സ്കൂൾ കലാ കായിക മത്സരങ്ങൾ ശനിയാഴ്ചകളിലേക്ക് മാറ്റണമെന്നു ശിപാർശ
Thursday, May 8, 2025 5:52 AM IST
തിരുവനന്തപുരം: സ്കൂളുകളിലെ കലാ-കായിക മത്സരങ്ങൾ ശനിയാഴ്ചകളിലേക്ക് മാറ്റണമെന്നു ശിപാർശ. പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതിയുടേതാണ് ശിപാർശ.
25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള നീക്കത്തിനെ വിദഗ്ധ സമിതി എതിർത്തു. കഴിഞ്ഞ വർഷം ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കാനുള്ള ശ്രമം നടന്നപ്പോൾ പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പുതിയ ശിപാർശ പ്രകാരം യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ആഴ്ചയിൽ ആറു പ്രവൃത്തിദിനം വരാത്തവിധത്തിൽ മാസത്തിൽ ഒരു ശനിയാഴ്ച മാത്രമേ പ്രവൃത്തിദിനമാക്കാനാവൂ. ആഴ്ചയിൽ ഒരു അവധിദിനം വന്നാൽ ആ ആഴ്ചയിലെ ശനിയാഴ്ച പ്രവൃത്തിദിനമാക്കാം. എന്നാൽ മാസത്തിൽ പരമാവധി ഒരു ശനിയാഴ്ച മാത്രമേ പ്രവൃത്തിദിനം ആക്കാവൂ. എൽപി വിഭാഗത്തിനു ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടതില്ലെന്നും ഹൈസ്കൂൾ വിഭാഗത്തിൽ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ നിലവിലെ അധ്യയനസമയം ഓരോ ദിവസവും അരമണിക്കൂർ വീതം വർധിപ്പിക്കാമെന്നും ശിപാർശ ചെയ്യുന്നു.