മികച്ച അധ്യാപകർക്ക് അവാർഡുകൾ സമ്മാനിച്ചു
തൃശൂർ: കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്ത നാൾ മുതൽ കോവിഡിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിൽ സർക്കാരിനൊപ്പം ആരോഗ്യ സർവകലാശാല നിലകൊണ്ടിട്ടുണ്ടെന്നു വൈസ് ചാൻസലർ പ്രഫ. ഡോ. മോഹനൻ കുന്നുമ്മൽ. സർവകലാശാലയുടെ പതിനൊന്നാമതു സ്ഥാപകദിനാഘോഷത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ പ്ലാനിംഗ് ബോർഡ് അംഗവും കോവിഡ് പ്രതിരോധ വിദഗ്ധസമിതി ചെയർമാനുമായ ഡോ. ബി. ഇക്ബാലിന്റെ "കോവിഡ് സാധാരണം, അസാധാരണം, നവസാധാരണം’ എന്ന വിഷയത്തെ ആസ്പദമാക്കി വീഡിയോ പ്രസംഗമുണ്ടായിരുന്നു.
ബെസ്റ്റ് ടീച്ചർ അവാർഡിന് ഈ വർഷം അർഹരായവർക്കു വൈസ് ചാൻസലർ പ്രഫ. ഡോ. മോഹനൻ കുന്നുമ്മൽ അവാർഡ് സമ്മാനിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ഡോ. കെ.ജി. സജിത്ത് കുമാർ(മെഡിസിൻ), തിരുവനതപുരം ഗവ. ആയുർവേദ മെഡിക്കൽ കോളജിലെ ഡോ. എസ്.ഗോപകുമാർ (ആയുർവേദം), കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിലെ ഡോ. ബീനാ ദാസ് (ഹോമിയോപ്പതി), തിരുവനന്തപുരം ഗവ. ഡെന്റൽ കോളജിലെ ഡോ. കെ. ഹർഷകുമാർ(ഡെന്റൽ), മലപ്പുറം മിംസ് കോളജ് ഓഫ് നഴ്സിംഗിലെ ഡോ. സി.എച്ച്. ഷെജില (നഴ്സിംഗ്), പെരിന്തൽമണ്ണ അൽ ഷിഫ കോളജ് ഓഫ് ഫാർമസിയിലെ ഡോ. അരുണ്‍ റഷീദ് (ഫാർമസ്യൂട്ടിക്കൽ സയൻസസ്), അങ്കമാലി എസ്എംഇ. സിപിഎഎസിലെ സുബിൻ ചുങ്കത്ത്(അലൈഡ് ഹെൽത്ത് സയൻസസ്) എന്നിവരാണ് ഈ വർഷത്തെ ബെസ്റ്റ് ടീച്ചർ അവാർഡിന് അർഹരായത്.
പ്രൊ വൈസ് ചാൻസലർ പ്രഫ. ഡോ. സി.പി. വിജയൻ, രജിസ്ട്രാർ പ്രഫ. ഡോ. എ. കെ. മനോജ് കുമാർ, പരീക്ഷാ കണ്ട്രോളർ പ്രഫ. ഡോ. എസ്. അനിൽ കുമാർ, അക്കാദമിക് ഡീൻ ഡോ. വി.വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.