മോദി സിനിമ തെരഞ്ഞെടുപ്പിന് മുൻപ് വേണ്ടെന്ന് സുപ്രീംകോടതിയും
ന്യൂഡൽഹി: പി.എം.മോദി സിനിമ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രദർശിപ്പിക്കാൻ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം സിനിമ റിലീസ് ചെയ്താൽ മതിയെന്ന നിലപാട് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് കമ്മീഷന്‍റെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തെ സിനിമയുടെ റിലീസ് തടഞ്ഞ കമ്മീഷന്‍റെ നടപടിക്കെതിരേ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടത്. സിനിമ കണ്ട ശേഷം കമ്മീഷനോട് തീരുമാനമെടുക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ സിനിമ കണ്ട ശേഷം റിലീസ് വേണ്ടെന്ന നിലപാട് കോടതിയെ അറിയിച്ചത്.