കൊച്ചി: ചമ്പക്കര ഗവ. മഹിളാമന്ദിരത്തില്‍നിന്നു മൂന്നു പെണ്‍കുട്ടികള്‍ ചാടിപ്പോയ സംഭവത്തില്‍ മരട് പോലീസിനു വീഴ്ച പറ്റിയതായി മഹിളാ മന്ദിരം സൂപ്രണ്ട് ബീന. പെണ്‍കുട്ടികളെ ഉടന്‍ കണ്ടെത്താനുള്ള തെളിവുകള്‍ നല്‍കിയിട്ടും പോലീസ് വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ മാധ്യമങ്ങളെ അറിയിക്കുകയാണ് ചെയ്തെന്ന് അവര്‍ കുറ്റപ്പെടുത്തി.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് പെണ്‍കുട്ടികള്‍ മഹിളാമന്ദിരത്തില്‍നിന്നു ചാടിപ്പോയത്. ടെറസില്‍നിന്നു സാരികെട്ടി താഴെ ഇറങ്ങിയാണ് ഇവര്‍ രക്ഷപ്പെട്ടത്. പെണ്‍കുട്ടികളെ കാണാതായതു മഹിളാമന്ദിരം അധികൃതര്‍ അറിഞ്ഞത് പുലര്‍ച്ചെ നാലേ മുക്കാലോടെയാണ്. ഉടന്‍തന്നെ മരട് പോലീസില്‍ പരാതി നല്‍കിയതായി സൂപ്രണ്ട് പറഞ്ഞു.
എന്നാല്‍, ആറോടെയാണ് പോലീസ് എത്തിയത്. മഹിളാ മന്ദിരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പറഞ്ഞെങ്കിലും പോലീസ് അതിനു തയാറായില്ല. പുറത്തും സിസിടിവി ഉണ്ടായിരുന്നു. വൈറ്റില ഹബിലെ സിസിടിവി വഴി അറിയാമെന്നു പറഞ്ഞിട്ടും പോലീസ് അതിനു തയാറായില്ലെന്നു ബീന പറഞ്ഞു.
തുടര്‍ന്ന് മഹിളാമന്ദിരത്തില്‍ ഉണ്ടായിരുന്ന രണ്ടു ജീവനക്കാരെ മൊഴിയെടുക്കാന്‍ എന്നു പറഞ്ഞു സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടു 11.30 വരെ ഇരുത്തിയിട്ടാണ് മൊഴിയെടുത്തു വിട്ടത്. വീണ്ടും ഉച്ചയ്ക്കു മൂന്നിന് പോലീസ് എത്തി ജീവനക്കാരുടെ മൊഴിയെടുത്തു.
മരട് സ്റ്റേഷനില്‍ പരാതി നല്കിയപ്പോള് മൂന്നു പെണ്‍കുട്ടികളുടെയും ഫോട്ടോ പോലീസിനു കൈമാറിയിരുന്നു. എന്നാല്‍, പോലീസ് ഈ ഫോട്ടോ മാധ്യമങ്ങള്‍ക്കു കൈമാറിയതോടെ അതു സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ആ ഫോട്ടോയ്ക്കു കീഴില്‍ പെണ്‍കുട്ടികളെക്കുറിച്ച് അശ്ലീല പ്രതികരണങ്ങള്‍ വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ചാടിപ്പോയ പെണ്‍കുട്ടികളില്‍ രണ്ടു പേർ കോഴിക്കോട് ചെന്നിട്ടു മഹിളാമന്ദിരം സൂപ്രണ്ടിനെ ഫോണില്‍ ബന്ധപ്പെടുകയാണുണ്ടായത്.
അവിടെ നില്ക്കാന് കഴിയാത്തതിനാല്‍ പോന്നുവെന്നും സഹോദരിയുടെ കോഴിക്കോട്ടെ വീട്ടില്‍ ഉണ്ടെന്നും അവരുടെ സഹോദരിയുടെ ഭര്‍ത്താവ് സൂപ്രണ്ടുമായി സംസാരിച്ചുവെന്നും ബീന പറഞ്ഞു. ബീന തന്നെയാണ് ഇവര്‍ കോഴിക്കോട് ഉണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് ഒന്നുകൂടി ജാഗ്രത കാണിച്ചിരുന്നുവെങ്കില്‍ പെണ്‍കുട്ടികളെ ഏറെ വൈകാതെ കണ്ടുപിടിക്കാനാകുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. കോൽക്കത്തക്കാരിയായ പെണ്‍കുട്ടി കടന്നു കളയാന്‍ സാധ്യതയുണ്ടെന്ന കാര്യവും പോലീസിനെ അറിയിച്ചിരുന്നു.
മഹിളാമന്ദിരത്തില്‍നിന്ന് കൊടുത്ത വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാനാണ് പോലീസ് താല്പര്യം കാണിച്ചതെന്ന് അവര്‍ കുറ്റപ്പെടുത്തി. അതേസമയം കോഴിക്കോട് കണ്ടെത്തിയ പെണ്‍കുട്ടികളെ പോലീസ് കോടതിയില്‍ ഹാജരാക്കി മഹിളാമന്ദിരത്തിലേക്കു തിരിച്ചെത്തിച്ചിരുന്നു. അതില്‍ ഒരാളെ ബന്ധു വന്നു കൂട്ടിക്കൊണ്ടുപോയി.
മറ്റൊരാളുടെ അച്ഛനുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ തിരികെ കൊണ്ടുപോകാന്‍ താല്പര്യം കാണിച്ചെന്നില്ലെന്നും ബീന പറഞ്ഞു. ഇനി കിട്ടാനുള്ള കോൽക്കത്തക്കാരിയായ പെണ്‍കുട്ടിക്കായി അന്വേഷണം നടക്കുന്നുണ്ടെന്നു മരട് പോലീസ് പറഞ്ഞു.