സുഡാൻ ആഭ്യന്തര കലാപം; വെടിവയ്പിൽ മലയാളി കൊല്ലപ്പെട്ടു
Sunday, April 16, 2023 9:37 PM IST
വെബ് ഡെസ്ക്
ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായിരിക്കുന്ന സുഡാനിൽ വെടിവയ്പിൽ മലയാളി കൊല്ലപ്പെട്ടു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. വിമുക്തഭടൻ കൂടിയായ ആൽബർട്ട് ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു.

ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആൽബർട്ടിന് വെടിയേറ്റതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദേശിച്ചിരുന്നു.

സുഡാനില്‍ സൈന്യവും അര്‍ധസൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണ്. പ്രസിഡന്‍റിന്‍റെ കൊട്ടാരം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ്(ആര്‍എസ്എഫ്) അവകാശപ്പെട്ടു. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിനും സൈനിക ആസ്ഥാനത്തിനും ചുറ്റും കനത്ത പോരാട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഖാർത്തൂം, മർവ, അൽ-അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതായി ആർഎസ്എഫ് പ്രസ്താവനയിൽ അവകാശപ്പെടുകയും തുടർന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.

അതേസമയം, സൈന്യവും അർദ്ധസൈനികരും തമ്മിൽ പൊട്ടിപ്പുറപ്പെട്ട രൂക്ഷമായ ഏറ്റുമുട്ടലിൽ നിന്ന് സൗദി വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരുമായി ഖാർത്തും വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് പറന്നുയരാൻ തയാറെടുത്ത എയർബസ് എ 330 സൗദി യാത്രാ വിമാനത്തിന് വെടിയേറ്റു. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക