പാലാ രൂപത മിഷനറി സംഗമം 10ന് പ്രവിത്താനത്ത്
Wednesday, May 7, 2025 2:08 AM IST
പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ രൂപതയില്‍നിന്നുള്ള മിഷനറിമാരുടെ സംഗമം പത്തിന് പ്രവിത്താനം മാര്‍ ആഗസ്തിനോസ് ഫൊറോന പള്ളിയില്‍ നടക്കും.
രൂപതാംഗങ്ങളായ സന്യാസിനിമാരും 2700ലേറെ സന്യാസ സഹോദരങ്ങളും രൂപതാംഗങ്ങളായ മുപ്പതിലധികം മെത്രാന്മാരും സ്വദേശത്തും വിദേശത്തുമായി ശുശ്രൂഷ ചെയ്യുന്ന പാലാ രൂപതാംഗങ്ങളായ മിഷനറിമാരും പാലാ രൂപതയ്ക്കുള്ളില്‍ ശുശ്രൂഷ ചെയ്യുന്ന രൂപതാംഗങ്ങളായ എല്ലാ വൈദികരും സിസ്റ്റേഴ്സും വിവിധ സന്യാസ സമൂഹങ്ങളില്‍പ്പെട്ട വൈദികരും സന്യസ്തരും ഉള്‍പ്പെടെ 4000ത്തിലേറെ പേര് മിഷനറി സംഗമത്തില്‍ ഒത്തുചേരുമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ എട്ടിന് രജിസ്ട്രേഷന് ആരംഭിക്കും. 9.15നു വിശുദ്ധ കുര്‍ബാനയ്ക്ക് ഒരുക്കമായുള്ള പ്രദക്ഷിണം. തുടര്‍ന്ന് 9.30നു വിശുദ്ധ കുര്‍ബാന. 14 മെത്രാന്മാര് പങ്കെടുക്കും. 11.15 ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ മെത്രാന്മാരും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ ജനപ്രതിനിധികളും വിവിധ സന്യാസസമൂഹങ്ങളുടെ സുപ്പീരിയര്‍ ജനറല്‍, പ്രോവിന്ഷ്യല് സുപ്പിരിയര്മാര് എന്നിവരും പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നിന് സ്നേഹവിരുന്നുണ്ടാകും.
പ്രവിത്താനം സ്കൂളിന്റെ മുന്‍വശത്തായും ഓഡിറ്റോറിയത്തിന്റെ വശങ്ങളിലും പള്ളിയുടെ പിൻഭാഗത്തായും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. ജോര്‍ജ് വേളുപ്പറമ്പില്‍, ഫാ. ആന്റണി കൊല്ലിയില്‍, ഫാ. തോമസ് പുതുപ്പറമ്പില്‍, സിസ്റ്റര്‍ ഡെയ്സി ചൊവ്വേലിക്കുടിയില്‍, ടി.ടി. മൈക്കിള്‍, ഫാ. ജോര്‍ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഫാ. ജോസഫ് പൊയ്യാനി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.