ഒബാമയോ, അതൊരു മീനിന്റെ പേരല്ലേ...?
Wednesday, September 7, 2016 12:18 AM IST
അമേരിക്കൻ പ്രസിഡന്റിന്റെ പേര് ഇനി മത്സ്യത്തിനും. പസഫിക് സമുദ്രത്തിൽനിന്ന് പുതുതായി കണ്ടെത്തിയ മത്സ്യത്തിനാണ് അമേരിക്കൻ പ്രസിഡന്റിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരു നല്കിയത്. ക്യുരെ അറ്റോളിൽ ജലാശയത്തിൽ 300 അടി താഴ്ചയിലാണ് ഇവയെ കണ്ടെത്തിയത്. സമുദ്രത്തിലെ വർണമത്സ്യങ്ങളുടെ ഗണത്തിൽപ്പെടുന്ന ഇവയുടെ മുതുചിറകിലെ വർണവ്യത്യാസം അനുസരിച്ചാണ് ലിംഗനിർണയം നടത്തുന്നത്. ആൺമത്സ്യങ്ങളുടെ മുതുചിറകിൽ വട്ടത്തിലുള്ള ചുവപ്പു പൊട്ടുകളാണുള്ളത്.

പസഫിക് സമുദ്രത്തിന്റെ പ്രത്യേക ഭാഗത്ത് മാത്രമാണ് ഇവയുടെ ആവാസം. ഈ ഭാഗത്ത് വംശനാശഭീഷണി നേരിടുന്നവയുൾപ്പെടെ 7000 ഇനം ജീവിജാലങ്ങളുണ്ട്. ടോസനോയിഡ് ഗണത്തിൽപ്പെട്ടതാണ് ഈ മത്സ്യം. പസഫിക് സമുദ്രത്തിൽ അമേരിക്കയുടെ സംരക്ഷണയിലുള്ള ഏറ്റവും വലിയ ജലാശയമാണിത്. അതിനാലാണ് പ്രസിഡന്റിന്റെ പേര് മത്സ്യത്തിനു നല്കിയതെന്നാണ് സമുദ്ര ഗവേഷകനായ റിച്ചാർഡ് പൈലിന്റെ ഭാഷ്യം. ഏതായാലും അതിസുന്ദരമായ ഒരു മത്സ്യഗണത്തിന് തന്റെ പേരു നല്കിയതിൽ തെല്ലൊന്നുമല്ല അമേരിക്കൻ പ്രസിഡന്റിന്റെ സന്തോഷം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.