വന്യജീവി ആക്രമണ പ്രതിരോധത്തിന് ഒപ്പമുണ്ടാകും: ശ്രേഷ്ഠ കാതോലിക്ക ബാവ
Sunday, May 25, 2025 1:26 AM IST
തിരുവാങ്കുളം: സംസ്ഥാനത്തെ വനാതിര്‍ത്തി മേഖലയില്‍ താമസിക്കുന്ന കര്‍ഷകര്‍ അടക്കമുള്ള ജനങ്ങളുടെ കൂടെ എക്കാലവും സഹായവുമായി മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ ഉണ്ടാകുമെന്ന് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവ.
സന്ദര്‍ശിക്കാനെത്തിയ കേരള പഞ്ചായത്ത് പ്രസിഡന്റേഴ്സ് അസോസിയേഷന് എറണാകുളം ജില്ലാ പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന് നായര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ്, വാരപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്ത് മെമ്പര്‍ ഷജി ജെസി, അരുണ്‍ അയ്യപ്പന് എന്നിവരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനാതിര്‍ത്തിയില്‍നിന്നും 50 മീറ്റര്‍ ഉള്ളിൽ ട്രഞ്ചുകള്‍ സ്ഥാപിക്കുകയും കനം കൂടിയ കമ്പിവേലി കോണ്‍ക്രീറ്റില്‍ സ്ഥാപിക്കുകയുമാണ് ശ്വാശ്വത പരിഹാരമെന്ന് ബാവ പറഞ്ഞു.
ഈ വിഷയത്തില്‍ വനാതിര്‍ത്തി മേഖലയിലെ തദ്ദേശഭരണ സ്ഥാപന മേധാവികളുമായി ചേര്‍ന്ന് വനം മന്ത്രിയെയും ഫോറസ്റ്റ് മേലുദ്യോഗസ്ഥരെയും സമീപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബാവ പറഞ്ഞു.