കുവായി ദ്വീപിൽ കറങ്ങണമെങ്കിൽ ഇവരുടെ കൂട്ടുവേണം
Thursday, September 29, 2016 3:13 AM IST
ഒരിക്കലെങ്കിലും ഹവായി ദ്വീപുകൾ സന്ദർശിച്ചിട്ടുള്ളവർക്ക് അവിടംവിട്ടു പോരാൻ തോന്നുകയില്ല. അത്ര മനോഹരമാണ് അവിടുത്തെ ജീവിതം. വിനോദസഞ്ചാരികളുടെ പറുദീസയായ ഹവായിയൻ ദ്വീപുകളിൽ നായക്കുട്ടികൾക്ക് എന്താണ് പ്രാധാന്യമെന്നു ചോദിച്ചാൽ അതിനുത്തരം നൽകുന്നത് കുവായി ഹ്യൂമൻ സൊസൈറ്റി എന്ന സംഘടനയായിരിക്കും.

ഹവായിലെ ഒരു കുഞ്ഞുദ്വീപാണ് കുവായി. ഇവിടം സന്ദർശിക്കുന്നവർ തങ്ങളുടെ ജീവിതത്തിലെ ഒരു യക്ഷിക്കഥ യാഥാർഥ്യമാവുന്നതിന്റെ ത്രില്ലിലായിരിക്കും മടങ്ങിപ്പോവുക. കാരണം, ഇവിടെ പലതും മറ്റുള്ളിടത്ത് കേട്ടുകേഴ്വി പോലുമില്ലാത്ത കാര്യങ്ങളാണ്. വിനോദ സഞ്ചാരത്തിനായി എത്തുന്നവർക്ക് ഒരു ദിവസ ത്തേക്ക് ഒരു നായയെ ദത്തെടുക്കാനുള്ള അവസരമാണ് കുവായി ഹ്യൂമൻ സൊസൈറ്റി(കെഎച്ച്എസ്) ഒരുക്കുന്നത്.

വിനോദ സഞ്ചാരികൾ പോകുന്ന ബീച്ച്, നഴ്സിംഗ് ഹോമുകൾ, സ്കൂളുകൾ, ലൈബ്രറികൾ എന്നിവയുൾപ്പെടെ എല്ലായിടങ്ങളിലും മക്കളെപ്പോലെ നായകളെയും കൊണ്ടുപോവാം. നായകളെ ദത്തെടുക്കുന്നതിനാവട്ടെ നയാപ്പൈസ ചെലവുമില്ല.

മനുഷ്യരുമായി ഇടപെടുന്നതും സ്നേഹബന്ധം പുലർത്തുന്നതും നായകളെ കൂടുതൽ ബുദ്ധിമാന്മാരാക്കുമെന്നാണ് കെഎച്ച്എസ് പറയുന്നത്. മാത്രമല്ല സാഹസിക കാര്യങ്ങൾ ചെയ്യുന്നത്് ഇഷ്‌ടപ്പെടുന്ന നായ്ക്കൾ തങ്ങളുടെ യജമാനന്മാരുടെ സുരക്ഷയേക്കുറിച്ച് കൂടുതൽ ബോധവാന്മാരുമാകുമെന്നും അവർ കരുതുന്നു.

ഇനി യാത്രയിൽ നായകളും നിങ്ങളും തമ്മിൽ അഗാധമായ ഹൃദയബന്ധം ഉടലെടുത്താൽ നിങ്ങൾക്ക് ആ നായയെ എന്നന്നേക്കുമായി സ്വന്തമാക്കാനും കഴിയും. നായയുമായി നിങ്ങളുടെ നാട്ടിലേക്കു പറക്കാൻ വേണ്ട സഹായങ്ങൾ കെഎച്ച്എസ് ചെയ്തുതരും.

നിങ്ങൾക്ക് നായയെ വീട്ടിലേക്കു കൊണ്ടുപോകാൻ താത്പര്യമില്ലെങ്കിൽ “എന്നെ ദത്തെടുക്കൂ”എന്ന ഭാവത്തിൽ നായ നമ്മുടെ മുമ്പിൽ നടക്കുമെന്നും സൊസൈറ്റി അധികൃതർ പറയുന്നു. നായകൾക്കൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നതുവഴി ഇവരെ ദത്തെടുക്കാൻ കൂടുതൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് സൊസൈറ്റി അധികൃതർ.

ഏകദിന യാത്രയ്ക്കിടയിൽ ഏതെങ്കിലും നായ തിരിച്ച് സൊസൈറ്റിയിൽ എത്തിയാൽ അതിനർഥം പോയവർക്കൊപ്പം അവൻ ഒട്ടും സന്തോഷവാനായിരുന്നില്ല എന്നാണെന്നും സൊസൈറ്റി അധികൃതർ പറയുന്നു. എന്തായാലും പല നായ്ക്കളും ഏകദിന ടൂറിനുശേഷം കടൽ കടക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.