ശബരിമലയിലെ അക്രമസമരം സുപ്രീം കോടതി വിധിക്കെതിരെന്ന് ഹൈക്കോടതി
കൊച്ചി: യുവതി പ്രവേശനത്തിനെതിരായി ശബരിമലയിൽ നടന്ന അക്രമസമരങ്ങൾ സുപ്രീം കോടതി വിധിക്കെതിരെന്ന് ഹൈക്കോടതി. ന്യായീകരിക്കാനാവാത്ത അക്രമസമരങ്ങളാണ് ശബരിമലയിൽ അരങ്ങേറിയതെന്ന് അറസ്റ്റിലായവരുടെ ജാമ്യ ഹർജി പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചു.

തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസുദനൻ സമർപ്പിച്ച ജാമ്യഹർജി കോടതി തള്ളുകയും ചെയ്തു. ജാമ്യം അനുവദിക്കുന്നത് ഇനിയും ഇത്തരം അക്രമ സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കും. മധുസുദനെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നും കോടതി നിരീക്ഷിച്ചു.