത്രീകൾ അക്രോബാറ്റിക് അഭ്യാസങ്ങൾ കാണിക്കുന്നുമുണ്ട്. ഇതെന്തൊരു കൂത്ത് എന്ന് ആളുകൾ സംശയിച്ചനിന്നപ്പോഴാണ് നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാം എന്ന ബോർഡ് കാണുന്നത്.

അന്വേഷിച്ചപ്പോഴാണ് സംഗതിയുടെ കിടപ്പുവശം മനസിലാകുന്നത്. പ്രസിദ്ധമായ പുഷ്കർ മേള കാണാൻ എത്തിയ വിദേശി സംഘമാണിവർ. കറൻസി റദ്ദാക്കൽ മൂലം കാശില്ലാത്തതിനാൽ നാട്ടിലേക്കു പോകാനുള്ള പണം സ്വരൂപിക്കാനാണ് ഈ തെരുവ് പ്രകടനങ്ങൾ.

നവംബർ എട്ടിനു തുടങ്ങിയ പുഷ്കർ മേള കാണാൻ അത്യാവേശത്തോടെയാണ് ഇവർ എത്തിയത്. അന്നു രാത്രിയാണ് പ്രധാനമന്ത്രി അതിപ്രധാനമായ ആ തീരുമാനം രാജ്യത്തെ ജനങ്ങളെ അറിയിച്ചത്. കൈയിൽ ഉണ്ടായിരുന്ന 100 രൂപ നോട്ടുകൾ കൊണ്ടാണ് ഈ വിദേശസംഘം ഇതുവരെ കഴിഞ്ഞത്. ഇനി നാട്ടിലേക്ക് മടങ്ങി പോകാൻ നിവൃത്തിയില്ല. എടിഎമ്മുകൾ എല്ലാംതന്നെ കാലിയായതിനാൽ അക്കൗണ്ടിൽനിന്നു പണമെടുക്കാനും നിർവാഹമില്ല.

ഈ അവസ്‌ഥയിൽ ഡൽഹി വരെ എങ്ങയെങ്കിലും എത്തി എംബസി അധികൃതരുടെ സഹായം തേടുകയാണ് ഇവർക്കു മുന്നിലുള്ള ഏക മാർഗം. ഡൽഹി വരെ എത്തുന്നതിനുള്ള പണം സ്വരൂപിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഈ വിദേശി സംഘം. എന്തായാലും വിദേശത്തുനിന്ന് ഉല്ലാസയാത്രയ്ക്കെത്തിയ ഇവരെ തെരുവിൽ അഭ്യാസം നടത്തുന്നവരാക്കിയ പ്രധാനമന്തിയോട് ഇവർക്കു പെരുത്ത് നന്ദിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.