കോര്‍പറേറ്റുകളുടെ വരവോടെ സിനിമയ്ക്ക് മൂല്യച്യുതി സംഭവിച്ചു: ഗിരീഷ് കാസറവള്ളി
Friday, May 23, 2025 11:58 PM IST
കൊച്ചി: കോര്‍പറേറ്റുകള്‍ നിര്മാതാക്കളായതോടെ സിനിമയ്ക്കു വലിയ മൂല്യച്യുതി സംഭവിച്ചെന്ന് പ്രമുഖ കന്നട സിനിമാ പ്രവര്ത്തകന് ഗിരീഷ് കാസറവള്ളി.
സിനിമയുടെ ഉള്ളടക്കം അവര്‍ പറയുന്ന തരത്തില്‍ രൂപപ്പെടുത്താന്‍ സംവിധായകന് നിര്‍ബന്ധിതനാകുന്നു. ഹോളിവുഡ് പോലും ഏകാധിപത്യത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെയെല്ലാം അതിജീവിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ സാങ്കേതികത്വം നിരവധി മാറ്റങ്ങള്‍ക്കു വിധേയമായെന്നും ഗിരീഷ് കാസറവള്ളിയുടെ മകളും സിനിമാപ്രവര്‍ത്തകയുമായ അനന്യ കാസറവള്ളിയും അഭിപ്രായപ്പെട്ടു. എറണാകുളം പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ഓരോ പത്തു വര്‍ഷത്തിലും സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും ചെറിയ ബജറ്റിലാണു നല്ല സിനിമകള്‍ ഉണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.