കളഞ്ഞതല്ല, സുരക്ഷിതമായിരിക്കാനാണ് അവാര്ഡ് ചാക്കിൽ കെട്ടിവച്ചത്: രേണു സുധി
Thursday, July 10, 2025 11:16 AM IST
അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിക്കു ലഭിച്ച പുരസ്കാരങ്ങളും മെമന്റോകളും ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വച്ചെന്ന ആരോപണത്തിൽ മറുപടിയുമായി രേണു സുധി. മകൻ എടുത്തു നശിപ്പിക്കാതിരിക്കാനാണ് പുരസ്കാരങ്ങൾ ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വച്ചതെന്ന് രേണു പറഞ്ഞു.
തന്റെ പുരസ്കാരങ്ങൾ മകൻ എടുത്താലും കുഴപ്പമില്ല, സുധിയുടേത് നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടില്ലല്ലോ എന്നുകരുതിയാണ് നശിക്കാതിരിക്കാൻ ചാക്കിൽ സൂക്ഷിച്ചു വച്ചതെന്നും ജെഎന്എ എന്റർടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ രേണു വ്യക്തമാക്കി.
‘‘മകൻ ചെറിയ കുഞ്ഞാണ്. അവൻ സുധി ചേട്ടന്റെ അവാർഡ് ഒക്കെ എടുത്തു കളിക്കും. എന്റെ അവാർഡുകൾ അവൻ എടുത്തു കളിച്ചു ഒടിഞ്ഞുപോയാൽ കുഴപ്പമില്ല. പക്ഷേ, സുധി ചേട്ടൻ ഇത്രയും നാൾ വാങ്ങിയ അവാർഡ് അവൻ അങ്ങോട്ടും ഇങ്ങോട്ടും എടുത്ത് ഒടിച്ച് കളഞ്ഞാൽ, അത് നമുക്ക് പിന്നീട് ഒരിക്കലും ഉണ്ടാക്കാൻ പറ്റില്ല.
അതുകൊണ്ട് അവാർഡുകൾ ഞാൻ എടുത്ത് സൂക്ഷിച്ച് വച്ചതാണ്. കുഞ്ഞ് കാണാതെ ചാക്കിൽ വച്ച് പാത്തുവച്ചതാണ് ഞാൻ. എന്നെ അറിയാവുന്നവർക്ക് ഞാൻ ചെയ്തത് മനസിലാകും. വീട്ടിൽ ഇപ്പോൾ ട്രോഫി വയ്ക്കാനുള്ള സംവിധാനങ്ങളൊന്നുമില്ല.
സുധി ചേട്ടന്റേത് കട്ടിലിനടിയിലും എന്റേത് മേശപ്പുറത്തും വയ്ക്കാമെന്ന് ചിന്തിച്ച് ചെയ്തതല്ല. എന്റേത് ഞാൻ വാങ്ങിക്കൊണ്ടു വന്നപ്പോൾ മേശപ്പുറത്തോട്ട് വച്ചതാണ്. അല്ലാതെ സുധി ചേട്ടന്റെ അവാർഡ് മാത്രം എടുത്തു കളഞ്ഞതല്ല.
സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്. ചേച്ചിയുടെ മക്കൾ കൂടി വരുമ്പോൾ ഇവർ ഞാൻ അറിയാതെ ഫോൺ അടക്കം എടുത്ത് കളിക്കും. ഒരു ദിവസം ഞാൻ ചെന്നപ്പോൾ സുധി ചേട്ടന്റെ ഫോട്ടോയിൽ കുഞ്ഞുങ്ങൾ പൊട്ടൊക്കെ വച്ച് കണ്ണെഴുതിയിരിക്കുന്നു. അച്ഛനെ ഒരുക്കിയതാണ് എന്നാണ് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത്.
അങ്ങനെ ചെയ്യരുതെന്ന് പിന്നീട് ഞാൻ പറഞ്ഞ് കൊടുക്കുകയാണ് ചെയ്തത്. ചെറിയ പ്രായമല്ലേ. അഞ്ച് വയസ് ആയതേയുള്ളു അവന്. സുധിച്ചേട്ടനെ ഞാൻ കളഞ്ഞിട്ടില്ല പിന്നെ എങ്ങനെയാണ് അവാർഡ് കളയുന്നത്?
വീട്ടിൽ ഇനി ഇതെല്ലം സൂക്ഷിച്ചു വയ്ക്കാൻ ഉള്ള സൗകര്യം ഒക്കെ ഉണ്ടാക്കണം, എന്നിട്ട് ഇതെല്ലാം അതിൽ എടുത്തു വയ്ക്കണം. എന്നെ നെഗറ്റീവ് പറയാൻ കാത്തിരിക്കുന്ന ആളുകൾ എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുകയാണ്.
അവസാനം കിട്ടിയ അവാർഡ് പോലും പൊടിഞ്ഞ അവസ്ഥയിൽ ആയിരുന്നു. അപകടം നടന്ന സമയത്ത് പുരണ്ട രക്തക്കറ പോലും മായ്ക്കാതെ വച്ചിട്ടുണ്ട് അതിൽ, ഒന്നും ഉപേക്ഷിച്ചിട്ടില്ല. എല്ലാം സുരക്ഷിതമായി വച്ചതാണ്.
കാര്യം അറിയാതെ ആളുകൾ ഓരോന്ന് പറഞ്ഞുണ്ടാക്കുമ്പോൾ സങ്കടം ആണ്. ആ പെർഫ്യൂം ഞാൻ മാറ്റിവച്ചതും അതുകൊണ്ടാണ്. കുപ്പി ആണ്, അവൻ എടുത്തു പൊട്ടിച്ചാൽ അതും നഷ്ടമാകില്ലേ’’രേണു പറയുന്നു.
സുധിയുടെ മൂത്ത മകൻ കിച്ചു അടുത്തിടെ അനുജനെ സന്ദർശിക്കാൻ പോയപ്പോൾ എടുത്ത വീഡിയോയിലാണ് സുധിക്കു കിട്ടിയ പുരസ്കാരങ്ങൾ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ രീതിയിൽ കാണാനാകുന്നത്.
നിരവധി പേരാണ് ഇതുകണ്ട് രേണുവിനെതിരെ വിമർശനവുമായി എത്തിയത്. സുധിയുടെ പേരിൽ കിട്ടിയ വീട്ടിൽ സുധി എന്ന അനശ്വര കലാകാരന് കിട്ടിയ പുരസ്കാരങ്ങൾ ഒരു വിലയും കൊടുക്കാതെ മൂലയ്ക്ക് കൂട്ടി ഇട്ടിരിക്കുന്നു എന്നതായിരുന്നു വിമർശനം.