വേണമെങ്കിൽ പണം മരത്തിലും കായ്ക്കും!
Wednesday, September 28, 2016 1:44 AM IST
വീട്ടിൽ പണം കായ്ക്കുന്ന മരമുണ്ടോ എന്നു ചോദിക്കാത്തവർ വിരളമായിരിക്കും. നാം തമാശയായി ചോദിച്ചാലും കർണാടകയിൽ ഇത് അല്പം കാര്യമാണ്. കാരണം, അവിടെ മരത്തൈകൾ തന്നെയാണ് പണം. സംസ്‌ഥാനത്ത് മരത്തൈകൾ വച്ചുപിടിപ്പിക്കുന്നവർക്ക് പ്രത്യേക പാരിതോഷികമാണ് സർക്കാർ നല്കുന്നത്.

വച്ചുപിടിപ്പിക്കുന്ന മരങ്ങൾക്കുമുണ്ട് പ്രത്യേകത. തേക്ക്, ആര്യവേപ്പ്, കരിവേല, ചന്ദനമരം തുടങ്ങിയവ വച്ചുപിടിപ്പിക്കുന്നതിനാണ് പാരിതോഷികം. ഈ മരങ്ങൾക്ക് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ കൂടിയ അളവിൽ ആഗിരണം ചെയ്യാൻ കഴിവുള്ളതുകൊണ്ടാണ് പദ്ധതിയിൽ ഇവ ഉൾപ്പെടുത്തിയത്. ഡിസംബറിൽ നടക്കുന്ന കർണാടക സർക്കാരിന്റെ ശീതകാല സമ്മേളനത്തിൽ ഇതു സംബന്ധിച്ച ബിൽ പാസാക്കിയേക്കും.

ഏതായാലും ചില ജില്ലകളിൽ ഇതു നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. വിജയമാണെങ്കിൽ മറ്റു ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കും. സംസ്‌ഥാനത്തെ വനവിസ്തൃതി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഈ നടപടിക്ക് വലിയ പ്രാധാന്യമാണു നല്കുന്നത്. ഒരു സംസ്‌ഥാനത്തിനു വേണ്ട വനഭാഗം 33 ശതമാനമാണ്. ഇതു പ്രാവർത്തികമാക്കാനാണ് കർണാടകയുടെ ശ്രമം.

പദ്ധതിയനുസരിച്ച് ചുരുങ്ങിയത് ഒരു വർഷമെങ്കിലും നടുന്നയാൾതന്നെ തൈ പരിപാലിക്കണം. ഏതിനം തൈ ആണെന്നും അതിന്റെ വളർച്ച എങ്ങനെയുണ്ടെന്നും വിലയിരുത്തിയാണ് പാരിതോഷികം നല്കുക.
ഒരു ഹെക്ടറിൽ പരമാവധി 200 മരങ്ങളാണ് നടാവുന്നത്. പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഈ നിബന്ധന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.